
പിന്നിട്ട പത്ത് വർഷത്തെ സംസ്ഥാനഭരണം തദ്ദേശ തെരഞ്ഞെടുപ്പിൽ എപ്രകാരം പ്രതിഫലിക്കും എന്നതാണ് ഇത്തവണ ഇരുമുന്നണികളടേയും പ്രധാന ആശങ്ക. പ്രദേശികതലങ്ങളിൽ ജനസ്വാധീനവും, ജയസാധ്യതയുമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ, കേരളത്തിൽ മൊത്തത്തിലും, വിശിഷ്യാ മലപ്പുറത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ കാണുന്ന വോട്ടിംഗ് പാറ്റേണല്ല മറ്റ് തെരഞ്ഞെടുപ്പുകളിൽ പ്രകടമാവുക. ഗ്രാമപഞ്ചായത്തുകളിലെ ഭരണം മാറിമറിയാറുണ്ടെങ്കിലും, മലപ്പുറത്ത് യു.ഡി.എഫിനാണ് എക്കാലത്തും ഭൂരിപക്ഷം ലഭിയ്ക്കാറുള്ളത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാനഭരണം കയ്യടക്കാൻ എന്ത് വില നൽകിയാലും വേണ്ടില്ല എന്ന നിലപാടിൽ തന്നെയാണ് യു.ഡി.എഫ് കളത്തിൽ ഇറങ്ങിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന ബോധത്തോടെ, സാധാരണ യു.ഡി.എഫിൽ കണ്ടുവരാത്ത ഊർജ്ജ്വവും, ഉണർവ്വുമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. അതേസമയം മലപ്പുറത്ത് പതിവുപടി യു.ഡി.എഫിൽ മുസ്ലിംലീഗും, കോൺഗ്രസ്സും കൊമ്പുകോർക്കുന്നുമുണ്ട്.
ഒന്നാം പിണറായി സർക്കാരിനെതിരെ വലിയ തോതിൽ ഭരണവിരുദ്ധ വികാരം വരാതിരുന്നതാണ് 2020-ലെ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയത്. ഇത്തവണ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകൾ വർദ്ധിച്ചിട്ടുണ്ട്. ഏഴ് താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും, 12 നഗരസഭകളും, 94 ഗ്രാമ പഞ്ചായത്തുകളുമാണ് മലപ്പുറം ജില്ലയിലുള്ളത്. 2010-ൽ ഏഴ് നഗരസഭകളോടെയാണ് മലപ്പുറം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് യു.ഡി.എഫിന് തന്നെയായിരുന്നു മേൽക്കോയ്മ. 55.05 ശതമാനം വോട്ട് നേടിയാണ് ജില്ലാപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചടക്കിയത്. എൽ.ഡി.എഫ് 32.97 ശതമാനമായിരുന്നു വോട്ട് നേടിയത്. ബി.ജെ.പി യ്ക്ക് ഒട്ടും പ്രതീക്ഷയുള്ള മണ്ണല്ല മലപ്പുറത്തിന്റേത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 5.49 ശതമാനമായിരുന്നു അവരുടെ വോട്ടുനില. ഏറ്റവും കൂടുതൽ വോട്ടർമാരും, തദ്ദേശ സ്ഥാപനങ്ങളുമുള്ള ജില്ലയാണ് മലപ്പുറം. കേരളം മുഴുക്കെ ഇടത്തോട്ട് ചാഞ്ഞ ഘട്ടത്തിൽ പോലും ഒട്ടും ഇളക്കമില്ലാതെ കിടന്ന മണ്ണാണ് മലപ്പുറത്തിന്റേത്. സംസ്ഥാനത്ത് ജനസംഖ്യയിൽ മുന്നിട്ടും, വിസ്തൃതിയിൽ മൂന്നാം സ്ഥാനവുമുണ്ട് മലപ്പുറത്തിന്. ലീഗിനോട് ഇടഞ്ഞ് കോൺഗ്രസ്സിനോ, യു.ഡി.എഫി ലെ മറ്റ് കക്ഷികൾക്കോ മലപ്പുറം രാഷ്ട്രീയത്തിൽ ചലിയ്ക്കാൻ കഴിയില്ല എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
