03:59am 10 November 2026
NEWS
മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനെ പുകഴ്ത്തി സംസാരിച്ചോ? വാസ്തവം അറിയാം..
01/06/2025  12:20 PM IST
nila
മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനെ പുകഴ്ത്തി സംസാരിച്ചോ? വാസ്തവം അറിയാം..

മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനെ പുകഴ്ത്തി സംസാരിച്ചു എന്ന നിലയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ''ഇന്ത്യയിൽ ആർഎസ്എസിന് ഏറ്റവും നല്ല സംഘടന നേരത്തേയുള്ള സ്ഥലമാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് നല്ല സംഘടനാ ശേഷിയാണ് ആർഎസ്എസ് ആർജ്ജിച്ചിട്ടുള്ളത്. അതിന്റെ ഭാ​ഗമായുള്ള ഇടപെടൽ അഖിലേന്ത്യാതലത്തിൽ തന്നെ അവർ നടത്തിക്കൊണ്ടിരിക്കുന്നു. നിങ്ങൾ രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിൽ നോക്കിയാലും ആർഎസ്എസ് പ്രചാരകരായി പോയിട്ടുള്ള ആളുകൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് കാണാൻ പറ്റും. കേരളത്തിലെ ആർ എസ് എസിന്റെ ശേഷി നമ്മൾ ചുരുക്കി കാണേണ്ടതില്ല എന്നാണ് ഞാൻ പറയുന്നത്. നല്ല ശേഷി അവർക്കുണ്ട്'' - സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയിൽ പിണറായി വിജയൻ പറയുന്നത് ഇങ്ങനെയാണ്.

സംഘപരിവാർ കേന്ദ്രങ്ങൾ പിണറായി വിജയൻ ആർ എസ് എസ് വലിയ ശേഷിയുള്ള സംഘടനയാണ് എന്ന് പറയുന്ന വീഡിയോ പ്രചരിപ്പിച്ചതോടെ ഇടത് കേന്ദ്രങ്ങളിലും ആശങ്കയുണ്ടായി. ഇത് ഫേക് വീഡിയോയാണെന്ന തരത്തിൽ ഇടത് സൈബർ ​ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നു. പിണറായി വിജയന്റെ ആർഎസ്എസ് പരാമർശം സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയതോടെയാണ് വീഡിയോയുടെ യാഥാർത്ഥ്യം തേടി കേരളശബ്ദം ഫാക്ട് ചെക്ക് ടീം മുന്നോട്ടു പോയത്. 

കണ്ടെത്തൽ:

സംഘപരിവാർ ​ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്  ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സ് അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞതിന്റെ ഒരു ചെറിയ ഭാ​ഗം മാത്രമാണ്. അതിനു ശേഷവും മുമ്പും പിണറായി വിജയൻ ആർ എസ് എസിനെയും ബിജെപിയേയും കുറിച്ച് പറയുന്നുണ്ട്. 

ആർഎസ്എസിന്റെ ശേഷിയെ രാഷ്ട്രീയമായി കേരളത്തിൽ ഉപയോ​ഗിക്കാൻ അവർക്ക് കഴിയുന്നില്ല എന്നാണ് തുടർന്ന് പിണറായി വിജയൻ പറയുന്നത്. അതിന് കാരണം ഇടതുപക്ഷത്തിന്റെ സ്വാധീനം തന്നെയാണെന്ന് ആർഎസ്എസ് തിരിച്ചറിയുന്നുണ്ട് എന്നും മുഖ്യമന്ത്രി അതേ അഭിമുഖത്തിൽ പറയുന്നു. അതുകൊണ്ടാണ് അവർ ഇടതുപക്ഷത്തിന് നേരേ നല്ലുപോലെ ആഞ്ഞടിച്ച് നോക്കുന്നത് എന്നും മുഖ്യമന്ത്രി പറയുന്നു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നപ്പോഴൊക്കെ കോൺ​ഗ്രസിന്റെ വോട്ടാണ് ബിജെപിക്ക് ലഭിച്ചതെന്നും അഭിമുഖത്തിൽ പിണറായി വിജയൻ പറയുന്നു. 

അതായത്, സംഘപരിവാർ ​ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോ ഫേക്കല്ല, എന്നാൽ പൂർണവുമല്ല. ആർ എസ് എസിന്റെ ശക്തി ദൗർബല്യങ്ങളെ കുറിച്ച് പിണറായി വിജയൻ പറഞ്ഞതിന്റെ ചെറിയൊരു ഭാ​ഗം മാത്രമെടുത്താണ് സംഘപരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img