
മേൽവിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു ചെറിയ ആമുഖം
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ വിവിധ മാധ്യമങ്ങൾ, വാർത്താവതരണങ്ങളിൽ പുലർത്തുന്ന ചില പ്രത്യേകതകൾ ശ്രദ്ധിച്ചപ്പോൾ അതിനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ചപ്പോൾ ഞെട്ടിക്കുന്ന വസ്തുതകളാണ് അപ്പോൾ ലഭിച്ചത്.
അതായത് കേരളത്തിൽ 2021- 22 സാമ്പത്തിക വർഷം മുതൽ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ പത്രമാധ്യമങ്ങൾക്ക് മാത്രമായി പരസ്യങ്ങൾക്ക് വേണ്ടി 117 കോടി 56 ലക്ഷത്തി 78 ആയിരം രൂപ നൽകിയിട്ടുണ്ട്. 01/01/2026 വരെയുള്ള കണക്കനുസരിച്ച് ഇനി 35 കോടി കൂടി കുടിശ്ശിക നൽകാൻ ഉണ്ട്. ആകെ 152.56 കോടി രൂപ.
ദൃശ്യമാധ്യമങ്ങളുടെ കാര്യമെടുത്താൽ മേൽ കാലയളവിൽ 40 കോടി 48 ലക്ഷത്തി 57 ആയിരം രൂപ നൽകി കഴിഞ്ഞു. 01/01/2026 സ്ഥിതി അനുസരിച്ച് 163 കോടി കുടിശ്ശിയായി നൽകാനും ഉണ്ട്. ഇത്രയും ഭീമമായ കുടിശ്ശിക ഉണ്ടായിട്ടും അവരിൽ ആർക്കും യാതൊരു പരാതിയുമില്ല എന്നുള്ളത് അതിശയം തന്നെയാണ്. ഏതായാലും ഈ ഇനത്തിൽ ആകെ 203 കോടി 48 ലക്ഷത്തി 57 ആയിരം രൂപാ.
അങ്ങനെ മേൽസൂചിപ്പിച്ച രണ്ട് ഇനത്തിലും കൂടി കഴിഞ്ഞ നാലേമുക്കാൽ സാമ്പത്തിക വർഷത്തിനിടെ 356 കോടി 53 ആയിരത്തിലധികം രൂപാ.
2026 ജനുവരി 1 ഒന്നിനും മാർച്ചിനും ഇടയിലുള്ള പരസ്യ വിപ്ലവം നമ്മൾ കണ്ടതാണ്. എല്ലാം കൂടി 400 കോടി എങ്കിലും എത്താൻ സാധ്യതയുണ്ട്. ഈ പരസ്യങ്ങളിൽ മഹാ ഭൂരിഭാഗവും ഏതോ ഒരു വ്യക്തിയുടെ മുഖചിത്ര പ്രചാരണത്തിന് വേണ്ടിയാണെന്ന് സംശയിച്ചാൽ ആരെയും കുറ്റംപറയാൻ കഴിയില്ല. ഇതിനു പുറമെയാണ് നവകേരള സർവ്വേ, അയ്യപ്പ സംഗമം എന്നിവയ്ക്ക് വേണ്ടി ധൂർത്തടിച്ച 15 കോടിരൂപ. കിഫിബിയാകട്ടെ പരസ്യങ്ങൾക്കുവേണ്ടി 130 കോടി ചെലവഴിച്ചതായി ഒരു മാധ്യമ വാർത്തയും കണ്ടു. പ്രതിദിനം ആയിരം രൂപയിൽ താഴെ വരുമാനമുള്ള സാധുക്കളുടേതും മറ്റു ദരിദ്ര വിഭാഗങ്ങളുടേതും കൂടി ഉൾപ്പെടുന്നതാണ് ഈ പണം. അക്കൂട്ടർ വേതന വർദ്ധനവിന് നടത്തിയിട്ടുള്ള അഭ്യർത്ഥനകളോടും സമരങ്ങളോടുമുള്ള ക്രൂരമായ നിന്ദയും അപമാനവും നമ്മൾ കണ്ടിട്ടുള്ളതാണ്.
ഇനി മുഖ്യവിഷയത്തിലേക്ക് വരാം.
