
മലയാളിയുടെ ഊണുമേശയിൽ ഇന്നും സുപ്രധാനമായ വിഭവമാണ് സാമ്പാർ. എന്നാൽ രുചിക്കപ്പുറം ഈ ജനപ്രിയ വിഭവത്തിന് മാരകമായ കുടൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ പലരും നെറ്റിചുളിച്ചേക്കാം. എന്നാൽ ആഗോള മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചില കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത് നമ്മുടെ ഈ നാടൻ കറിയിലേക്കാണ്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുടൽക്യാൻസർ നിരക്ക് വളരെ കുറഞ്ഞുനിൽക്കുന്നതിന് പിന്നിലെ രഹസ്യം തേടിയുള്ള യാത്ര ചെന്നെത്തുന്നത് നമ്മുടെ പരമ്പരാഗത ഭക്ഷണശീലങ്ങളിലാണ്.
വാർത്തകളിൽ നിറഞ്ഞ ആ അമേരിക്കൻ പഠനം!
കുടൽക്യാൻസർ തടയാൻ സാമ്പാറിന് കഴിയുമെന്ന തരത്തിൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് എന്ന പേരിൽ അടുത്തിടെ ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്റെ യഥാർത്ഥ വസ്തുത മറ്റൊന്നാണ്. ഇത് വിദേശത്ത് നടന്ന പഠനമല്ല, മറിച്ച് നമ്മുടെ ഇന്ത്യയിലെ പ്രശസ്തമായ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പരീക്ഷണമായിരുന്നു.
ലബോറട്ടറിയിലെ എലികളിൽ നടത്തിയ ഈ പഠനത്തിന്റെ ഫലങ്ങൾ അമേരിക്കൻ നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ 'പബ്‌മെഡ്' പോലുള്ള അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് ഒരു 'അമേരിക്കൻ പഠനമായി' തെറ്റായി പ്രചരിച്ചത്.
2016 ലാണ് അമേരിക്കൽ ജെർണലിൽ ഈ വാർത്ത ആദ്യം വരുന്നത്. ക്യാൻസറിന് കാരണമാകുന്ന വിഷാംശങ്ങൾ ഉള്ളിൽച്ചെന്ന എലികൾക്ക് കൃത്യമായ അളവിൽ സാമ്പാർ നൽകിയപ്പോൾ, അവരിൽ ക്യാൻസർ കോശങ്ങളുടെ വളർച്ച ഗണ്യമായി കുറയുന്നതായി മണിപ്പാലിലെ ഗവേഷകർ കണ്ടെത്തി.
മസാലകളുടെ മാന്ത്രികത
സാമ്പാർ വെറുമൊരു കറിയല്ല, മറിച്ച് കൃത്യമായ അളവിൽ ചേരുവകൾ ചേർത്ത ഒരു ഔഷധക്കൂട്ടാണ്. അതിലുപയോഗിക്കുന്ന ഓരോ മസാലയ്ക്കും ക്യാൻസറിനെ ചെറുക്കാനുള്ള തനതായ ശേഷിയുണ്ടെന്ന് ശാസ്ത്രം സമ്മതിക്കുന്നു. സാമ്പാറിലെ പ്രധാനിയായ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർകുമിൻ' എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിൽ മുൻപന്തിയിലാണ്. ഇതിനൊപ്പം ചേരുന്ന കായം, ഉലുവ, ജീരകം എന്നിവ കുടലിലെ വീക്കങ്ങളെയും അണുബാധകളെയും പ്രതിരോധിക്കുമ്പോൾ, മല്ലിയും കുരുമുളകും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്ന മികച്ച ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. പുളിയിലെ ടാർടാറിക് ആസിഡ് കുടലിലെ ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു.
പാശ്ചാത്യരും നമ്മളും തമ്മിലുള്ള വ്യത്യാസം
വിദേശരാജ്യങ്ങളിൽ കുടൽ ക്യാൻസർ നിരക്ക് വർദ്ധിക്കാൻ പ്രധാന കാരണം നാരുകൾ തീരെയില്ലാത്ത അവരുടെ ഭക്ഷണരീതിയാണ്. മൈദ, സോസേജും ബേക്കണും പോലുള്ള പ്രൊസസ്ഡ് മീറ്റുകൾ, ചുവന്ന ഇറച്ചി എന്നിവയുടെ അമിത ഉപയോഗം കുടൽ ക്യാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ഇവിടെയാണ് ദക്ഷിണേന്ത്യൻ ഭക്ഷണശൈലി ഒരു വലിയ പ്രതിരോധ കവചമാകുന്നത്. സാമ്പാറിലും തോരനിലും അവിയലിലും നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളും പരിപ്പുവർഗ്ഗങ്ങളും ഉയർന്ന തോതിൽ നാരുകൾ അടങ്ങിയതാണ്. ഇത് കുടലിനെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. മലം കുടലിലൂടെ വേഗത്തിൽ നീങ്ങുമ്പോൾ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾക്ക് കുടൽഭിത്തികളിൽ ദീർഘനേരം നിൽക്കാൻ സാധിക്കാതെ വരുന്നു.
ദഹനാരോഗ്യവും തമിഴ് ശൈലിയും
ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ഭക്ഷണരീതി പരിശോധിച്ചാൽ തൈരിന്റെയോ മോരിന്റെയോ സാന്നിധ്യം ഒഴിവാക്കാനാകാത്തതാണ്. ഇതിലടങ്ങിയിരിക്കുന്ന 'പ്രൊബയോട്ടിക്‌സ്' അഥവാ ഗുണകരമായ ബാക്ടീരിയകൾ കുടലിന്റെ ആരോഗ്യത്തെ ഇരട്ടിയായി സംരക്ഷിക്കുന്നു. അതുപോലെ ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന് ഒട്ടും ഭാരമാകാതെ എളുപ്പം ദഹിക്കുന്നവയാണ്.
എലികളിൽ നടത്തിയ ഈ പ്രാഥമിക പഠനം മനുഷ്യരിലും പൂർണ്ണമായി ഫലപ്രദമാകണമെങ്കിൽ പച്ചക്കറികളും മസാലകളും നിറഞ്ഞ നമ്മുടെ ഈ പാരമ്പര്യശൈലി നമ്മൾ മുറുകെ പിടിക്കണം. എന്നാൽ ദൗർഭാഗ്യവശാൽ, അടുത്ത കാലത്തായി നമ്മുടെ നാട്ടിലും ഫാസ്റ്റ് ഫുഡ് സംസ്‌കാരവും പാക്കറ്റ് ഭക്ഷണങ്ങളും പടർന്നുപിടിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നമ്മുടെ യുവതലമുറയിലും കുടൽ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആധുനിക പാശ്ചാത്യ ഭക്ഷണങ്ങളിലേക്ക് ചേക്കേറുന്നതിന് മുൻപ്, നമ്മുടെ പൂർവ്വികർ പകർന്നുതന്ന അടുക്കളയിലെ ഈ അമൃതിനെ ഈ വെജിറ്റബിൾ സൂപ്പിനെ നെഞ്ചോട് ചേർക്കാൻ നമ്മൾ തയ്യാറാകണം. ദിവസവും ഊണിനൊപ്പം ആവോളം സാമ്പാറും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് കേവലം നാവിന്റെ രുചിക്ക് മാത്രമല്ല, നമ്മുടെ ആയുസ്സിനും കുടലിന്റെ ആരോഗ്യത്തിനും നൽകുന്ന ഏറ്റവും വലിയ ഉറപ്പാണ്.










