
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്നലെ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (ആർആർടി) ലൈൻ പദ്ധതിയും വിവാദമാകുന്നു. ആർആർടി പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാടുമായി മെട്രോമാൻ ഇ. ശ്രീധരൻ രംഗത്തെത്തി. ആർആർടി ലൈൻ പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാർ താനുമായി ചർച്ച നടത്തിയില്ലെന്നും ഒരു വാർത്താചാനലിനോട് പ്രതികരിക്കവെ ഇ ശ്രീധരൻ പറഞ്ഞു.
ആർആർടി ലൈൻ എന്നത് ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള റെയിൽ സംവിധാനമാണെന്നും, അതുകൊണ്ടുതന്നെ അതിവേഗ യാത്ര സാധ്യമാകില്ലെന്നും ശ്രീധരൻ വിശദീകരിക്കുന്നു. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കണക്കിലെടുക്കുമ്പോൾ കേരളത്തിന് അനുയോജ്യം അതിവേഗ റെയിൽ അല്ലെങ്കിൽ സെമി-ഹൈസ്പീഡ് സംവിധാനമാണെന്നും, ആർആർടി ഈ ആവശ്യങ്ങൾ നിറവേറ്റില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ആർആർടി ലൈൻ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് കൂടുതൽ പ്രയോജനകരമാകുമെന്ന് താൻ നിർദേശിച്ച ബദൽ അതിവേഗ റെയിൽ പാതയെ പൂർണമായി ഒഴിവാക്കിയാണു സർക്കാർ ഈ തീരുമാനമെടുത്തതെന്നും ശ്രീധരൻ വിമർശിച്ചു. കേന്ദ്ര സർക്കാർ ബദൽ അതിവേഗ പാത സംബന്ധിച്ച നിർണായക പ്രഖ്യാപനം ഉടൻ നടത്തുമെന്ന വിവരം തനിക്ക് ലഭിച്ചിരുന്നുവെന്നും, 15 ദിവസത്തിനകം അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം, തിരുവനന്തപുരം മുതൽ കാസർകോട് വരെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 583 കിലോമീറ്റർ നീളമുള്ള പാത നാലു ഘട്ടങ്ങളായി നിർമിക്കാനാണ് തീരുമാനം. ദീർഘദൂര യാത്രകൾ വേഗത്തിലാക്കാനും റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സഹകരണം അനിവാര്യമായതിനാൽ, സംസ്ഥാനത്തിന്റെ താൽപര്യം ഔപചാരികമായി അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് കത്ത് അയക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ, പദ്ധതി സാമ്പത്തികമായും സാങ്കേതികമായും സാധുതയുള്ളതാണോയെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഇ. ശ്രീധരന്റെ വിമർശനം പൊതു ചർച്ചയാകുന്നത്.
ആർആർടി ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തമ്മിലുള്ള ഈ വ്യത്യാസം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയവും നയപരവുമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.











