07:28am 10 November 2026
NEWS

വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടാലുള്ള ആ അത്ഭുതത്തിന് പിന്നിലെ കാരണം അറിയാമോ?

29/06/2025  08:05 PM IST
nila
 വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടാലുള്ള ആ അത്ഭുതത്തിന് പിന്നിലെ കാരണം അറിയാമോ?

ഒരു ​ഗ്ലാസ് വെള്ളം, ഫ്ലാഷ് ലൈറ്റ് തെളിയിച്ച ഒരു മൊബൈൽ ഫോൺ, ഒരു ടീസ്പൂൺ മഞ്ഞൾപൊടി.. ഇത്രയുമുണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾക്കും സൈബറിടത്തിൽ താരമാകാം എന്നതാണ് കഴിഞ്ഞ ഒരാഴ്ച്ചയായി നാം കാണുന്നത്. ഫ്ളാഷ് ലൈറ്റ് ഓൺ ചെയ്ത ഫോണിന്റെ പുറത്ത് കുപ്പി​ഗ്ലാസിൽ നിറയെ വെള്ളമെടുത്തു വെച്ചിട്ട് അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഇടും. ഈ മഞ്ഞൾപ്പൊടി വെള്ളത്തിലേക്ക് വീഴുമ്പോഴുണ്ടാകുന്ന പ്രകാശവും അതു കൊണുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന അത്ഭുതവുമൊക്കെ പകർത്താൻ മറ്റൊരു ഫോണും വേണം. സംഭവത്തിന് പിന്നിലെ കാരണം പറയാം. പക്ഷേ നമ്മളെല്ലാവരും ചെയ്യുന്ന ഈ സംഭവം എങ്ങനെയാണ് തരം​ഗമായി മാറിയത് എന്നറിയാമോ? 

ഇത്തരത്തിൽ മൂന്നു കുട്ടികളുമായി ഒരാൾ നടത്തിയ പരീക്ഷണമാണ് ആദ്യം വൈറലായത്. കുട്ടികൾക്ക് മുന്നിലുള്ള വെള്ളം നിറച്ച ഗ്ലാസിലേക്ക് ഒരാൾ മഞ്ഞൾപ്പൊടിയിടുന്നതാണ് വീഡിയോയിൽ കാണുന്നത്. അപ്പോൾ കുട്ടികളുടെ മുഖത്തെ ഭാവഭേദമാണ് വീഡിയോ വൈറലാകാൻ കാരണം. ഇതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപേർ സംഭവത്തിന്റെ ​ഗുട്ടൻസ് അന്വേഷിച്ച് വന്നതോടെ ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യമെന്നായി പലരും. ഇതോടെ സൈബറിടങ്ങളിൽ സംഭവം ട്രെൻഡായി രൂപപ്പെട്ടു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലും വാട്സാപ്പ് സ്റ്റാറ്റസിലുമെല്ലാം ഫ്ലാഷ് ലൈറ്റ് ഓണാക്കിയ മൊബൈലിന് മുകളിൽ വെച്ച കുപ്പി ​ഗ്ലാസിലെ വെള്ളത്തിലിടുന്ന മഞ്ഞൾപ്പൊടിയും അതു കാണുന്ന കുട്ടിയുമായി. ഇനി കുട്ടിയെ കിട്ടാൻ പ്രയാസമുള്ളവർ സ്വയം അത്ഭുതംകൂറുന്ന വീഡിയോകളും വന്നു. 

വീഡിയോ പകർത്തി മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഞ്ഞളിന് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും ഇങ്ങനെയൊരു വിസ്മയമൊരുക്കാൻ ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഫേസ്ബുക്കിലും വാട്സ്അപ്പിലും ഇൻസ്റ്റയിലുമടക്കം മഞ്ഞൾപ്പൊടി വിസ്മയം നിറഞ്ഞു. ഈ വിസ്മയത്തിന് പിന്നിലെ രഹസ്യം പറഞ്ഞു തരുന്നതിന് മുമ്പ് ഈ വൈറൽ വീഡിയോക്ക് വേണ്ട ചേരുവകൾ ഒന്നുകൂടി പറഞ്ഞുതരാം..

ലൈറ്റ് ഓഫാക്കിയ ഒരു മുറി, തെളിമയുള്ള കുപ്പി ​ഗ്ലാസിലെ വെള്ളം, ​​ഫ്ളാഷ് ഓണാക്കി കമഴ്ത്തിവച്ച ഒരു ഫോൺ,  ഒരു സ്പൂൺ തരി കൂടിയ മഞ്ഞൾപ്പൊടി, കുട്ടികൾ ലഭ്യത അനുസരിച്ച്. ഷൂട്ട് ചെയ്യാൻ മറ്റൊരുഫോൺ കൂടി വേണം കേട്ടോ. വീഡിയോ എടുത്ത ശേഷം  ഇഷ്ടമുള്ള പാട്ട് കൂട്ടിച്ചേർത്ത് ഇൻസ്റ്റസിലോ വാട്സാപ്പിലോ ഫേസ്ബുക്കിലോ ഇഷ്ടംപോലെ തള്ളാം.

ഇനി വൈറൽ സംഭവത്തിന് പിന്നിലെ രഹസ്യം പറയാം. മായമോ മന്ത്രമോ മായാജാലമോ ഒന്നുമല്ല. ശുദ്ധമായ സയൻസാണിത്. ടിൻഡാൾ എഫക്ട് എന്നാണ് മഞ്ഞൾപ്പൊടി വെള്ളത്തിൽ ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസത്തിന് പറയുന്ന പേര്. ടോർച്ചിന്റെ പ്രകാശം മഞ്ഞൾ കലർന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ കൂർകുമിൻ കണികകൾ മഞ്ഞ നിറത്തിലുള്ള പ്രകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ വിസരിക്കുന്നു. ഇതാണ് ഇപ്പോൾ നാം കാണുന്ന വൈറൽ വീഡിയോകളിൽ വിസ്മയമാകുന്നത്. ഇതുവരെ കാര്യമറിയാതെ ചെയ്തവരും വീഡിയോ കണ്ടവരും എല്ലാം ഒന്നുകൂടി ചെയ്തുനോക്കുന്നോ?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img