സർക്കാർ പ്രഖ്യാപനങ്ങളെക്കുറിച്ച് ഇവിടെ എല്ലാ മേഖലയിലും സമസ്ത വികസനവും പാവങ്ങളുടെ ഉദ്ധാരണത്തിന് വേണ്ടിയുള്ള നടപടികളുമാണെന്നാണ് സർക്കാർ വാദം. ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ കാര്യത്തിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് കെഎസ്ഇബിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇവിടെ ചേർക്കുന്നു:-
കെ.എസ്.ഇ.ബി തുടങ്ങി വെച്ചിട്ടുള്ളതും പൂർത്തിയാക്കാൻ സാധിക്കാത്തതുമായ ജലവൈദ്യുതി പദ്ധതികളുടെ വിശദാംശങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി
നിർമ്മാണം തുടങ്ങിയ തീയതി 6/7/2009. എസ്റ്റിമേറ്റ് തുക 81.3 കോടി. നിർമ്മാണം തുടങ്ങുമ്പോൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 8/1/2013. കരാർ കാലാവധി മൂന്നരവർഷം. ഇതുവരെ ചിലവഴിച്ച തുക 67.737 കോടി. ഇനിയും ആവശ്യമുള്ള തുക 22.03 കോടി. ആകെ 89 കോടി. എസ്റ്റിമേറ്റ് തുകയെക്കാൾ 8 കോടി അധികം. ഇപ്പോഴത്തെ സ്ഥിതിയിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി 31/12/2027. മൂന്നര വർഷം കൊണ്ട് തീർക്കാൻ ഉദ്ദേശിച്ചതിന്റെ കാലാവധി 18 വർഷം 5 മാസം. പ്രതീക്ഷിക്കുന്ന ഉൽപാദനം 85 മില്യൺ യൂണിറ്റ്.
2. ഭൂതത്താൻകെട്ട് ചെറുകിട പദ്ധതി
തുടങ്ങിയ തീയതി 15/2/2014. പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 3/8/2016. എസ്റ്റിമേറ്റ് 189 കോടി. കാലാവധി രണ്ട് വർഷം ആറുമാസം. ഇതുവരെ ചെലവഴിച്ച തുക 178.62 കോടി. ഇനിയും ആവശ്യമുള്ളത് 25.8 കോടി. നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി അനന്തം കരാറുകാരനുമായി കേസ് ആയതുകൊണ്ട് - ഈ കാലയളവുകളിലും ഉദ്യോഗസ്ഥരുടെ ശമ്പളവും അലവൻസും വേണ്ടിവന്നാൽ തുക എത്രയോ കൂടാം. ഉത്പാദനശേഷി 24 മെഗാവാൾട്ട്.
3. ചെങ്കുളം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്
തുടങ്ങിയ തീയതി 28/5/2024. എസ്റ്റിമേറ്റ് 330.83 കോടി - പൂർത്തിയാക്കാൻ ഉദ്ദേശിച്ചിട്ടുള്ള തീയതി 19/4/2008 4 വർഷം - ഇതുവരെ ചെലവാക്കിയത് 15.172 കോടി. ഇനിയും ആവശ്യമുള്ളത് 325.8 3 കോടി. ഉൽപാദനശേഷി 24 മെഗാവാൾട്ട്. എസ്റ്റിമേറ്റ് തുകയെക്കാൾ 10 കോടി അധികം
4. മാങ്കുളം ജലവൈദ്യുതി പദ്ധതി
തുടങ്ങിയ തീയതി 16/5/2022. തുടങ്ങിയപ്പോൾ എസ്റ്റിമേറ്റ് 322 കോടി - പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 14/5/2026. നാലുവർഷം. ഇതുവരെ ചെലവാക്കിയ തുക 63.73 കോടി. ഇനിയും ആവശ്യമുള്ള തുക 425.93 കോടി - അതായത് തുടങ്ങിയപ്പോഴുള്ള എസ്റ്റിമേറ്റിനേക്കാൾ 166 കോടി അധികം. കാലാവധി അഞ്ചുവർഷം ആറുമാസം. ഉൽപാദനശേഷി 40 മെഗാവാൾട്ട്. കാലാവധി 18 മാസം അധികം.
5. ചിന്നാർ ചെറുകിട ജലവൈദ്യുതി പദ്ധതി
Phase II തുടങ്ങിയ തീയതി 8/7/ 2022. എസ്റ്റിമേറ്റ് 108 കോടി. പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 8/7/2024. വെറും രണ്ടുവർഷം. ഇതുവരെ ചിലവഴിച്ച തുക 115.86 കോടി. ഇനിയും ആവശ്യമുള്ള തുക 21.78 കോടി. അധിക ചെലവ് 29 കോടി. പ്രതീക്ഷിക്കുന്ന ഉത്പാദിന ശേഷി 24 മെഗാവാൾട്ട്. പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി 31/05/2026. കാലാവധി രണ്ട് വർഷത്തിൽ നിന്നും നാലുവർഷമായി.
6. പഴശ്ശി സാഗർ പദ്ധതി.
തുടങ്ങിയ തീയതി 26/10/2017. എസ്റ്റിമേറ്റ് 113.02 കോടി - പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 10/9/ 2023. കാലാവധി ആറുവർഷം. ഇതുവരെ ചെലവഴിച്ച തുക 39.30 കോടി. ഇനിയും ആവശ്യമുള്ള തുക 73.72 കോടി. പ്രതീക്ഷിക്കുന്ന ഉത്പാദനശേഷി 7.5 മെഗാവാൾട്ട്. ഇപ്പോഴത്തെ നിലയിൽ പണി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി 26/2/2027. അതായത് ഇത്രയും ചെറിയ പദ്ധതിക്ക് 9 വർഷവും 4 മാസവും.
