
2025-26 ൽ പത്തിൽ കൂടുതൽ തവണ ട്രഷറി കാലി ആയിരുന്നു. അപ്പോഴാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഖജനാവിൽ പൂച്ചപെറ്റ കിടക്കുന്നകാര്യം പറഞ്ഞത്.
യു.ഡി.എഫിൽ കെ.എം. മാണി സാർ ജീവിച്ചിരുന്നപ്പോൾ ധനകാര്യമന്ത്രിയുടെ കുത്തക അദ്ദേഹത്തിനായിരുന്നു. കോൺഗ്രസിൽ നിന്ന് സി.വി. പത്മരാജനേയും തച്ചടി പ്രഭാകരനേയും ഇറക്കി മാണിസാറിന്റെ കുത്തക പൊളിച്ചത് കെ. കരുണാകരന്റെ ഭരണകാലത്താണ്.
2011 ൽ മന്ത്രിയാക്കണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിച്ച രണ്ടുപേർ വി.ഡി. സതീശനും കെ. മുരളീധരനുമായിരുന്നു. സോണിയാഗാന്ധിയുടെ പ്രത്യേകദൂതനായി ചങ്ങനാശ്ശേരിയിൽ വന്ന കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിനെ സ്വീകരിക്കാനെത്തിയത് അന്നത്തെ പ്രതിപക്ഷ നേതാവ്, ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒരുമിച്ചാണ്. ചങ്ങനാശ്ശേരിയിൽ നിന്ന് ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തലയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര മന്ത്രിപദവിയുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കെ.എം. മാണിയുടെയും പേര് പറഞ്ഞാണ് രമേശിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടി തെറിപ്പിച്ചത്. വി.ഡി. സതീശനെ ധനകാര്യമന്ത്രിയാക്കണമെന്ന് രമേശ് ചെന്നിത്തല നിർദ്ദേശിച്ചെങ്കിലും കെ.എം. മാണിയെ മാറ്റിനിർത്താനുള്ള ധൈര്യം ഉമ്മൻചാണ്ടിക്കില്ലായിരുന്നു. അതേപോലെ ആദ്യം കെ. മുരളീധരന്റെ പേര് പറഞ്ഞ എൻ.എസ്.എസ് സ്വരം മാറ്റി. അങ്ങനെ വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായി. വെള്ളാപ്പള്ളിയെ കാണാൻ പോയി എന്നുപറഞ്ഞാണ് കെ. മുരളീധരൻ ഒഴിവാക്കപ്പെട്ടത്. കുഞ്ഞൂഞ്ഞ്- കുഞ്ഞാലിക്കുട്ടി- കുഞ്ഞുമാണി ഭരണമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കുപോലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മീറ്റിംഗിൽ ആ ഭരണത്തെ വിശേപ്പിക്കേണ്ടി വന്നു.
മനസ്സിൽ ഒളിഞ്ഞുകിടന്ന ആ പ്രതികാരം സതീശൻ ഇപ്പോൾ തീർത്തു. മുഖ്യമന്ത്രിയുടെ പൊതുവായ ജോലിഭാരം കണക്കിലെടുക്കാതെ ധനകാര്യ വകുപ്പിന്റെ അധികഭാരം കൂടി ഏറ്റെടുത്തു. കെ. മുരളീധരനെ ആരോഗ്യവകുപ്പു മന്ത്രിയാക്കി. തലവേദനയായ ആഭ്യന്തരവകുപ്പ് പത്തുകൊല്ലത്തെ കീഴ്‌വഴക്കം ലംഘിച്ച് രമേശ് ചെന്നിത്തലയെ ഏൽപ്പിച്ചു.
