
ഇന്നു രാവിലെ പതിവുപോലെ പത്രം വായിച്ച മലയാളികൾ ആദ്യപേജ് കണ്ട് ഞെട്ടി. നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്നതായിരുന്നു ആദ്യ പേജിൽ ചുവന്ന നിറത്തിലുള്ള തലക്കെട്ട്. ബാക്കി തലക്കെട്ടുകളും വായിച്ച് വീണ്ടും ഞെട്ടലോട് ഞെട്ടൽ തന്നെ. ആഴക്കടൽ ഇനി ആൾക്കടൽ, ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും, റോബോ മന്ത്രി @1, ഒഴിവായി വൻ ദുരന്തം! രക്ഷപെട്ടത് 30,000 പേർ, അതിരില്ലാ ലോകം; തടയില്ലാ കാലം തുടങ്ങിയവയായിരുന്നു മലയാള പത്രങ്ങളുടെ ഒന്നാം പേജിലെ തലക്കെട്ടുകൾ.
പത്രം ഒരക്ഷരം പോലും വിടാതെ വായിക്കുന്നവർക്ക് കാര്യം പെട്ടെന്ന് പിടികിട്ടി. ഈ വാർത്തകളുടെ കൂട്ടത്തിൽ മുകളിൽ വലത് അറ്റത്തായി ഒരു ചെറിയ തലക്കെട്ടും ഉണ്ടായിരുന്നു. മുന്നറിയിപ്പ് എന്നായിരുന്നു ആ തലക്കെട്ട്. കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ പ്രചരണാർത്ഥം സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളാണ് പത്രത്തിന്റെ മാർക്കറ്റിംഗ് ഫീച്ചറിൽ നൽകിയിരിക്കുന്നത് എന്ന് ഈ കോളത്തിൽ വ്യക്തമാക്കിയിരുന്നു. 2050ൽ പത്രങ്ങളുടെ മുൻപേജ് എങ്ങനെയായിരിക്കും എന്നു ഭാവന ചെയ്യുകയായിരുന്നു ഈ പരസ്യത്തിലൂടെ.
എന്നാൽ, വലിയ തലക്കെട്ടുകൾ മാത്രം വായിച്ചുപോകുന്ന പുതുതലമുറ നോട്ടേ വിട; ഇനി ഡിജിറ്റൽ കറൻസി എന്ന തലക്കെട്ടും വിശ്വസിച്ച് സോഷ്യൽ മീഡിയയിൽ എത്തി വാർത്ത വിതരണം ചെയ്തു. ഇതോടെ ഫെബ്രുവരി ഒന്നു മുതൽ കറൻസി നോട്ടുകൾ അസാധു എന്ന വ്യാജ വാർത്ത വളരെ വേഗം സൈബർ ലോകത്ത് പ്രചരിക്കുകയും ചെയ്തു. മലയാള പത്രങ്ങളിലെ മാർക്കറ്റിംഗ് ഫീച്ചർ കണ്ട് തെറ്റിദ്ധരിച്ചാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ സൈബർ ലോകത്ത് നടക്കുന്നത്.











