08:42pm 18 May 2026
NEWS
വെണ്മണി മാർത്തോമാ സ്കൂളിന് ഇരട്ടിമധുരം; നാല് ജോഡി ഇരട്ടക്കുട്ടികൾക്കും ഉന്നതവിജയം
17/05/2026  08:16 PM IST
nila
വെണ്മണി മാർത്തോമാ സ്കൂളിന് ഇരട്ടിമധുരം; നാല് ജോഡി ഇരട്ടക്കുട്ടികൾക്കും ഉന്നതവിജയം


​ചെങ്ങന്നൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ വെണ്മണി മാർത്തോമാ ഹൈസ്കൂളിന് ഇത് ചരിത്ര നിമിഷം. വിദ്യാലയത്തിൽ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ നാല് ജോഡി ഇരട്ടക്കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കി നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായി മാറി.
​അലൈന - അൽ അമീൻ, ആശംസ - അനന്യ, ജിഷ്ണു - ജിത്തു, നിരഞ്ജൻ - നിവേദ് എന്നീ ഇരട്ട സഹോദരങ്ങളാണ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. പഠന നിലവാരത്തിൽ ഏറെ മുന്നിലായിരുന്ന ഈ വിദ്യാർഥികളെല്ലാം മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. ഇതിൽ ജിത്തു, ജിഷ്ണു എന്നിവർ ആറ് എ പ്ലസുകൾ വീതം നേടിയത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു.
​ഒരേ ക്ലാസിൽ മൂന്ന് ജോഡികൾ
​ഈ അപൂർവ്വ പ്രതിഭകളിൽ മൂന്ന് ജോഡി കുട്ടികളും പത്ത് ബി ഡിവിഷനിലാണ് ഒന്നിച്ച് പഠിച്ചിരുന്നത്. ഒരു ജോടി കുട്ടികൾ പത്ത് ഡി ഡിവിഷനിലാണ്. ക്ലാസ് മുറികളിലും പഠനത്തിലും ഒപ്പത്തിനൊപ്പം സഞ്ചരിച്ച ഈ സഹോദരങ്ങൾ തുടർപഠനത്തിലും ഒരേ വിഷയങ്ങൾ തന്നെ തിരഞ്ഞെടുത്ത് ഒരുമിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

​അലൈന, അൽ അമീൻ: കൊല്ലകടവ് അൽ അമീൻ മൻസിലിൽ ജീജോ കെ. ഹമീദ് - ഷഫീന ദമ്പതികളുടെ മക്കൾ.
​ആശംസ, അനന്യ: കൊഴുവല്ലൂർ മുകളേത്ത് വടക്കേതിൽ മനോജ് കുമാർ - കവിത ദമ്പതികളുടെ മക്കൾ.
​ജിഷ്ണു, ജിത്തു: വെണ്മണി കൊച്ചു കിഴക്കേതിൽ രാജേഷ് കുമാർ - ലേഖ കുമാരി ദമ്പതികളുടെ മക്കൾ.
​നിരഞ്ജൻ, നിവേദ്: വെണ്മണി മോഡി പറമ്പിൽ രഞ്ജിത്ത് - ശാലിനി ദമ്പതികളുടെ മക്കൾ.
​തികഞ്ഞ ശാന്തതയും അച്ചടക്കവും മുതൽക്കൂട്ടാക്കിയാണ് ഈ കുട്ടികൾ പത്താം ക്ലാസ് വരെ എത്തിയതെന്ന് ഹെഡ്മാസ്റ്റർ സജി അലക്സ് പറഞ്ഞു. ഇവരിൽ മൂന്ന് ജോടി ഇരട്ടകളുടെ ക്ലാസ് ടീച്ചർ സൂസൻ കുര്യൻ ആണ്. ജിത്തു, ജിഷ്ണു എന്നിവരുടെ ക്ലാസ് ടീച്ചർ സ്റ്റാഫ് സെക്രട്ടറി കൂടിയായ ജോൺ കെ. മാത്യു ആണ്.
​ഇത്തവണ 154 കുട്ടികളാണ് ഇവിടെ നിന്നും എസ്എസ്എൽസി പരീക്ഷ എഴുതിയത്. മുഴുവൻ വിദ്യാർഥികളും വിജയിച്ചതോടെ വിദ്യാലയത്തിന് നൂറു ശതമാനം വിജയത്തിന്റെ തിളക്കവുമുണ്ട്. ഒരേ സ്കൂളിൽ നിന്ന് ഒരേസമയം നാല് ജോഡി ഇരട്ടകൾ ഉന്നതവിജയം നേടിയത് വെണ്മണി മാർത്തോമാ സ്കൂളിന്റെ ചരിത്രത്തിൽ സുവർണനേട്ടമായി. എല്ലാ വിദ്യാർഥികളുടെയും  അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് സ്കൂളിനു ഇരട്ടിമധുരം ലഭിച്ചതെന്ന്  ഹെഡ്മാസ്റ്റർ സജി അലക്സ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img