ആരും വിദഗ്ദ്ധന്മാരല്ല
1957 ൽ സി. അച്യുതമേനോനാനായിരുന്നു ധനകാര്യമന്ത്രി. 1960 ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴും ധനകാര്യമന്ത്രിസ്ഥാനം തുടർന്നു. സാധാരണക്കാരനായ പി. കെ. കുഞ്ഞും. പ്രൊഫ. എൻ.കെ. ശേഷനും എസ്.എസ്.പി.യുടെ ധനകാര്യമന്ത്രിയായിരുന്നു. യു.ഡി.എഫിന്റെ വരവോടെയാണ് മാണി സാറിന്റെ തുടക്കവും അദ്ധ്വാനസിദ്ധാന്തത്തിന്റെ ഉദയവും കേരളം കണ്ടത്.
ഡോ. തോമസ് ഐസക്ക് വന്നപ്പോൾ മുതൽ മാണിസാർ ചികിത്സ നടത്തുന്ന പ്രാക്ടീസിംഗ് ഡോക്ടർമാരെ വിളിക്കുന്നതുപോലെ ഡോക്ടർ, ഡോക്ടർ എന്നുവിളിച്ച് തോമസ് ഐസക്കിനെ കളിയാക്കുമായിരുന്നു.
കെ.എൻ. ബാലഗോപാലും വി.ഡി. സതീശനും ഒന്നും ഡോക്ടർമാരല്ല. ഒരു ബഡ്ജറ്റ് വാഗ്‌വാദത്തിൽ ഡോ. തോമസ് ഐസക്കിന്റെ തോൽവി ഇപ്പോഴും വി.ഡി. സതീശന്റെ ക്രെഡിറ്റ് തൂവലിൽ ഉണ്ട്.
കെ.എൻ. ബാലഗോപാലിന്റെ വീട്ടിൽ കണക്കുശാസ്ത്രജ്ഞന്മാരുണ്ട്. കെ.എൻ. മധുസൂദനൻ കോൺട്രാക്ടറാണ്. മറ്റൊരാൾ മുൻ പ്ലാനിംഗ് ബോർഡ് അംഗമായിരുന്നു. അപ്പോൾ ധനകാര്യമന്ത്രിമാർക്ക് അനുഭവ പാരമ്പര്യം തന്നെയാണ് പ്രധാന ഗുരു.
ഖജനാവിൽ കാശുകാർന്നു തിന്നുന്ന തുരപ്പന്മാരുണ്ടോ?
പൂച്ച പെറ്റുകിടക്കുന്ന ട്രഷറിയിൽ പൂച്ച പ്രസവിച്ചത് തുരപ്പന്മാരായ എലികളെയാണോ എന്നാണ് സാധാരണ ജനങ്ങൾ ചോദിക്കുന്നത്. കാരണം ഫലം വന്ന മേയ് 4 നാണ് യു.ഡി.എഫ് അധികാരം ഉറപ്പിച്ചത്. മൂന്നാം പക്കം തന്നെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ക്ലിഫ്ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തുതന്നെ വാടകവീടെടുത്തു. എന്തായാലും ഒരു മാസം മുമ്പ് തന്നെ ഇ.ഡി. റെയ്ഡ് നടന്നു. വീണ്ടും അശുഭലക്ഷണം. പാർട്ടിക്കാർ തന്നെ പിണറായിയുടെ വീടിന്റെ മുറ്റം ചുവപ്പിച്ചു. ഇ.ഡി. ഉദ്യോഗസ്ഥന്മാരുടെ ചോര വീണുകുതിർന്ന മണ്ണ് മഴയത്ത് വാർന്നൊഴുകി പ്രതികൾക്ക് എതിരെ സംസ്ഥാന പോലീസ് ഇട്ട എഫ്.ഐ.ആറിന് ഒരു കേന്ദ്ര സേനയുടെ മണം. അത് പ്രതികളെ തിഹാർ ജയിലിൽ എത്തിക്കാൻ യോഗം തെളിയിക്കുമോ? കേജരിവാളിനെ കിടത്തിയ മുറികൾ കേരളത്തിലെ പോലീസിനെയും ഭരിച്ച സി.പി.എമ്മിനും ഒരു ഒന്നാന്തരം പ്ലാൻ. മുഖ്യമന്ത്രി വി.ഡി. സതീശന്റേയും ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തലയുടേയും ഗൂഢലക്ഷ്യത്തിന് തുല്യം ലക്ഷ്യം തന്നെ. മേലിൽ പാർട്ടി വിളിച്ചാൽ ആരും സമരത്തിനിറങ്ങരുത്. അന്തർധാരയൊന്നും കേരളത്തിൽ ചെലവാകില്ല. അത് കാലഹരണപ്പെട്ടതുകൊണ്ട് ഇപ്പോൾ ഡീലാണ്. ഇപ്പോൾ തോറ്റ മന്ത്രിമാരും എം.