05:48pm 12 November 2026
NEWS
എജ്യുക്കേഷൻ സിറ്റി കളർ റൺ:രജിസ്ട്രേഷൻ ആരംഭിച്ചു
19/01/2026  11:18 AM IST
nila
എജ്യുക്കേഷൻ സിറ്റി കളർ റൺ:രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: നാഷണൽ സ്‌പോർട്സ് ഡേ 2026-ന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ (QF) എജ്യുക്കേഷൻ സിറ്റിയിൽ സംഘടിപ്പിക്കുന്ന വിവിധ കായിക–ആരോഗ്യ പ്രവർത്തനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 10-ന് രാവിലെ 7 മുതൽ 3 വരെ നടക്കുന്ന പരിപാടികൾ എല്ലാ പ്രായക്കാർക്കും അനുയോജ്യമായവയാണ്.ഈ വർഷം എജ്യുക്കേഷൻ സിറ്റി റൺ പുതുമയാർന്ന രൂപത്തിൽ ‘എജ്യുക്കേഷൻ സിറ്റി കളർ റൺ’ എന്ന പേരിലാണ് അരങ്ങേറുന്നത്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിനരികിലൂടെ നടക്കുന്ന ഈ മത്സരത്തിൽ വർണ്ണപ്പൊടികളുടെ ആവേശത്തോടെ കായികവും വിനോദവും ഒന്നിക്കുന്നു.
പങ്കെടുക്കുന്നവർക്ക് 10 കിലോമീറ്റർ, 5 കിലോമീറ്റർ, 2.5 കിലോമീറ്റർ ദൂരം (വയസ്സുകാർക്ക്) അല്ലെങ്കിൽ കുട്ടികൾക്കായി 800 മീറ്റർ റേസ് തിരഞ്ഞെടുക്കാം. രജിസ്ട്രേഷൻ: https://link.qf.org.qa/nsd-run
ഖത്തർ ഫൗണ്ടേഷന്റെ നാഷണൽ സ്‌പോർട്സ് ഡേ പരിപാടികളുടെ സ്ട്രാറ്റജിക് പാർട്ണറായ വോൾക്‌സ്‌വാഗൺ മിഡിൽ ഈസ്റ്റ്, വനിതകളും പെൺകുട്ടികളും ഉൾപ്പെടുന്ന ഫുട്ബോൾ ഇനിഷ്യേറ്റീവിന്റെ അഞ്ചാം പതിപ്പിന്റെയും ഫൈനലിന്റെയും ഓഫീഷ്യൽ മൊബിലിറ്റി പാർട്ണറുമാണ്.
ഫൈനൽ മത്സരങ്ങൾ രാവിലെ 9 മുതൽ 11.30 വരെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് 12 മുതൽ 1 വരെ സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേക റേസ് സ്റ്റേഡിയത്തിൽ നടക്കും.
വിമൺസ് ഫിറ്റ്നസ് ചാലഞ്ച് നാലാം പതിപ്പും എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കും. ദി റണ്ണിംഗ് ക്ലബ് രൂപകൽപ്പന ചെയ്ത ഹൈ-എനർജി ഒബ്സ്റ്റാക്കിൾ കോഴ്സിൽ 200 ടീമുകൾ വരെ പങ്കെടുക്കും. ഓരോ ടീമിലും രണ്ട് പേർ വീതമാണ്. രജിസ്ട്രേഷൻ: https://link.qf.org.qa/nsd-fit
Creating Pathways Program മുഖേന 12–16 വയസ്സുള്ള പെൺകുട്ടികൾക്ക് ട്രാക്ക് ആൻഡ് ഫീൽഡ്, ഫെൻസിംഗ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾ പരിചയപ്പെടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സെഷനുകൾ ദീർഘകാല കായിക പങ്കാളിത്തം ലക്ഷ്യമിടുന്നതാണ്.
സമൂഹാരോഗ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ആരോഗ്യ സംവാദങ്ങളും വിദഗ്ധ ചർച്ചകളും നാഷണൽ സ്‌പോർട്സ് ഡേയിൽ നടക്കും. ഗട്ട് ഹെൽത്ത്, സുസ്ഥിര ബയോഹാക്കിംഗ്, ഡിജിറ്റൽ കാലഘട്ടത്തിലെ ആരോഗ്യവിവരങ്ങളുടെ തെറ്റായ പ്രചരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
സ്ത്രീകൾക്കായി മാത്രം നടത്തുന്ന സെഷനുകളിൽ ഗർഭകാലം, മാതൃത്വം, ഹോർമോണുകൾ, ഫെർട്ടിലിറ്റി എന്നിവയെക്കുറിച്ചും വിശദമായി സംസാരിക്കും.
ഓക്സിജൻ പാർക്കിൽ ഒരുക്കുന്ന പ്രത്യേക ഫാമിലി സോൺ കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും സജീവവുമായ വിനോദാവസരങ്ങൾ നൽകും.
സുസ്ഥിരതയുടെ ഭാഗമായും, നാഷണൽ സ്‌പോർട്സ് ഡേ ദിനത്തിൽ എജ്യുക്കേഷൻ സിറ്റി ‘കാർ-ഫ്രീ’ സോണായിരിക്കും. സന്ദർശകർ അൽ ഷഖാബ്, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഓക്സിജൻ പാർക്ക് പാർക്കിങ്ങുകളിൽ വാഹനം പാർക്ക് ചെയ്ത് എജ്യുക്കേഷൻ സിറ്റി ട്രാം അല്ലെങ്കിൽ നടന്നു പരിപാടികളിലേക്ക് എത്തണമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.
ASICS, Pocari Sweat എന്നീ ബ്രാൻഡുകളും ഈ വർഷത്തെ നാഷണൽ സ്‌പോർട്സ് ഡേ ആഘോഷങ്ങളിൽ ഖത്തർ ഫൗണ്ടേഷനൊപ്പം പങ്കുചേരുന്നു.
2012 മുതൽ ആചരിച്ചുവരുന്ന നാഷണൽ സ്‌പോർട്സ് ഡേ, കായികം സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img