
ദോഹ:വളർന്നുവരുന്ന പ്രാദേശിക കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി 'സ്ക്രീൻ ഇന്റർനാഷണൽ' (Screen International) പത്താം വർഷത്തിലേക്ക് കടക്കവേ, 'ദോഹ സിനിമാറ്റിക് ഫെസ്റ്റിവൽ 2026' ആദ്യമായി 'ഉദിച്ചുയരുന്ന അറബ് താരങ്ങൾ' എന്ന സംരംഭം അവതരിപ്പിച്ചു. ഈ പുരസ്കാരത്തിന്റെ പ്രഥമ പതിപ്പിൽ നാദിയ അൽ-ഖാത്തിർ, അഫാൻ ജമാൽ, മർവാൻ വലീദ്, ലീന മലായ്ക എന്നീ സർഗ്ഗാത്മക പ്രതിഭകളെ ആദരിച്ചു.
അന്താരാഷ്ട്ര ഹ്രസ്വചിത്ര മത്സര വിഭാഗത്തിൽ 'കൽ-ശിഹാബ്' എന്ന ഹ്രസ്വചിത്രവുമായി പങ്കെടുക്കുന്ന സംവിധായിക നാദിയ അൽ-ഖാത്തിർ, അറബ് ചലച്ചിത്ര നിർമ്മാതാക്കൾ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് സംസാരിച്ചു. ബാഹ്യമായ വെല്ലുവിളികളെ നേരിടേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.
99-ാമത് ഓസ്കാർ പുരസ്കാരത്തിലേക്ക് ഇറാഖിന്റെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കപ്പെടുന്ന 'ലാ ജന്നത ലിമൻ തഖ്തുലുഹു ഇംറഅഃ' എന്ന യുദ്ധചിത്രത്തിൽ 'പേഷ്മർഗ' സ്നൈപ്പറായി വേഷമിടുന്ന കുർദിഷ്-ഇറാഖി നടി അഫാൻ ജമാൽ, തങ്ങളുടെ സമൂഹത്തിന്റെ കഥകൾ വെള്ളിത്തിരയിൽ എത്തിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി. പ്രണയം, പ്രത്യാശ, കുടുംബം, അതിജീവനം തുടങ്ങിയ വികാരങ്ങൾ ഏറെ പ്രാധാന്യമുള്ളതാണെന്നും തങ്ങളുടെ കഥകൾ ആധികാരികമായി അവതരിപ്പിച്ച് ലോകവുമായി പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ 'ഖുറൂജ് ആമിൻ' എന്ന സിനിമയിലെ നായകനായ ഈജിപ്ഷ്യൻ നടൻ മർവാൻ വലീദ്, ദോഹ സിനിമാറ്റിക് ഫെസ്റ്റിവലിനെയും, സജീവമായ അന്തരീക്ഷത്തിൽ നിരവധി പേരെ കണ്ടുമുട്ടാനും ബന്ധങ്ങൾ സ്ഥാപിക്കാനും ലഭിച്ച അവസരത്തെയും പ്രശംസിച്ചു.
സംവിധായികയും ക്രിയേറ്റീവ് ഡയറക്ടറും എഴുത്തുകാരിയും സാംസ്കാരിക കൺസൾട്ടന്റുമായ സൗദി സ്വദേശിനി ലീന മലായ്ക, തങ്ങളുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നതിലുള്ള അഭിമാനവും പങ്കുവെച്ചു.