എൽ.എമാരും കാലം തെറ്റി പെയ്യുന്ന ഇടവപ്പാതിയിലെ പെരുമഴയത്ത് കമ്പിളിപ്പുതപ്പ് പുതച്ച് ഉറങ്ങുകയാണ്. ഇൻഡ്യാസഖ്യത്തിൽ നിന്ന് അടിച്ചുപുറത്താക്കിയാലും ജനങ്ങൾ അട്ടിപ്പേറായി പോളിറ്റ് ബ്യൂറോയേയും കെട്ടിപ്പിടിച്ച് ദൽഹിയിലെ ചൂടിൽ കിടക്കുമെന്ന വാശിയിലാണ്. കേരളത്തിലെ സി.പി.എമ്മിന്റെ അവസ്ഥയിതാണെങ്കിൽ പിന്നെ ഇടതുപക്ഷ മുന്നണി എന്നുണ്ടോ എന്ന് വല വീശിനോക്കേണ്ടിവരും. സി.പി.ഐ കേരളരാഷ്ട്രീയത്തിലെ ഒരു തമാശ കഥാപാത്രമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് സി.പി.ഐ പറയുന്നതിനൊന്നും സി.പി.എം കാർ കാശിന്റെ വിലപോലും നൽകുന്നില്ല.
പിന്നെ സി.പി.ഐയ്ക്ക് ആശ്വസിക്കാൻ വകയുമുണ്ട്. ഏറ്റവും കൂടുതൽ മന്ത്രിമാർ തോറ്റത് സി.പി.എമ്മിൽ നിന്നാണ്. കഷ്ടിച്ച വോട്ടിന് ജയിച്ചതും സി.പി.എം എം.എൽ.എമാരാണ്. സി.പി.ഐയുടെ മന്ത്രിയായിരുന്ന ചിഞ്ചുറാണി മാത്രമാണ് തോറ്റത്. കെ. രാജനും പി. പ്രസാദും ജി.ആർ. അനിലും ഈ യു.ഡി.എഫ് കൊടുങ്കാറ്റിൽ പിടിച്ചുനിന്നു.
ഇടതുമുന്നണിയിൽ കേരളാകോൺഗ്രസ് മാണിഗ്രൂപ്പും ഐ.എൻ.എല്ലും എൻ.സി.പിയും ഏകാംഗ കേരളാ കോൺഗ്രസ്സുകളും നാമാവശേഷമായി. ഇടതുമുന്നണിയിൽ സി.പി.എമ്മിനും സി.പി.ഐയ്ക്കുമേ എം.എൽ.എ മാരുള്ളൂ. ചുരുക്കത്തിൽ ബംഗാളിലെ സ്ഥിതി മുന്നണിയിൽ എം.എൽ.എമാരില്ലെങ്കിലും കക്ഷികൾക്ക് ക്ഷാമമില്ല. ഇപ്പോൾ പാർട്ടി ഓഫീസുകളും മറ്റ് അനുസാരികളും ഒന്നുമില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അങ്ങിങ്ങെങ്കിലും ഒന്നുരണ്ട് എം.എൽ.എമാരുള്ളത് സി.പി.ഐ.(എം.എൽ) നാണ്.
കാലിഖജനാവ് അഥവാ ധവളപത്രം അല്ലെങ്കിൽ കടക്കെണിരേഖ
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പ്രധാന തർക്കം സർക്കാർ അവതരിപ്പിച്ച വൈറ്റ് പേപ്പർ എന്ന ധവളപത്രത്തെ സംബന്ധിച്ചാണ്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും പിണറായി വിജയനും അവതരിപ്പിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റുകളാണെന്നും താൻ അവതരിപ്പിച്ചത് മാത്രം പൊളിറ്റിക്കൽ ഡോക്യുമെന്റ് അല്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം. എന്നാൽ പിണറായിയുടെ വാദം ശരിവച്ച ചില മാധ്യമങ്ങളും ഇതിനെ കള്ളക്കണക്കായി വ്യാഖ്യാനിക്കുന്നു.
