06:26am 12 November 2026
NEWS
ദോഹഅന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
15/05/2026  12:09 PM IST
nila
ദോഹഅന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

ദോഹ:ലോകമെമ്പടുമുള്ളഅക്ഷരസ്നേഹികളെ വരവേൽക്കാൻ ദോഹ ഒരുങ്ങി. 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.മെയ് 23 വരെ നീളുന്ന ഈ സാംസ്കാരിക മാമാങ്കത്തിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 520 പ്രസാധകരാണ് അണിനിരക്കുന്നത്. വൈവിധ്യമാർന്ന വായനാനുഭവം പകരുന്ന 910 ബൂത്തുകളാൽ സമൃദ്ധമാണ് ഇത്തവണത്തെ പ്രദർശന നഗരി. സാംസ്കാരിക മന്ത്രാലയത്തിന്റെയും വിവിധ സർക്കാർ-സാംസ്കാരിക സ്ഥാപനങ്ങളുടെയും അപൂർവ്വമായ കയ്യെഴുത്തുപ്രതികളും പുത്തൻ പ്രസിദ്ധീകരണങ്ങളും മേളയുടെ മാറ്റ് കൂട്ടുന്നു.
ഉദ്ഘാടനത്തിന് ശേഷം സ്റ്റാളുകൾ സന്ദർശിച്ച പ്രധാനമന്ത്രി, ഖത്തരി പ്രസാധകരുടെയും അന്താരാഷ്ട്ര പ്രസാധകരുടെയും ശേഖരങ്ങൾ വിലയിരുത്തി. മേളയിലെ ഇത്തവണത്തെ മുഖ്യാതിഥിയായ 'ദിസ് ഈസ് ഖത്തർ' (This is Qatar) എന്ന സവിശേഷ പുസ്തക പദ്ധതിയുടെ ലോഞ്ചിംഗും അദ്ദേഹം നിർവ്വഹിച്ചു.
​ശൈഖുമാർ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. വായനയുടെ പുതിയ ലോകം തേടിയെത്തുന്നവർക്കായി വിജ്ഞാനവും വിനോദവും പങ്കുവെക്കുന്ന നിരവധി പരിപാടികളാണ് വരും ദിവസങ്ങളിൽ മേളയിൽ ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img