രാഷ്ട്രീയത്തിനപ്പുറം ജനകീയതയാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മാനദണ്ഡമെങ്കിലും, സമകാലിക രാഷ്ട്രീയ വിഷയങ്ങളും ഇത്തവണ ചർച്ചയായി വരുന്നുണ്ട്. വടക്കൻ കേരളത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ എണ്ണത്തിൽ കൂടുതൽ വർദ്ധനവുണ്ടായിട്ടുള്ളത് മലപ്പുറത്താണ്. 94 ഗ്രാമപഞ്ചായത്തുകളുള്ള ഈ ജില്ലയിൽ 223 വാർഡുകളാണ് പുതുതായി ഉണ്ടായിട്ടുള്ളത്. 71 ഗ്രാമ പഞ്ചായത്തുകളുള്ള കണ്ണൂരിൽ 105 വാർഡുകളും, 70 പഞ്ചായത്തുകളുള്ള കോഴിക്കോടിൽ 117 വാർഡുകളും അധികമായുണ്ട്. നഗരസഭകളിൽ ഏറ്റവുമധികം വാർഡുകൾ കൂടിയതും മലപ്പുറത്താണ്. മലപ്പുറത്തെ 12 നഗരസഭകളിലായി 26 വാർഡുകൾ അധികമായിവന്നു. കോഴിക്കോട്ട് എട്ടും, കാസർകോട്ട് ഏഴും വാർഡുകൾ അധികരിച്ചപ്പോൾ, ഒമ്പത് നഗരസഭകളുള്ള കണ്ണൂരിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
കീഴ്‌വഴക്കം തെറ്റിക്കാതെ
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ മലപ്പുറത്ത് മുസ്ലിംലീഗും, കോൺഗ്രസ്സും തമ്മിൽ ഉരസുന്നത് ഒരു പതിവ് കീഴ്‌വഴക്കമാണ്. നേരത്തെ പല പഞ്ചായത്തുകളിലും, കൊണ്ടോട്ടി നഗരസഭയിലും കോൺഗ്രസ്സും, മുസ്ലിംലീഗും ചേരി തിരിഞ്ഞാണ് മത്സരത്തെ നേരിട്ടിരുന്നത്. പലയിടത്തും ത്രികോണ മത്സരവും അരങ്ങേറി. ലീഗിന്റെ വല്യേട്ടൻ നിലപാടാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ്സും, വിട്ട്‌വീഴ്ചയ്ക്ക് കോൺഗ്രസ്സ് തയ്യാറാകാത്തത് കാരണമെന്ന് മുസ്ലിംലീഗും കാലങ്ങളായി ആരോപിച്ച് കൊണ്ടിരിയ്ക്കുന്നു. ഡി.സി.സി പ്രസിഡണ്ട്, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എന്നിവരുടെ പഞ്ചായത്തുകളിൽ പോലും യു.ഡി.എഫിലെ തമ്മിലടി തുടർന്ന് വരുന്നു. ചില പഞ്ചായത്തുകളിൽ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരെ പാലം വലിച്ച് കസേര തെറിപ്പിയ്ക്കുന്നതും, ഇരു പാർട്ടികളും പലയിടത്തും സി.പി.എമ്മുമായി പ്രേമത്തിലാകുന്നതും മലപ്പുറത്തിന്റ പാരമ്പര്യ കീഴ്‌വഴക്കമാണ്. ജില്ലയിൽ യു.ഡി.എഫിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ്സ് നേതൃത്വം ഫലപ്രദമായി ഇപെടുന്നില്ല എന്ന വികാരമാണ് മുസ്ലിംലീഗിനുള്ളത്. വെൽഫയർ പാർട്ടി, തൃണമൂൽ കോൺഗ്രസ്സ് സഹകരണത്തിലും കോൺഗ്രസ്സ് അയഞ്ഞ നിലപാട് പുലർത്തുന്നതിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 'സാമ്പാർ-ജനകീയ മുന്നണി' കളുടെ പേരിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ട ലീഗിന്, പല പഞ്ചായത്തുകളിലും കോൺഗ്രസ്സുമായുള്ള സ്വരച്ചേർച്ചക്കുറവ് വലിയ വിലങ്ങുതടിയാവുകയാണ്.
