04:27am 16 July 2026
NEWS
ഫ്രാൻസിന്റെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്തത് വംശീയതയും വർണവിവേചനവുമോ?
15/07/2026  12:51 PM IST
ഫ്രാൻസിന്റെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്തത് വംശീയതയും വർണവിവേചനവുമോ?

തുടക്കം മുതൽ ഒടുക്കംവരെ ആവേശം നിറയുമെന്ന് പ്രതീക്ഷിച്ച ഫ്രാൻസ് - സ്പെയിൻ സെമി ഫൈനൽ പോരാട്ടത്തിൽ ലോകം കണ്ടത് ആത്മവിശ്വാസം തരിമ്പുമില്ലാതെ നട്ടംതിരിയുന്ന ഫ്രഞ്ച് പടയെയാണ്. ഈ ടീമിന് ഇതെന്തുപറ്റി എന്ന് സ്പെയിൻ ആരാധകർ പോലും അമ്പരന്നിട്ടിണ്ടാകണം. ഏകപക്ഷീയമായ രണ്ടു​ഗോളുകൾക്ക് സ്പാനിഷ് പടയ്ക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്ന ഫ്രാൻസിന് എന്താണ് പറ്റിയത് എന്ന് പരിശധിച്ചാൽ, ഈ പരാജയം അവർ ചോദിച്ച് വാങ്ങിയതാണ് എന്ന് പറയേണ്ടി വരും. ടീം സെലക്ഷനിൽ ഉൾപ്പെടെ ഫ്രാൻസ് കാട്ടിയ വർണവിവേചനമാണ് ഈ പരാജയത്തിന് പിന്നിലെന്ന വികാരം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. 

സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ തങ്ങളുടെ പടയോട്ടം ആരംഭിച്ചത്. ലുകാസ് ഡെഗ്നെ എന്ന മുപ്പത്തിരണ്ടുകാരൻ എങ്ങനെയാണ് ടീമിലെത്തിയത് എന്ന ചോദ്യത്തോടെയാണ് ഫ്രാൻസിന്റെ പരാജയത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടത്. ഫ്രാൻസിന്റെ ദേശീയ ടീമിൽ എംബാപ്പെ ഉൾപ്പെടെ ബഹുഭൂരിപക്ഷവും കുടിയേറ്റക്കാരും കറുത്ത വർ​ഗക്കാരുമാണ്. തദ്ദേശീയരായ താരങ്ങളും ടീമിലുണ്ടാകണം എന്ന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അധികൃതരുടെ പിടിവാശി മാത്രമാണ് ലുകാസ് ഡെഗ്നെയെ ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്ന താരമല്ല ലുകാസ് ഡെഗ്നെ. അതായത്, തന്റെ ഇരുപത്തെട്ടാമത്തെ വയസ്സിൽ ലോകകപ്പ് മത്സരത്തിനിറങ്ങാൻ കഴിയാതിരുന്ന ലുകാസ് ഡെഗ്നെ മുപ്പത്തിരണ്ടാം വയസിൽ എത്തിയെങ്കിൽ അതിനു പിന്നിൽ ദേശീയ- വർണ പരി​ഗണകൾ കടന്നുകൂടിയിട്ടുണ്ടാകാം എന്ന് ഫുട്ബോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. 19 വയസ്സുള്ള യമലിനെ മാർക്ക് ചെയ്ത് സ്പെയിനിന് ഒരു പെനാൽറ്റി നൽകിയത് മുപ്പത്തിരണ്ടു വയസുള്ള ഈ ഫ്രഞ്ച് ഡിഫൻഡറാണ് എന്നത് കൂടി ചേർത്തുവായിക്കുമ്പോൾ മാത്രമേ ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷന്റെ തെരഞ്ഞെടുപ്പിൽ സംഭവിച്ച പാളിച്ച ബോധ്യപ്പെടുകയുള്ളു.

കഴിവും കായികശേഷിയുമുള്ള നിരവധി താരങ്ങൾ ഇന്നും ഫ്രാൻസിലുണ്ട്. മികച്ച കളിക്കാരായ കൗമാര താരങ്ങൾ പോലും ഫ്രാൻസിലുണ്ട്. എന്നാൽ, അവരെല്ലാം കുടിയേറ്റക്കാരും കറുത്തവരുമാണ് എന്ന ആക്ഷേപമാണ് ഫ്രാൻസിലെ യാഥാസ്ഥിതികർ ഉയർത്തുന്നത്. ഇതിനെ മറികടക്കാൻ ടീമിൽ വെളുത്തവർക്ക്(പരമ്പരാ​ഗത ഫ്രഞ്ചുകാർ) സംവരണം ഏർപ്പെടുത്തുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കളിക്കും കായിക മികവിനും അപ്പുറം വെളുപ്പിനും വംശീയതയ്ക്കും മേന്മ കൽപ്പിക്കപ്പെടുമ്പോൾ ഒരുക്കൽ വിശ്വകിരീടത്തിൽ മുത്തമിട്ടവർ ലോക ഫുട്ബോളിൽ നിന്നും അപ്രത്യക്ഷമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

സ്പെയിനിൽ നിന്നും പഠിക്കണം.

സെമിയിൽ തങ്ങളെ തറപറ്റിച്ച സ്പെയിനിൽ നിന്നും വേണം ഫ്രാൻസ് പാഠം പഠിക്കാൻ. യുവതുർക്കികളെ കളിക്കളത്തിലിറക്കി പൊരുതി നേടിയാണ് അവർ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.  2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. സെമി ഫൈനലിൽ കളി നിയന്ത്രിച്ച് മുഴുവൻ സ്പെയിനായിരുന്നു. കളിക്കളത്തിൽ അമ്പരന്ന് നിൽക്കുന്ന ഫ്രഞ്ച് പടയെയാണ് ലോകം കണ്ടത്. സ്പെയിന്റെ പൗ കുബാർസി എന്ന പത്തൊൻപതുകാരൻ നടത്തിയ ചടുല നീക്കങ്ങൾ ഫുട്ബോൾ ലോകത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം എന്ന ഖ്യാതിയോടെ എത്തിയ ഫ്രഞ്ച് പടയെ നിർദാക്ഷണ്യം കീഴടക്കാൻ അവർക്ക് കഴിഞ്ഞു.

യൗവനത്തിന്റെ അതിപ്രസരം സ്പാനിഷ് പടയിൽ വ്യക്തമായിരുന്നു. മറ്റ് മാനദണ്ഡങ്ങളൊന്നുമില്ലാതെ കളിമികവിൽ തെരഞ്ഞെടുക്കപ്പെട്ട താര നിര എന്ന് ഉറപ്പിച്ച് പറയാം. ഫ്രാൻസിന്റെ പുൽമൈതാനങ്ങളിൽ ഇന്നും അത്തരം യൗവനങ്ങളും കൗമാരങ്ങളും പന്ത് തട്ടുന്നുണ്ട്. അവരുടെ വംശമോ വർണമോ നോക്കാതെ പരിശീലനംനൽകി ടീമിലെടുത്താൽ മാത്രമേ നഷ്ടപ്രതാപം വീണ്ടെടുക്കാനാകൂ. 

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img