
കാലിഫോർണിയ: മദ്യപിച്ച് ലക്കുകെട്ട് ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. 35 വയസ്സുള്ള സിമ്രൻജിത് സിങ്ങാണ് പൊലീസിന്റെ പിടിയിലായത്.
2025 നവംബർ 27-ന് പുലർച്ചെയാണ് യുവതി ലൈംഗികപീഡനത്തിനിരയായത്. കാമറില്ലോ നഗരത്തിലെ ഓക്സ് ബാറിൽ നിന്നാണ് 21 വയസ്സുള്ള യുവതി വീട്ടിലേക്ക് പോകുന്നതിനായി ടാക്സിയിൽ കയറിയത്. യാത്രയ്ക്കിടെ യുവതി അബോധാവസ്ഥയിലായപ്പോൾ, ആ അവസരം മുതലെടുത്ത് ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതി പരാതി നൽകിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഡിസംബർ 15-നാണ് സിമ്രൻജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.