മേയ് നാലാം തീയതി കഴിഞ്ഞ് ആരോ ഭൂതക്കണ്ണാടി വച്ചുനോക്കുമ്പോൾ ഖജനാവിൽ 6440 കോടി രൂപ കിടപ്പുണ്ട്. മുഖ്യമന്ത്രിയായെങ്കിലും സതീശനും അതുകണ്ട് ഊറിച്ചിരിച്ചുകാണും. എന്നാൽ മേയ് 18 ന് സത്യപ്രതിജ്ഞ കഴിഞ്ഞ് ഓഫീസിലെത്തിയപ്പോൾ മുൻ സർക്കാർ കൊടുത്ത ചെക്കുകളുടെ ഒരു പ്രവാഹം ട്രഷറിയിലേക്ക്. അതിന്റെ പരിസമാപ്തിയിലാണ് ട്രഷറി ബാലൻസ് 2100 കോടിയിലെത്തി എന്ന തിരിച്ചറിവ്. അപ്പോഴേക്കും മന്ത്രിമാരുടെ മന്ദിരങ്ങൾക്കുവേണ്ടി മുഖ്യമന്ത്രി കൊടുത്ത ചെക്കുകളുടെ വരവ് തുടങ്ങിയത്, ട്രഷറി കാലിയാകുന്ന ദയനീയ കാഴ്ച കണ്ടുതുടങ്ങിയത്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് എ.കെ. ആന്റണി ആശാന്റെ കാര്യം ഓർമ്മ വന്നത്. ആന്റണിയുടെ മുണ്ടുമുറുക്കൽ ശസ്ത്രക്രിയകളും ധവളപത്രം എന്ന അദ്ദേഹത്തിന്റെ പരിഹാരക്രിയയും ഓർമ്മയിൽ വന്നത്. അന്നത്തെ പ്രധാന പൂജാരിയായിരുന്ന മുൻ മന്ത്രി കെ. ശങ്കരനാരായണന്റെ ഓർമ്മകൾ ഓടിയെത്തിയത്.
കടക്കണക്കുകൾ
കേരള സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപയാണ്. ഏഴര ശതമാനം പലിശയുടെ ബാധ്യത അടുത്ത തലമുറയ്ക്ക് വേണ്ടി കാലാകാലങ്ങളിലെ സർക്കാരുകൾ ഭരിച്ച രാഷ്ട്രീയ നേതാക്കളും അടിച്ചേൽപ്പിക്കുന്ന ബാധ്യതയാണ്. കമ്മിനികത്തൽ എന്ന, ഉലളശരശ േഎശിമിരശിഴ സിദ്ധാന്തമാണ് നമ്മൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
മുൻ സർക്കാർ മാറ്റിവച്ച ബാക്കികടബാധ്യത ഏകദേശം 48,733 കോടി രൂപയാണ്. വിവിധ കുടിശ്ശികകളുമായി ഈ വർഷം തന്നെ കൊടുത്തു തീർക്കേണ്ടുന്ന ബാധ്യത 21690 കോടി രൂപയുടേതാണ്.
കേന്ദ്ര നികുതി വിഹിതം കുടാതെ ജി.എസ്.ടി വിഹിതം റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റ് ഉൾപ്പെടെ ഏകദേശം 77201 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയെന്ന് ഭരണം പോകുന്നവരെ പിണറായി സർക്കാർ സമ്മതിച്ചില്ലെങ്കിലും ധവളപത്രത്തിന്റെ പിന്നിലുള്ള കണക്കുശാസ്ത്രജ്ഞന്മാർക്ക് സമ്മതിക്കേണ്ടി വരും.