മലപ്പുറം-പൊന്മുണ്ടം പഞ്ചായത്ത് രൂപീകൃതമായ ശേഷം മുസ്ലിംലീഗിനും, കോൺഗ്രസ്സിനും ഇടയിൽ സൗഹാർദ്ദം ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരിയ്ക്കുന്നത് മുസ്ലിംലീഗാണ്. ഇത്തവണ മുസ്ലിംലീഗിനെതിരെ 'നവ പൊൻമുണ്ടം ജനകീയ സഖ്യം' എന്ന പേരിൽ അനൗദ്യോഗിക സഖ്യം രൂപീകരിച്ചാണ് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടുത്തെ 18 സീറ്റുകളിൽ 11 എണ്ണത്തിൽ കോൺഗ്രസ്സ് മത്സരിയ്ക്കും. അഞ്ചെണ്ണത്തിൽ സി.പി.എം സ്ഥാനാർത്ഥികളും, ശേഷിക്കുന്ന രണ്ടെണ്ണത്തിൽ 'നവ പൊൻമുണ്ടം ജനകീയ സഖ്യവും' മത്സരിക്കും. ഈ നിലപാടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഐക്യമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഞങ്ങളുടെ നിലപാട്. പൊൻമുണ്ടത്ത് സംഭവിക്കുന്നത് നിർഭാഗ്യകരമാണ്. പ്രാദേശിക തലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കോൺഗ്രസ്സ് ജില്ലാ നേതൃത്വമാണ് ഇതിനെല്ലാം സഹായം ചെയ്യുന്നതെന്നും, മലപ്പുറത്തെ പല മണ്ഡലങ്ങളിലും ഇതിന്റെ തിരിച്ചടി ഉണ്ടായേക്കാമെന്നും സലാം വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിംലീഗ് ഭരണസമിതിക്കെതിരെ ദുർഭരണം ആരോപിച്ച് 'നവപൊന്മുണ്ടം നിർമ്മിതി യാത്ര' എന്ന പേരിൽ, ഡി.സി.സി ജനറൽ സെക്രട്ടറിയുടേയും, ബ്ലോക്ക് ഭാരവാഹികളുടേയും നേതൃത്വത്തിൽ നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ പദയാത്ര നടത്തിയിരുന്നു. മുസ്ലിംലീഗിനെതിരെ പ്രാദേശികമായ പ്രതിഷേധം ശക്തിപ്പെടുത്താനാണ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. തർക്കം പരിഹരിക്കുന്നതിനുള്ള നേതൃതല ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു കോൺഗ്രസ്സിന്റെ പദയാത്ര. മുന്നണി ബന്ധമില്ലാതെയാണ് കഴിഞ്ഞ തവണയും മുസ്ലിംലീഗും, കോൺഗ്രസ്സും ഇവിടെ മത്സരിച്ചിരുന്നത്. ലീഗിന് 12-ഉം കോൺഗ്രസ്സിന് 4-ഉം അംഗങ്ങളാണുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് എ.പി അനിൽകുമാർ, ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹൻ എന്നിവർ വിഷയം ചർച്ച നടത്തിയിരുന്നു. പ്രശ്‌നം ഉടൻ അവസാനിപ്പിക്കണമെന്നും, സി.പി.എമ്മുമായി സഖ്യം ചേരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ആവശപ്പെട്ടിട്ടുണ്ട്.
