06:30pm 18 April 2026
NEWS
സിനിമ വേറെ വിവാദം വേറെ: തഗ് ലൈഫ് നിർമ്മാതാക്കൾ കർണാടക ഹൈക്കോടതിയിൽ
03/06/2025  12:20 PM IST
വിഷ്ണുമംഗലം കുമാർ
സിനിമ വേറെ വിവാദം വേറെ: തഗ് ലൈഫ് നിർമ്മാതാക്കൾ കർണാടക ഹൈക്കോടതിയിൽ

 മറ്റെന്നാൾ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കെയാണ് മണിരത്നം സംവിധാനം ചെയ്യുന്ന കമലാഹാസൻ ചിത്രമായ ടഗ് ലൈഫിന്റെ കർണാടകത്തിലെ പ്രദർശനം ഫിലിം ചേമ്പർ തടഞ്ഞത്. സാംസ്‌കാരിക മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് ചേമ്പർ ആ തീരുമാനം കൈക്കൊണ്ടത്. കന്നഡഭാഷ തമിഴിൽ നിന്ന് പിറവിയെടുത്തതാണെന്ന കമലിന്റെ പരാമർശം കന്നഡ ഭാഷാസ്നേഹികളെയും സംഘടനകളെയും പ്രകോപിപ്പിച്ചിരുന്നു. മാപ്പ് പറയണമെന്നുള്ള ഭാഷാ സംഘടനകളുടെ ആവശ്യം കമൽ തള്ളിയതിനാലാണ് സിനിമ നിരോധിക്കാൻ തീരുമാനിച്ചത്. കമലാഹാസന്റെ നിലപാടിനെ കർണാടക ഗവണ്മെന്റും പ്രതിപക്ഷവും ഒരുപോലെ അപലപിക്കുന്നു. കന്നഡിഗരുടെ പൊതുവികാരം കമലിന് എതിരാണ്. വിവാദം ഭാഷാവിദ്വേഷമായി പരിണമിച്ചിരിക്കുന്നു. കമലാഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഇന്റർനാഷണൽ ആണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. സിനിമ കർണാടകത്തിൽ സുരക്ഷിതമായി പ്രദർശിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടല്ല നിരോധനം ഏർപ്പെടുത്തിയതെന്ന് നിർമ്മാതാക്കൾ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. "ഏതെങ്കിലും ഭാഷയെ മോശമായി ചിത്രീകരിക്കുന്ന ഒന്നുംതന്നെ സിനിമയിലില്ല. നായകവേഷം ചെയ്യുന്ന കമലാഹാസൻ സൗഹൃദാന്തരീക്ഷത്തിൽ സ്നേഹപൂർവ്വം നടത്തിയ ഒരു പ്രസ്താവനയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചിലർ വിവാദമാക്കി. അതിന്റെ പേരിലാണ് നിരോധനം ഏർപ്പെടുത്തിയത്. എല്ലാ ഭാഷകളെയും സ്നേഹിക്കുന്ന ആളാണ് കമലാഹാസൻ. കുടുംബസുഹൃത്തും കന്നഡത്തിലെ പ്രധാനനടനുമായ ശിവരാജ്കുമാറിനെ ഒപ്പമിരുത്തി നടത്തിയ നിർദോഷ പരാമർശമാണ് വിവാദമാക്കിയത്. ആ വിവാദത്തിന് തന്നെ അടിസ്ഥാനമില്ലെന്നിരിക്കെ അതുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയുടെ പ്രദർശനം തടഞ്ഞത് അന്യായവും ജനാധിപത്യവിരുദ്ധവുമാണ്. ആയതിനാൽ സിനിമ റിലീസ് ചെയ്ത് സുരക്ഷിതമായി പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ ഉത്തരവിടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു" നിർമ്മാതാക്കൾ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഇന്നോ നാളെയോ കോടതി ഹരജി പരിഗണിക്കും. അതിനിടെ കെ എഫ് സി സി ( കർണാടക ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്) ഇന്ന് യോഗം ചേരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img