06:34pm 10 May 2026
NEWS
ഡിജോ കാപ്പന്റെ വേർപാട് തീരാനഷ്ടം: ആത്മസുഹൃത്തിന്റെ അനുസ്മരണം
10/05/2026  03:59 PM IST
ചെറുകര സണ്ണീലൂക്കോസ്
ഡിജോ കാപ്പന്റെ വേർപാട് തീരാനഷ്ടം: ആത്മസുഹൃത്തിന്റെ അനുസ്മരണം

പാർലമെന്ററി- അധികാര രാഷ്ട്രീയത്തിന്റെ ഗുണഭോക്താവാകാതെയും പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയും എന്നുതെളിയിച്ച കേരളം കണ്ട വ്യത്യസ്തനായ പൊതുപ്രവർത്തകൻ ഡിജോകാപ്പന്റെ വേർപാട് നാടിന് തീരാനഷ്ടമാണ്. 'കേരളശബ്ദം' ഗ്രൂപ്പിനും ഈ ലേഖകനും ഉറ്റസുഹൃത്തിനെക്കൂടിയാണ് നഷ്ടപ്പെട്ടത്.
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് ഒരു മന്ത്രിയോ എം.പിയോ എം.എൽ.എയോ ഒക്കെ ആകുവാൻ കഴിയുമായിരുന്ന, വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കഴിവ് തെളിയിച്ചു ഉയർന്നുവന്ന ഡിജോകാപ്പൻ(69) രാഷ്ട്രീയത്തിലെ അധാർമ്മിക ശൈലിയോട് പൊരുത്തപ്പെടാനാവാതെ 1998 ൽ കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചിട്ടും, കർഷകർക്കുവേണ്ടി, പൗരാവകാശങ്ങൾക്കുവേണ്ടി, നിരന്തരം ശബ്ദിക്കുന്ന പൊരുതുന്ന സജീവസാന്നിദ്ധ്യമായി കേരളത്തിലെ പൊതുരംഗത്ത് നിറഞ്ഞുനിന്നു.

2025 ഒക്‌ടോബർ 16 ന് പുലർച്ചെ, അയർലൻഡിൽ നിന്നെത്തുന്ന മകന്റെ ഭാര്യയേയും കുഞ്ഞിനെയും സ്വീകരിക്കാനായി തിരുവനന്തപുരം എയർപോർട്ടിലേക്ക് പുറപ്പെട്ടതാണ്. (ഡിജോകാപ്പന് വിവാഹിതനായ മകൻ അശ്വിൻ, ഇളയവരായ മരിയറ്റ്, എഡ്വിൻ എന്നിങ്ങനെ മൂന്ന് മക്കളാണ്). കേരളയൂണിവേഴ്‌സിറ്റിയിൽ പ്ലാനിംഗ് ഡയറക്ടറായ ഭാര്യ ഡോ. മിനികാപ്പനും കൂടെയുണ്ടായിരുന്നു. ഫ്‌ളാറ്റിലെ നാലാം നിലയിലെ പാർക്കിംഗ് ഇടത്തുനിന്ന് കാർ എടുക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെട്ടു. ഭാര്യയ്ക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ഡിജോയ്ക്ക് ഗുരുതരമായ പരിക്കുപറ്റി.

തുടർന്ന് 6 മാസത്തിലധികം നീണ്ട ആശുപത്രിവാസത്തിനും ചികിത്സയ്ക്കും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 
പാലാ ഇടമറ്റം കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി. ജോസിന്റെയും മേരിജോസിന്റെയും പുത്രനായി ജനിച്ച ഡിജോ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥിവിഭാഗമായ കെ.എസ്.സിയിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. പാലാ സെന്റ് തോമസ് കോളേജ്, കളമശ്ശേരി രാജഗിരി കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.

1979 ൽ കാപ്പൻ പാല സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായിരുന്ന കാലത്ത്, കോളേജ് യൂണിയൻ ഉൽഘാടനം ചെയ്യിച്ചത് അന്ന് തന്നോട് മത്സരിച്ച് പരാജയപ്പെട്ട എ.വി. ജോർജ്ജി(പിന്നീട് എം.ജി  സർവ്വകലാശാല വി.സിയായി)നെക്കൊണ്ടായിരുന്നു. ആ ഉയർന്ന ജനാധിപത്യബോധം എക്കാലവും അദ്ദേഹം നിലനിർത്തി. 1982 ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. കേരള സർവ്വകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും മെമ്പറായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 12 കൊല്ലം സെനറ്റ് മെമ്പറായി പ്രവർത്തിച്ചു.

1983 ൽ കെ.എസ്.സി സംസ്ഥാന പ്രസിഡന്റും 1989-91 ൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായിരുന്നു. സംസ്ഥാനത്തെ യുവജനസംഘടനാ നേതാക്കളുടെ മുൻനിരയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് രാഷ്ട്രീയത്തിലെ കുതികാൽവെട്ടും അധാർമ്മികതയും മടുത്തു, രാഷ്ട്രീയത്തിൽ ആത്മാർത്ഥതയ്ക്കും, സത്യസന്ധതതയ്ക്കും, നിസ്വാർത്ഥതയ്ക്കും വിലയില്ലാതായി എന്ന് ആവലാതിപ്പെട്ട് സഹപ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് 1998 ൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു.