മലപ്പുറം രാഷ്ട്രീയം
മലപ്പുറം മുസ്ലിംലീഗിന്റെ കുത്തകയാണെന്നാണ് അവർ എക്കാലവും അവകാശപ്പെടുന്നത്. അത് യാഥാർത്ഥ്യവുമാണ്. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം, തിരൂർ, പൊന്നാനി, കോട്ടയ്ക്കൽ, നിലമ്പൂർ എന്നിങ്ങനെ ഏഴായിരുന്നു മലപ്പുറത്തെ നഗരസഭകൾ. ഇതിൽ പെരിന്തൽമണ്ണ ഒഴികെ മറ്റെല്ലാം യു.ഡി.എഫ് നേടി. 2015-ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും തിരൂരങ്ങാടി, കൊണ്ടോട്ടി, പരപ്പനങ്ങാടി, താനൂർ, വളാഞ്ചേരി എന്നിങ്ങനെ അഞ്ച് നഗരസഭകൾ ചേർത്ത് നഗരസഭകളുടെ എണ്ണം 12 ആയി ഉയർന്നു. മൊത്തം 479 വാർഡുകളുള്ള ഈ നഗരസഭകളിൽ 242 വാർഡുകൾ വനിതാ സംവരണമായിരുന്നു. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിൽ 27 എണ്ണവും യു.ഡി.എഫ് നേടി. എൽ.ഡി.എഫ് അഞ്ചെണ്ണം മാത്രമാണ് നേടിയത്. 12 നഗരസഭകളിൽ ഒമ്പതെണ്ണം യു.ഡി.എഫ് നേടിയപ്പോൾ, എൽ.ഡി.എഫ് മൂന്നെണ്ണമാണ് നേടിയത്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12-ഉം യു.ഡി.എഫ് നേടിയപ്പോൾ, മൂന്നെണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. ആകെയുള്ള 94 ഗ്രാമ പഞ്ചായത്തുകളിൽ 51 എണ്ണത്തിൽ യു.ഡി.എഫ് മുന്നേറി. 35 എണ്ണത്തിൽ എൽ.ഡി.എഫും. മുന്നണി ബന്ധമില്ലാതെ മത്സരിച്ചും മുസ്ലിംലീഗ് ആറെണ്ണത്തിൽ പച്ചക്കൊടി നാട്ടി. രണ്ടെണ്ണത്തിൽ ജനകീയ മുന്നണിയും വിജയിച്ചു. 2020 ആയപ്പോഴേക്ക് 57-ൽ നിന്ന് 73 പഞ്ചായത്തുകളിൽ വിജയിച്ച് യു.ഡി.എഫ് കൂടുതൽ കരുത്ത് നേടി. അതേസമയം കോൺഗ്രസ്സ് നേതാവ് ആര്യാടന്റെ തട്ടകമായ നിലമ്പൂർ നഗരസഭ നഷ്ടപ്പെട്ടത് യു.ഡി.എഫി ന് കടുത്ത ക്ഷീണമായി. എൽ.ഡി.എഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഗോദയിലിറക്കി നിലമ്പൂർ നഗരസഭ എൽ.ഡി.എഫ് പിടിച്ചെടുത്തു. അത് ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയ ഘട്ടത്തിൽ പോലും, മലപ്പുറം യു.ഡി.എഫിനൊപ്പമായിരുന്നു. അതോടൊപ്പം യു.ഡി.എഫിന്റെ കയ്യിലായിരുന്ന ചില പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തു. 79.7 ശതമാനമായിരുന്നു അന്നത്തെ പോളിംഗ്.
2015-ലെ തെരഞ്ഞെടുപ്പ് അപേക്ഷിച്ച് കഴിഞ്ഞ തവണ എൻ.ഡി.എ യ്ക്ക് അഞ്ച് സീറ്റ് കുറവായിരുന്നു. അതേസമയം നിലമ്പൂരിൽ എൻ.ഡി.എ സഖ്യം അക്കൗണ്ട് തുറന്നത് അവർക്ക് സമാധാനിക്കാനുമായി. വെൽഫെയർ പാർട്ടിയുമായി സമവായമുണ്ടാക്കിയാണ് ജില്ലാ പഞ്ചായത്തിൽ 27 ഡിവിഷനുകൾ യു.ഡി.എഫ് നിലനിർത്തിയത്. ഭരണം കയ്യാളിയിരുന്ന 12 ബ്ലോക്കുകളും യു.ഡി.എഫ് നില നിർത്തി. മൂന്നെണ്ണം എൽ.ഡി.എഫും നിലനിർത്തി. 2020-ൽ കോൺഗ്രസ്സും ലീഗും പരസ്പരം ഉടക്കിപ്പിരിഞ്ഞ് മൂന്ന് പഞ്ചായത്തുകളിൽ വേറിട്ട് മത്സരിച്ചപ്പോൾ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു. മറ്റ് രണ്ട് പഞ്ചായത്ത് ലീഗ് നിലനിർത്തി. അതേസമയം 2015-ലെ തെരഞ്ഞെടുപ്പ് അപേക്ഷിച്ച് കഴിഞ്ഞ തവണ ഏഴ് ശതമാനത്തിന്റെ അധിക പോളിംഗാണ് മലപ്പുറത്തുണ്ടായത്. വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികളുടെ സഹകരണവുമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 57-ൽ നിന്ന് 73 പഞ്ചായത്തായി യു.ഡി.എഫ് ശക്തി വർദ്ധിപ്പിച്ചു. ഇത്തവണ ജില്ലാ പഞ്ചായത്തിൽ 33 ഡിവിഷനുകളിൽ 23 എണ്ണത്തിലാണ് മുസ്ലിംലീഗ് മത്സരിക്കുന്നത്. 12 എണ്ണം വനിതാ ഡിവിഷനുകളാണ്. യുവാക്കളെ പരിഗണിച്ച് കൊണ്ടാണ് ഇത്തവണ മുസ്ലിംലീഗ് സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്.
