
എബിസി പദ്ധതിക്ക് പകരം ഊർജ്ജിത കന്നുകാലി വികസന പദ്ധതിയാണോ തെരുവ് നായകളിൽ നടപ്പിലായതെന്ന സംശയം കണ്ണും തലച്ചോറുമുള്ള ഏതൊരു മലയാളിക്കും തോന്നും.
വന്ധ്യംകരണം എന്ന വാക്കിന്റെ അർഥം ബീജത്തിലെ എല്ലാ ജീവന്റെ തുടിപ്പുകളെയും വരുംകാല പ്രാബല്യത്തോടെ നശിപ്പിച്ചിരിക്കുന്നു എന്നാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിവിധതരത്തിലുള്ള വന്ധ്യംകരണ പ്രക്രിയകൾ നടക്കുന്നുണ്ട്. മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ പലരെയും വന്ധ്യംകരണത്തിന് വിധേയമാക്കുന്നുമുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളായി വന്ധ്യംകരണത്തിന് വിധേയരാകുന്നവരാണ് തെരുവ് നായകൾ. ഈ മണ്ണിൽ തെരുവ് നായകളുടെ വന്ധ്യംകരണം നടപ്പാക്കാൻ ചിലവാക്കിയ പണമുണ്ടായിരുന്നെങ്കിൽ തെരുവ് നായകൾക്കായി ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു ദ്വീപ് വാങ്ങി നായകളുടെ ഒരു സാമ്രാജ്യം തന്നെ സ്ഥാപിക്കാമായിരുന്നു.
ലക്ഷക്കണക്കിന് രൂപയാണ് വർഷങ്ങളായി കേരളത്തിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി ചിലവഴിക്കുന്നത്. ശുദ്ധമായ സയൻസായതിനാൽ വന്ധ്യംകരിക്കപ്പെട്ട നായകൾക്ക് പിന്നീട് പ്രത്യുൽപ്പാദന ശേഷി ഉണ്ടാകുകയില്ല. എന്നാൽ, ഇന്നും കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുനിരത്തിലും റയിൽവെ പ്ലാറ്റ് ഫോമുകളിലും കെ എസ് ആർ ടി സി ബസ്റ്റാൻഡിലും എന്തിനേറെ പറയുന്നു, ഈ നാട്ടിലെ പഞ്ചായത്ത് ഓഫീസുകളുടെ തിണ്ണയിൽ വരെ പട്ടികൾ പെറ്റുകിടക്കുകയാണ്. പ്രത്യുൽപ്പാദന ശേഷിയില്ലാത്ത ആൺനായ്ക്കൾ വിഷമിച്ച് വിരാജിക്കുന്ന കേരളത്തിൽ തെരുവ് നായകൾ പെറ്റുപെരുകുന്നെങ്കിൽ അത് ദിവ്യഗർഭമല്ലാതെ മറ്റൊന്നുമാകില്ല.
ഈ നാട്ടിലെ ഭരണകൂടത്തോട് ചോദിച്ചാലും തെരുവ് നായകളുടെ ഗർഭത്തിന് പിന്നിൽ അത്ഭുത സിദ്ധിയന്നോ അന്യഗ്രഹ ജീവികളുടെ വിളയാട്ടമെന്നോ അതുമല്ലെങ്കിൽ കാട്ടിൽ നിന്നും ഇരുളിന്റെ മറപറ്റി നാട്ടിലേക്കിറങ്ങുന്ന കാട്ടുകുറക്കന്മാരെന്നോ ഒക്കെയാകും മറുപടി. കാരണം വർഷങ്ങളോളം ലക്ഷങ്ങളും കോടികളുമാണ് തെരുവ് നായകളുടെ പ്രജനനം നിയന്ത്രിക്കാൻ ഈ ഭരണകൂടങ്ങൾ എഴുതിയെടുത്തത്.
വളരെ വിചിത്രവും അതിലേറെ രസകരവുമാണ് കേരളത്തിലെ തെരുവ് നായകളുടെ വന്ധ്യംകരണ പ്രക്രിയ. കാട്ടിലെ തടി, തേവരുടെ ആന വലിയെടാ വലി എന്ന പഴംചൊല്ല് അന്വർത്ഥമാക്കിയ ക്യാമ്പനായിരുന്നു തെരുവ് നായകളുടെ വന്ധ്യംകരണം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് തെരുവ് നായകളുടെ വന്ധ്യംകരണം നടപ്പാക്കിയത്. എബിസി എന്നാണ് ഓമനപ്പേര്. അനിമൽ ബർത്ത് കൺട്രോൾ എന്ന് മുഴുവനായും പറയാം. ഇംപ്ലിമെന്റിംഗ് ഏജൻസി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പട്ടിപിടുത്തത്തിൽ വിദഗ്ധരായ ആളുകളെ കണ്ടെത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു നായകൾക്കായി ഒരു താത്ക്കാലിക ഷെൽട്ടർ സജ്ജമാക്കണം. മൃഗസംരക്ഷണ വകുപ്പ് ഒരു സർജനെ നൽകും.