പിന്നീട് പ്രത്യേകിച്ച് ഒരു കക്ഷി രാഷ്ട്രീയത്തോടും വിധേയപ്പെട്ടില്ലെങ്കിലും പി.റ്റി. തോമസ്, പി.സി. തോമസ്, മാണി സി കാപ്പൻ, ഫ്രാൻസിസ് ജോർജ്ജ് തുടങ്ങിയ ചില ഉറ്റസുഹൃത്തുക്കളുടെ തിരഞ്ഞെടുപ്പു വിജയത്തിനായി സ്‌ക്രീനിന് പിന്നിൽ മുഖ്യസൂത്രധാരകനായി പ്രവർത്തിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും പൊതുസേവനം ഡിജോകാപ്പന് ഉപേക്ഷിക്കാനാവില്ലായിരുന്നു. 1998 നുശേഷം കർഷകരുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണത്തിനായി അഹോരാത്രം പ്രവർത്തിച്ചു. അതിനായി കീഴ്‌കോടതി മുതൽ സുപ്രീംകോടതിവരെ അനവധി പൊതുതാൽപ്പര്യ ഹർജികൾ നൽകി അനുകൂലവിധി സമ്പാദിച്ചു.

പൊതുഗതാഗത വിഷയങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ, മനുഷ്യാവകാശ സംരക്ഷണത്തിനായി, ഉപഭോക്താക്കൾക്കുവേണ്ടി, കർഷകരുടെയും കാർഷികമേഖലയുടെയും സംരക്ഷണത്തിനായി വൈദ്യുതി ഉപഭോക്താക്കൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പൊരുതി. അതിനായി ചാനൽ ചർച്ചകളിൽ പങ്കെടുത്തു. അച്ചടിമാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതി സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു.
സംസ്ഥാനത്ത് പൊതുഗതാഗതരംഗത്ത് ബസിൽ മിനിമം ചാർജ്ജിൽ യാത്ര ചെയ്യാവുന്ന രണ്ടര കിലോമീറ്ററിൽ നിന്ന് 5 കി.മീറ്റർ ആയി വർദ്ധിപ്പിച്ചത് ഡിജോകാപ്പന്റെ ഇടപെടൽ മൂലമാണെന്ന് റെഗുലേറ്ററി കമ്മിഷന്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അങ്ങനെയെത്രയെത്ര ഉദാഹരണങ്ങൾ.

രാഷ്ട്രീയം വിട്ടിട്ടും കക്ഷിഭേദമെന്യേ രാഷ്ട്രീയരംഗത്തുള്ള അതിവിപുലമായ സൗഹൃദബന്ധം ഉലയാതെ, മരണംവരെ നിലനിർത്താൻ ഡിജോ ബത്തശ്രദ്ധനായിരുന്നു. ഉറ്റസുഹൃത്തായിരുന്ന സി.കെ. ജീവൻ(പഴയ കെ.എസ്.യു. നേതാവ്) മരിച്ചശേഷം അദ്ദേഹത്തിന്റെ സ്മാരകമായി രൂപീകരിച്ച ട്രസ്റ്റിന്റെ അദ്ധ്യക്ഷനായിരുന്ന ഡിജോകാപ്പന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടുകാലം സംഘടിപ്പിച്ച വൈവിധ്യമാർന്ന സാംസ്‌ക്കാരികപരിപാടികൾ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു.
സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്‌സ് & എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറം, പൊതുഗതാഗത സംരക്ഷണസമിതി, ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ തുടങ്ങി സാധാരണ ജനങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ച സംഘടനകളുടെ അധ്യക്ഷനും, നിരവധി കർഷകസംഘടനകളുടെ ചുമതലക്കാരനുമെന്ന നിലയിൽ പൊതുരംഗത്ത് ഡിജോകാപ്പൻ സജീവ സാന്നിധ്യമായിരുന്നു.

പി.റ്റി. തോമസ് എം.എൽ.എ രോഗശയ്യയിലായിരിക്കുമ്പോൾ തന്റെ മൃതസംസ്‌ക്കാരച്ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന താൽപ്പര്യം പങ്കുവെച്ചത് ഡിജോകാപ്പനോട് മാത്രമാണെന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. സുരേഷ്‌കുറുപ്പിനെ പ്പോലെയുള്ള എത്രയോ നല്ല പൊതുപ്രവർത്തകർക്ക് അവരുടെ മനസ് പങ്കുവയ്ക്കുന്ന ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

2025 ഒക്‌ടോബർ 16 ന് അപകടം ഉണ്ടാകുന്നതിന് തലേന്ന് ഈ ലേഖകന്റെ കോട്ടയത്തെ വസതിയിൽ ഡിജോ ഏറെനേരം  ഒരുമിച്ചുണ്ടായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ചുണ്ടുകൾ അനക്കി നേർത്ത സ്വരത്തിൽ 'സണ്ണി, എന്റെ കയ്യിൽ ഒന്നുപിടിച്ചേ'(ഒരു കൈയ്ക്ക് മാത്രമേ ചലനം ഉണ്ടായിരുന്നുള്ളൂ എന്നുപറഞ്ഞത് എന്റെ മനസ്സിൽ ഒരിക്കലും മായാത്ത മുദ്രയായിരിക്കും).
മെയ് 1 ന് രാവിലെ അന്തരിച്ച ഡിജോ കാപ്പന്റെ മൃതദേഹം 2 ന് വൈകുന്നേരം പാലായ്ക്ക് സമീപം പാലാക്കാട് ഉള്ള കാപ്പിൽ വസതിയിൽ കൊണ്ട് വന്നു. 3 ന് ഉച്ചകഴിഞ്ഞ് ചെറുപുഷ്പം കത്തോലിക്കാ പള്ളിയിൽ സംസ്‌കരിച്ചു. ഡിജോ കാപ്പന് അന്തിമോപചാരം അർപ്പിക്കാൻ കാസാർകോടു മുതൽ കന്യാകുമാരി വരെ സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് പൊതുപ്രവർത്തകരും സുഹൃത്തുക്കളും കക്ഷി ഭേദമന്യേ രാഷ്ട്രീയ നേതാക്കളും എത്തിചേർന്നിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img