01:56pm 17 October 2026
NEWS
ഡോം ഖത്തറിന്റെ മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി
17/10/2026  01:17 PM IST
nila
ഡോം ഖത്തറിന്റെ മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി

 

മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തർ ) സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി. ഒക്ടോബർ 16 ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ചടങ്ങ് ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി നിരവധി പേർ പ്ലേറ്റ്ലെറ്റ് ദാനം ചെയ്തു.

ചടങ്ങിൽ ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മഷൂദ് ആശംസകൾ നേർന്നു. കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ചെയർമാൻ നൗഫൽ കട്ടുപാറ സ്വാഗതവും ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഡോം ഖത്തർ എന്നും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് പ്രസിഡന്റ് ഉസ്മാൻ കല്ലൻ പറഞ്ഞു. കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ ചികിത്സയിലും രക്തസ്രാവം നിയന്ത്രിക്കുന്നതിലും പ്ലേറ്റ്ലെറ്റുകൾക്ക് നിർണായക പങ്കുണ്ടെന്നും അതിനാൽ പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്നും ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പയിൻ ഏറെ ഫലപ്രദമാകുമെന്ന പ്രതീക്ഷയും ഭാരവാഹികൾ പങ്കുവെച്ചു.

ഡിസംബർ 11-ന് എച്ച്എംസിയിൽ നടക്കുന്ന വിപുലമായ രക്തദാന ക്യാമ്പോടെ മൂന്ന് മാസം നീളുന്ന ഈ ക്യാമ്പയിൻ സമാപിക്കും. ഇതിനിടയിൽ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന, പ്ലേറ്റ്ലെറ്റ് ദാന പരിപാടികൾ സംഘടിപ്പിക്കാനും ഡോം ഖത്തർ പദ്ധതിയിട്ടുണ്ടെന്ന് സീനിയർ വൈസ് പ്രസിഡന്റ് സി.കെ അബ്ദുൽ അസീസ് അറിയിച്ചു.   ഇൻഡസ്ട്രിയൽ ഏരിയ, തുമാമ, അൽകോർ, മിസൈദ് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രക്തദാനത്തിലൂടെയും പ്ലേറ്റ്ലെറ്റ് ദാനത്തിലൂടെയും ജീവൻ രക്ഷിക്കാനുള്ള ഈ കൂട്ടായ്മയിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് ഡോം ഖത്തർ അഭ്യർഥിച്ചു. ഡോ. ഷഫീഖ് താപ്പി മമ്പാട്, സുരേഷ് ബാബു പണിക്കർ, നിയാസ് കൈപ്പേങ്ങൽ, അനീസ്‌ കെ.ടി, വസീം അബ്ദുൽ റസാഖ്, നിസാർ ചെട്ടിപ്പടി, നൗഫൽ എംപി, രജീഷ് ഹംസ, നിഷാദ് കള്ളിയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img