പട്ടിപിടുത്തത്തിൽ വിദഗ്ധരായ ആളുകളാണ് തെരുവ് നായകളെ കണ്ടെത്തി പിടിച്ചുകൊണ്ട് വരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സർജൻ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. മൂന്നു ദിവസം ശസ്ത്രക്രിയ കഴിഞ്ഞ നായകളെ ഇതേ കേന്ദ്രത്തിൽ പാർപ്പിക്കണം. ഈ ദിവസങ്ങളിൽ നായകളുടെ ശാപ്പാട് സർക്കാർ വക. പ്രമാണിമാരുടെ പഞ്ചായത്തുകളിൽ നായകളെ പാർപ്പിക്കാൻ പ്രത്യേക ഷെൽട്ടറുകൾ തന്നെ നിർമ്മിച്ചിരുന്നു. പാവപ്പെട്ട ചില പഞ്ചായത്തുകൾ പഞ്ചായത്ത് ഓഫീസിലെ ഒരു മുറി താത്ക്കാലികമായി പിതൃശേഷി നഷ്ടപ്പെട്ട നായകൾക്കുള്ള മണിയറയായി മാറ്റി. ഇനിയൊരിക്കലും പിതാവാകാൻ കഴിയാത്ത അടങ്ങാത്ത ദുഖവും പേറിയാകാണം ആ മുറികളിൽ തെരുവ് നായകൾ ദിനങ്ങൾ എണ്ണിനീക്കിയത്.
ഒരു തവണയല്ല, തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടുള്ളപ്പോഴൊക്കെ തെരുവ് നായകൾ വന്ധ്യംകരിക്കപ്പെട്ടു. ആൺപട്ടികൾക്ക് പ്രത്യുൽപ്പാദന ശേഷി നഷ്ടപ്പെട്ടിട്ടും ഈ നാട്ടിലെ തെരുവുകളിൽ വിലസുന്ന പെൺപട്ടികൾ പ്രസവിച്ചുകൊണ്ടേയിരുന്നു. ഒന്നും രണ്ടുമല്ല, അഞ്ചും ആറും എട്ടും കുട്ടികൾക്ക് തെരുവ് നായകൾ ജന്മം നൽകുന്നത്. എബിസി പദ്ധതിക്ക് പകരം ഊർജ്ജിത കന്നുകാലി വികസന പദ്ധതിയാണോ തെരുവ് നായകളിൽ നടപ്പിലായതെന്ന സംശയം കണ്ണും തലച്ചോറുമുള്ള ഏതൊരു മലയാളിക്കും തോന്നും.
ഇന്ന് കേരളത്തിലെ തെരുവുകൾ മാത്രമല്ല, പൊതുഇടങ്ങളിൽ പലതും പട്ടിപെറ്റുകിടക്കാനുള്ള ഇടങ്ങളായി മാറിക്കഴിഞ്ഞു. പെതു ഇടങ്ങൾ മാത്രമല്ല, കണ്ണൊന്ന് തെറ്റിയാൽ പൂമുഖത്ത് പോലും നായകൾ കയറിക്കിടക്കും. മനുഷ്യരെ കൂട്ടത്തോടെയും ഒറ്റതിരിഞ്ഞും ആക്രമിക്കുകയാണ് തെരുവ് നായകൾ. പേ പിടിച്ച നായകളുടെ കടിയേറ്റ് മനുഷ്യരും മറ്റു മൃഗങ്ങളും അതിദയനീയമായി മരിച്ചു വീഴുന്നു. അപ്പോഴും ദിവ്യഗർഭവും പേറി തെരുവ് നായകൾഇവിടെ അടക്കിവാഴുകയാണ്.
എബിസി പദ്ധതി നടപ്പാക്കിയതുവഴി ലക്ഷങ്ങൾ ആരുടെയൊക്കെ പോക്കറ്റുകളിലെത്തി എന്നതിന് തെളിലും സാക്ഷികളുമില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അത് സംസ്ഥാന ദ്രോഹവുമാകും. തെരുവ് നായകളെ നുള്ളിപറക്കിയെടുത്ത് വന്ധ്യംകരിച്ച് മൃഷ്ടാന്നം ഭക്ഷണവും നൽകി തന്നെയാണ് എബിസി പദ്ധതി വിജയകരമായി നടപ്പാക്കിയത്. പക്ഷേ കേരളത്തിലെ പെൺപട്ടികൾ ദിവ്യഗർഭം ധരിക്കുന്നിടത്തോളം ഇവിടെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല.











