
ന്യൂഡൽഹി:പ്രസിദ്ധീകരിക്കുന്ന വാർത്തകൾ 60 ദിവസം സൂക്ഷിക്കണമെന്ന നിയമം കർശനമാക്കി കേന്ദ്രം.
ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ട് 2021-ലെ ഐടി നിയമത്തിലെ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ ആയ എല്ലാ വാർത്തകളും ഉള്ളടക്കങ്ങളും കുറഞ്ഞത് 60 ദിവസത്തേക്ക് നിർബന്ധമായും റെക്കോർഡുകളായി സൂക്ഷിക്കണം. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളിലെ 19(3) വകുപ്പ് പ്രകാരമാണ് ഈ നടപടി. സ്വയം നിയന്ത്രിത സമിതികളോ സർക്കാർ ഏജൻസികളോ ആവശ്യപ്പെടുന്ന പക്ഷം ഈ റെക്കോർഡുകൾ ഹാജരാക്കാൻ പബ്ലിഷർമാർ ബാധ്യസ്ഥരാണ്.
വാർത്താ പോർട്ടലുകൾ, ന്യൂസ് അഗ്രഗേറ്ററുകൾ തുടങ്ങി ഔദ്യോഗികമായി വാർത്താ വിതരണം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുന്നത്. എന്നാൽ വ്യക്തിഗത ബ്ലോഗർമാർ, സോഷ്യൽ മീഡിയയിലെ വ്യക്തിഗത അക്കൗണ്ടുകൾ, അച്ചടി മാധ്യമങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ എന്നിവയെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാർത്തകൾ സൂക്ഷിക്കുന്നതിനൊപ്പം തന്നെ, വായനക്കാരുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും മാസംതോറും കംപ്ലയൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനൊപ്പം പ്രസ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാനും ഡിജിറ്റൽ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്. എഐ, ഡീപ് ഫേക്ക് എന്നിവയുമായി ബന്ധപ്പെട്ട് 2025-ൽ പുതിയ ഭേദഗതികൾ വന്നെങ്കിലും വാർത്താ റെക്കോർഡുകൾ 60 ദിവസം സൂക്ഷിക്കണമെന്ന മുൻ നിയമത്തിന് മാറ്റം വന്നിട്ടില്ല. ഈ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഐടി നിയമപ്രകാരമുള്ള നിയമപരമായ സുരക്ഷാ പരിരക്ഷകൾ നഷ്ടമാകുമെന്നും ഉത്തരവാദിത്തപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.