സ്ഥാനാർത്ഥികളുടെ'ചവിട്ടിപ്പിടുത്തം.'
വാർഡുകളുടെ അതിരുകൾ മാറ്റി നിശ്ചയിച്ചും, അവരവർക്ക് സ്വാധീനമുള്ള മേഖലകൾ ഉൾപ്പെടുത്തിയും, ദുർബ്ബലമായ ഭാഗങ്ങൾ വെട്ടിമാറ്റിയും അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ ഭരണത്തിലിരിക്കുമ്പോൾ, ഇരുമുന്നണികളും പയറ്റാറുണ്ട്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചത് സംബന്ധിച്ച് പലതരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മൂന്ന് മുന്നണികളിലും രൂപപ്പെട്ട പോർവിളിയും, മെയ്യഭ്യാസവും, സമവായവും, ഇതര ട്വിസ്റ്റുകളും പൂർത്തീകരിച്ച് നാമനിർദ്ദേശ സമർപ്പണവും കഴിഞ്ഞതോടെ, എല്ലാവർക്കും ഉറക്കമില്ലാ രാവുകളാണിനി. മുസ്ലിംലീഗിലും, കോൺഗ്രസ്സിലും, ബി.ജെ.പി.യി ലും സീറ്റ് തർക്കം രൂക്ഷമായിരുന്നു. ഇത്തരത്തിലുള്ള കായികാഭ്യാസം താരതമ്യേന എൽ.ഡി.എഫിൽ കുറവുമായിരുന്നു. സീറ്റ് തർക്കത്തെ തുടർന്ന് വേങ്ങര മുസ്ലിംലീഗിൽ കൂട്ടയടി അരങ്ങേറിയത് മാധ്യമങ്ങൾ കൗതുകത്തോടെയാണ് റിപ്പോർട്ട് നൽകിയത്.
വേങ്ങര പഞ്ചായത്തിലെ കച്ചേരിപ്പടി 20-ാം വാർഡിലെ ലീഗ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിലാണ് പര്യവസാനിച്ചത്. അനന്തരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ അന്നത്തെ യോഗം തമ്മിലടിച്ച് പിരിഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പറമ്പിൽ ഖാദർ സ്ഥാനാർത്ഥിയാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, മുൻ വാർഡ് മെമ്പർ സി.പി ഖാദർ മതിയെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. ഇരുകൂട്ടരുടേയും പരസ്പരമുള്ള വാഗ്വദം മെയ്യഭ്യാസ പ്രകടനത്തിലേക്ക് വഴിമാറി. ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ റീച്ചായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങര- കണ്ണമംഗലം പഞ്ചായത്തിലെ പൂച്ചോലമാട് വാർഡ് ഉൾപ്പടെ പലയിടത്തും യു.ഡി.എഫ് മുന്നണി സഖ്യം ഇല്ലായിരുന്നു. കോൺഗ്രസ്സ് പൊതു സ്വതന്ത്രൻമാരെ നിർത്തി എൽ.ഡി.എഫിനൊപ്പം കൈകോർത്തു. ചെങ്കൊടിയും, ത്രിവർണക്കൊടിയും ഒന്നിച്ചുയർത്തിയ തെരഞ്ഞെടുപ്പ് ഓഫീസുകൾ മലപ്പുറത്ത് പലയിടത്തും ദൃശ്യമായിരുന്നു. രാഷ്ട്രീയ സഖ്യമോ സഹകരണമോ അല്ല. അതെല്ലാം അടവുനയം മാത്രമെന്നാണ് ലീഗ് നേതൃത്വം അന്ന് വിശദീകരണം നൽകിയിരുന്നത്. തിരൂർ നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥിയായി ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്ന മലപ്പുറം ജില്ല വെസ്റ്റ് മേഖലാ മീഡിയാ സെൽ കൺവീനറും, എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമൽ ഉദേഷ് പാർട്ടിയിൽ നിന്ന് രാജിവെച്ചത് ജാതിവിവേചനത്തെ തുടർന്ന് അവഗണിച്ചതിനാലാണെന്ന് പറയുന്നു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജി ഭീഷണി മുഴക്കിയിരുന്നു. കാലങ്ങളായി സീറ്റുകൾ ചിലർ കുത്തകയാക്കി വാഴുകയാണെന്നാണ് മണമൽ ഉദേഷ് ആരോപിക്കുന്നത്. ചുരുക്കത്തിൽ, മൂന്ന് മുന്നണികളിലും, നിന്ന നിൽപ്പിലുള്ള ചവിട്ടിപ്പിടുത്തത്തിലൂടേയും, പല തരം തന്ത്രങ്ങൾ പയറ്റിയുമാണ് നല്ലൊരു വിഭാഗം സ്ഥാനാർത്ഥികൾ സീറ്റുറപ്പിച്ചത്. പലയിടത്തും, റിബൽ ശല്യവും ഉടലെടുത്തിട്ടുണ്ട്.
