
പ്രാതൽ കൂടിക്കാഴ്ചകളൊക്കെ നടന്നെങ്കിലും കർണാടകത്തിലെ നേതൃമാറ്റ ചർച്ച കെട്ടടങ്ങിയിട്ടില്ല. അടുത്ത വർഷം ജനവരി ആറിനോ ഒമ്പതിനോ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് രാമനഗര എംഎൽഎ എച്ച് എ ഇക്ബാൽ പ്രവചിച്ചു. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് ഇക്ബാൽ. ജെഡിഎസ്സിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു രാമനഗര. മുൻമുഖ്യമന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ പത്നി അനിത കുമാരസ്വാമിയാണ് 2018 ൽ ഈ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ബിസിനസ്സുകാരൻ കൂടിയായ ഇക്ബാലിനെ സ്ഥാനാർത്ഥിയാക്കി 2023 ൽ ശിവകുമാർ രാമനഗര പിടിച്ചെടുക്കുകയായിരുന്നു. എം എൽ എയാക്കിയതിന്റെ നന്ദിയും വിധേയത്വവും ശിവകുമാറിനോട് ഇക്ബാൽ ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. അത്തരമൊരു നന്ദി പ്രകടനത്തിനിടയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവചനം. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അങ്ങനെ സംഭവിച്ചിരിക്കും എന്നാണ് ഇക്ബാൽ ആവർത്തിച്ചത്. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡ് സൃഷ്‌ടിച്ച ശേഷം സ്ഥാനമൊഴിയാമെന്ന് സിദ്ധരാമയ്യ ഹൈക്കമാണ്ടിന് വാക്ക് കൊടുത്തതായി വാർത്തയുണ്ടായിരുന്നു. ദേവരാജ് അറസിന്റെ പേരിലുള്ള റെക്കോർഡ് ജനവരി ആറിന് സിദ്ധരാമയ്യ മറികടക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്ബാലിന്റെ പ്രവചനമെന്ന് കരുതപ്പെടുന്നു. എന്നാൽ ഇക്ബാലിന്റെ വാക്കുകൾ ഗൗരവമായി എടുക്കേണ്ടതില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കോൺഗ്രസ്സിന്റെ വോട്ടുചോരി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിലെത്തിയിരുന്നു. ആയിരത്തോളം പ്രവർത്തകരും അവരോടൊപ്പമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാണ്ട് ഒരുക്കിയ ലഞ്ചിൽ സിദ്ധരാമയ്യ പങ്കുകൊള്ളാത്തത് സംശയമുയർത്തിയിട്ടുണ്ട്. വിമാനം വൈകിയതാണ് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ചാർട്ട് ചെയ്ത വിമാനത്തിലാണ് സിദ്ധരാമയ്യ ബംഗളുരുവിൽ നിന്ന് ഡൽഹിയിലെത്തിയത്. വോട്ടു ചോരി സമ്മേളത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയും ചെയ്തു. ഹൈക്കമാണ്ടും സിദ്ധരാമയ്യയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിട്ടുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.
Photo Courtesy - Google











