
ദോഹ: ഭൂകമ്പ സാധ്യതകളെക്കുറിച്ചും ദുരന്ത നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണം ശക്തമാക്കുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (QRCS) നേതൃത്വത്തിൽ മേഖലയിലെ കമ്മ്യൂണിക്കേഷൻ ശിൽപശാല സംഘടിപ്പിച്ചു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC), ജാപ്പനീസ് റെഡ് ക്രോസ് എന്നിവയുടെ സഹകരണത്തോടെ "ടൂളുകളിൽ നിന്ന് നടപ്പാക്കലിലേക്ക്" (From Tools to Implementation) എന്ന പ്രമേയത്തിലാണ് രണ്ടുദിവസത്തെ വർക്ക്‌ഷോപ്പ് നടന്നത്.
മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്കൻ (MENA) മേഖലകളിലെ ദേശീയ സൊസൈറ്റികളിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധരാണ് പരിപാടിയിൽ പങ്കെടുത്തത്. ദുരന്തസാധ്യത കുറയ്ക്കുന്നതിനും പ്രാദേശിക തലത്തിൽ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനും ശിൽപശാല ലക്ഷ്യമിടുന്നു.ഭൂകമ്പ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച ആശയവിനിമയ പാക്കേജുകൾ പ്രാദേശികമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയാണ് ശിൽപശാല അവസാനിച്ചത്.










