
ദോഹ: യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോരാൻ ഇടയുള്ളതിനാൽ ബോർഡിംഗ് പാസുകളുടെയും യാത്രാ ടിക്കറ്റുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA). ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച നിർദേശത്തിലാണ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബോർഡിംഗ് പാസുകളിലും ടിക്കറ്റുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ (QR) കോഡുകൾ, ബാർകോഡുകൾ എന്നിവയിലൂടെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പദ്ധതികളും (Travel Itineraries) അപരിചിതർക്ക് എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കുന്നു. അവധിക്കാല ചിത്രങ്ങളും യാത്രാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ബോർഡിംഗ് പാസുകളിലെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും മറയ്ക്കുകയോ ബ്ലർ (Blur) ചെയ്യുകയോ ചെയ്യണമെന്ന് ഏജൻസി ജനങ്ങളോട് അഭ്യർത്ഥിച്ചു.