തൃണമൂൽ സഹകരണം
നിലമ്പൂർ മണ്ഡലം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച പി.വി അൻവർ 20,000-ത്തോളം വോട്ടുകൾ നേടിയിരുന്നു. നഗരസഭാ പരിധിയിൽ മാത്രം അന്ന് 2,000-ത്തോളം വോട്ടുകൾ അൻവർ നേടിയതും ശ്രദ്ധേയമാണ്. 2020-ൽ അൻവറിന്റെ നേതൃത്വത്തിൽ രൂപം നൽകിയ വികസന മുന്നണിയാണ് നിലമ്പൂരിൽ ഇരുപത് വർഷത്തെ യു.ഡി.എഫ് ഭരണം അവസാനിപ്പിച്ച് എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. താൻ എം.എൽ.എ ആയിരിക്കെ എൽ.ഡി.എഫ് ഭരണം നേടിയ അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിലേയും, നിലമ്പൂർ നഗരസഭയിലേയും എൽ.ഡി.എഫ് ഭരണം ഇത്തവണ തടയുക എന്നതാണ് അൻവറിന്റെ പ്രഖ്യാപിത ലക്ഷ്യവും. കോൺഗ്രസ്സിലേയും, സി.പി.എമ്മിലേയും അതൃപ്തരേയും, സീറ്റ് ലഭിയ്ക്കാത്ത ചെറു പാർട്ടികളേയും പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസ്സ് തയ്യാറായിരിക്കുകയാണ്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നയങ്ങൾ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാം എന്നാണ് മുസ്ലിംലീഗ് നിലപാട്. പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്സുമായി സഹകരിച്ചാൽ മലയോര മേഖലകളിലെ പല സി.പി.എം വാർഡുകളും പിടിച്ചെടുക്കാനാകുമെന്നും, യു.ഡി.എഫ് വാർഡുകൾ സുരക്ഷിതമാക്കാനും കഴിയുമെന്നാണ് മുസ്ലിംലീഗ് വിലയിരുത്തുന്നത്. വെൽഫെയർ പാർട്ടിയുമായി പരസ്യ കൂട്ടുകെട്ടുമായി ലീഗ് മുന്നോട്ട് പോവുകയാണ്. ഇത്തവണ വെൽഫയർ പാർട്ടി അധിക സീറ്റ് ആവശ്യപ്പെട്ട ചിലയിടങ്ങളിൽ സ്വന്തം സീറ്റ് മുസ്ലിംലീഗ് വിട്ടുകൊടുത്തിട്ടുമുണ്ട്. അതോടൊപ്പം അൻവറിന്റെ തൃണമൂൽ കോൺഗ്രസ്സുമായും സഹകരണത്തിലാണ് മുസ്ലിംലീഗ്. തൃണമൂലിനെ യു.ഡി.എഫുമായി സഹകരിപ്പിക്കാൻ തയ്യാറെന്ന നലയിൽ ചില സീറ്റുകൾ മുസ്ലിംലീഗ് അവർക്കും വിട്ടുനൽകിയിട്ടുമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ്സിന്റെ യു.ഡി.എഫ് മുന്നണി പ്രവേശം പോലെ ഇക്കാര്യത്തിലും കോൺഗ്രസ്സിന്റെ നിലപാടിന് വ്യക്തതയില്ല. മലയോര മേഖലയായ കരുളായി പഞ്ചായത്തിൽ യു.ഡി.എഫ്-തൃണമൂൽ സഖ്യമായാണ് മത്സരിക്കുന്നത്. ഇവിടെ രണ്ട് വാർഡുകളിൽ യു.ഡി.എഫ് പിന്തുണയോടെ തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് പഞ്ചായത്ത് നേതൃത്വമാണ് ഈ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും. ഇവിടുത്തെ 10, 14 വാർഡുകളിലാണ് തൃണമൂൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഇതിനിടെ പി.