
ദോഹ: മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ഖത്തർ. ഖത്തറിന് നേരെ ഉണ്ടായ ആക്രമണശ്രമങ്ങളിൽ 90 ശതമാനത്തിലധികവും തകർക്കാൻ സായുധ സേനയ്ക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദോഹയിൽ നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഖത്തർ ഒരു എളുപ്പ ലക്ഷ്യമല്ലെന്ന് സായുധ സേന തെളിയിച്ചു കഴിഞ്ഞു. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിൽ സാധാരണക്കാരെയും സിവിൽ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇറാൻ്റെ നീക്കങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി യു.എസിനും ഇസ്രായേലിനുമിടയിൽ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്ന വിഷയമാണെന്നും, ഇത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു.