കേന്ദ്ര വായ്പാ പരിധി കഴിഞ്ഞും സംഘടിപ്പിക്കാനുള്ള ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് എന്ന മാരാരിക്കുളം കാസ്‌ട്രോയുടെ കിശ്മത്തായിരുന്നു കിഫ്ബി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയടക്കമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥവൃന്ദത്തെ ആട്ടിപ്പായിച്ചുകൊണ്ടുപോകാനുള്ള സൗഹൃദ സംഘത്തിന്റെ ഉടമയായ ഡോ.കെ.എം. എബ്രഹാമിന്റെ ക്രൂരതകൾ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രത്യുൽപ്പാദനപരമായ വരുമാനങ്ങളോ, ടോൾ പിരിക്കാവുന്ന റോഡോ, പണിയാത്ത കിഫ്ബി അഴിമതിയുടെ മറ്റൊരു സ്മാരകമാണ്. പിണറായിയുടെ ഇമേജ് ധർമ്മടം ഉൾപ്പെടെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷ്ഠിച്ചു തകർത്തതാണ് കിഫ്ബിയുടെ ഒരുപ്പോക്കിലെത്തിച്ചുനിൽക്കുന്നത്.
ഗ്യാരന്റിയും വാഗ്ദാനങ്ങളും നടപ്പിലാക്കുവാൻ പറ്റുമോ?
ഇൻഡ്യയിൽ കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലുള്ള തെക്കേ ഇൻഡ്യയിലെ സംസ്ഥാനങ്ങൾ തെലങ്കാന, കർണ്ണാടകം, ഇപ്പോൾ കേരളവും. തമിഴ്‌നാട്ടിൽ കൂട്ടുകക്ഷി മന്ത്രിസഭയിൽ കോൺഗ്രസ്സുണ്ടെങ്കിലും നയിക്കുന്നത് വിജയ്‌യും ടി.വി.കെയും ആണ്. വിജയ് കോൺഗ്രസ് കൂടെക്കൂടുന്നതിന് മുമ്പുതന്നെ ഒരുപാട് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒരു സമ്പന്ന സംസ്ഥാനമാണെങ്കിലും ആറുലക്ഷം മുതൽ സാമ്പത്തിക കടം കോടിക്കണക്കിന് അവർക്കുണ്ട്. വിജയ്‌യും പ്രധാനമന്ത്രിയോട് കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ സംസ്ഥാനങ്ങളിൽ ഏറ്റവും സമ്പന്നമായ സംസ്ഥാനം തെലങ്കാനയാണ്. അവർ വാഗ്ദാനങ്ങൾ ചിലതെല്ലാം നടപ്പിലാക്കി കഴിഞ്ഞു. ഇഷ്ടംപോലെ പത്രപരസ്യങ്ങളും തെലങ്കാന സർക്കാർ നൽകുന്നുണ്ട്.
കർണ്ണാടകത്തിൽ മുഖ്യമന്ത്രി മാറ്റം നടന്നിട്ടെ ഉള്ളൂ. പുതിയ സ്ലേറ്റിൽ എഴുത്ത് ഡി.കെ. ശിവകുമാർ എന്ന മുഖ്യമന്ത്രി എഴുതിതുടങ്ങണം.
കേരളത്തിൽ ആദ്യം ക്ഷേമപെൻഷൻ തുടങ്ങണം. പിന്നെ കോളേജ് വിദ്യാർത്ഥികൾക്ക് ആയിരം രൂപ മാസം അലവൻസ്, ട്രാൻസ്‌പോർട്ടിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചുകഴിഞ്ഞു. ധവളപത്രത്തിന് പിന്നിലുള്ള ഇടിത്തീ കത്തിപ്പുകയുമ്പോഴാണ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി മുളച്ചുപൊങ്ങുന്നത്. രാഷ്ട്രീയം കഴിഞ്ഞു. ഹണിമൂണും കഴിയാറായി. അധികാരങ്ങൾ പങ്കിട്ടുകൊണ്ടിരിക്കുന്നു. ഇനി ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയും മാത്രം.