വി അൻവറിന്റെ ഒതായിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) പരിശോധന നടത്തിയത് പ്രാദേശിക ഊഹാപോഹങ്ങൾക്കും വഴിമരുന്നായിട്ടുണ്ട്. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് പറയുന്നു. നിലമ്പൂർ നഗരസഭയിലെ പാത്തിപ്പാറ, തോണിപ്പൊയിൽ, മുതീരി എന്നീ മൂന്ന് ഡിവിഷനുകളിലും, എടവണ്ണ, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും രേഖപ്പെടുത്തിയ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
സെലിബ്രിറ്റി പഞ്ചായത്ത്
അഞ്ച് വർഷത്തിനിടെ നാല് പ്രസിഡണ്ടുമാർ ഭരിച്ച ഒരു സെലിബ്രിറ്റി പഞ്ചായത്തുണ്ട് മലപ്പുറത്ത്. നിലമ്പൂർ മേഖലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്ത്. കൂറുമാറ്റം കൊണ്ടും, അവിശ്വാസം കൊണ്ടുമാണ് ഈ പഞ്ചായത്ത് സെലിബ്രിറ്റി നിലവാരത്തിലെത്തിയത്. പിന്നിട്ട അഞ്ച് വർഷത്തിനിടെ നാല് പ്രസിഡണ്ടുമാരാണ് ചുങ്കത്തറ ഭരിച്ചത്. ഇക്കാര്യത്തിൽ ചുങ്കത്തറയെ വെല്ലാൻ മറ്റ് പഞ്ചായത്തുണ്ടോ എന്ന കാര്യവും സംശയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 അംഗങ്ങളിൽ യു.ഡി.എഫും, എൽ.ഡി.എഫും 10 വീതം നേടി. സമനില. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചു. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും യു.ഡി.എഫിന്. പിന്നീട് പി.വി അൻവറിന്റെ ഇടപെടലിലൂടെ യു.ഡി.എഫ് സ്വതന്ത്രയായിരുന്ന നജ്മുന്നിസയെ ഇടതുപക്ഷത്തേയ്ക്ക് കൊണ്ടുവന്ന് എൽ.ഡി.എഫ് ഭരണം നേടി. എന്നാൽ കൂറുമാറ്റത്തിനെതിരെ യു.ഡി.എഫ് നൽകിയ കേസ്സിൽ നജ്മുന്നീസയ്ക്ക് സ്ഥാനം നഷ്ടമായി. തുടർന്നുണ്ടായ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 10 വോട്ടുകൾ നേടി സി.പി.എമ്മിലെ ടി.പി റീന പ്രസിഡണ്ടായി. പി വി അൻവർ എൽ.ഡി.എഫ് വിട്ടതോടെ വീണ്ടും ഭരണമാറ്റത്തിന് കളമൊരുങ്ങി. യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിരുദ്ധ വികാരം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഭരണകക്ഷി എം.എൽ.എ ആയിരുന്ന പി.വി അൻവർ. വാർഡ് പുനർനിർണ്ണയത്തിൽ മലപ്പുറത്ത് 223 പുതിയ വാർഡുകൾ രൂപം കൊണ്ടതും, നിലമ്പൂർ വനമേഖലയിൽ കാര്യമായ സ്വാധീനമുള്ള പി.വി അൻവറിന്റെ നീക്കങ്ങളും ഈ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് മലബാർ ജില്ലകളിൽ വോട്ടെടുപ്പുണ്ടാവുക. രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങളും ഡിസംബർ 13-ന് ഒന്നിച്ചാണ് പ്രഖ്യാപിക്കുക.