7. ഒലിക്കൽ ചെറുകിട പദ്ധതി
തുടങ്ങിയ തീയതി 19/9/22 . എസ്റ്റിമേറ്റ് തുക 42.50 കോടി. പണിപൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 1/7/2025. കാലാവധി 3 വർഷം . ഇതുവരെ ചെലവഴിച്ച തുക 24.81 കോടി. പണി പൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 6/7/ 2025. മൂന്നു വർഷം. ഇനിയും ആവശ്യമുള്ള തുക 17.72 കോടി. ഇപ്പോൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി 15/9/2026. ഉല്പാദനശേഷി 3 മെഗാവാൾട്ട്.
8. പൂവാറംകോട്ട് പദ്ധതി
തുടങ്ങിയ തീയതി 19/09/2002. എസ്റ്റിമേറ്റ് തുക 40.25 കോടി. പണിപൂർത്തിയാക്കാൻ ഉദ്ദേശിച്ച തീയതി 1/ 7/ 2025. കാലാവധി മൂന്നുവർഷം. ഇതുവരെ ചെലവഴിച്ച തുക 22.24 കോടി. ഇനിയും ആവശ്യമുള്ള തുക 19.68 കോടി. ഇപ്പോഴത്തെ സ്ഥിതിയിൽ പണിപൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന തീയതി 30/ 6/ 2026. ഉല്പാദനശേഷി 3 മെഗാവാൾട്ട്.
മേൽപ്പറഞ്ഞ വിവരങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഈ പദ്ധതികളിൽ നിന്നെല്ലാം നിർമ്മാണം പൂർത്തിയായി ഉത്പാദനം തുടങ്ങിയാലും ലഭിക്കാൻ പോകുന്നത് കേരളത്തിന്റെ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ തുച്ഛമായ വൈദ്യുതിയാണ്. ഇവക്കെല്ലാം കൂടി ഉദ്യോഗസ്ഥരുടെ ഭീമമായ ശമ്പള നിരക്കും കൂടി നോക്കുമ്പോൾ പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ തുകയുടെ നല്ലൊരു ശതമാനം ചിലവാകും. അതുപോലെ ഉൽപാദനം തുടങ്ങിയാലും ജനറേഷനും വിതരണത്തിനും ആവശ്യമായ ഉദ്യോഗസ്ഥരുടെ ശമ്പളവും മെയിന്റനൻസിനും, ഓരോ വർഷവും ചിലവാക്കുന്നതും കഴിഞ്ഞാൽ ഈ പദ്ധതികളിൽ നിന്നെല്ലാം ബോർഡിന് ലഭിക്കാൻ പോകുന്ന ലാഭം വളരെ നിസാരമാണ്.
2007 ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നാലു വർഷം കൊണ്ട് പൂർത്തിയാക്കും എന്ന് കൊട്ടിഘോഴിച്ചു തുടങ്ങിയതും 60 മെഗാവാൾട്ട് ഉൽപാദനശേഷി പ്രതീക്ഷിച്ച് തുടങ്ങിയതുമായ പള്ളിവാസൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 179 കോടിയായിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞമാസം നടന്നു. നിർമ്മാണത്തിന് ചെലവായ തുക 584 കോടി. ഏകദേശം മൂന്നേമുക്കാൽ ഇരട്ടി. കാലാവധി - 19 വർഷം. നാലേമുക്കാൽ ഇരട്ടി. ഇത്രയും നീണ്ട വർഷങ്ങൾ ഉദ്യോഗസ്ഥരുടെ ശമ്പളവും അലവൻസുകളും എത്ര കോടി ചെലവായിട്ടുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇവിടെ ഒരു കാര്യം വ്യക്തമാണ്. കെ.എസ്.ഇ.ബി ആവശ്യമായ എല്ലാ പരിശോധനകൾക്കും, നടപടികൾക്കും ശേഷം തുടങ്ങിയ പദ്ധതികൾ തുടക്കത്തിലുള്ള കാലാവധിക്കുള്ളിലോ എസ്റ്റിമേറ്റ് തുകയ്ക്കുള്ളിലോ പൂർത്തീകരിച്ച് കണ്ടിട്ടില്ല. ഇത്രയും അധികം പൊതുമുതൽ നശിപ്പിക്കുന്നതിന് ഇടയാക്കിയാലും ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ ഒരു വിശദീകരണം ചോദിക്കുകയോ നടപടി എടുക്കാനോ ധൈര്യമുള്ള ഒരു ഭരണാധികാരികളും കേരളത്തിൽ ഉണ്ടായിട്ടില്ല.
ഏതായാലും കേരളത്തിലെ പദ്ധതികൾ മൂലം വൈദ്യുതി ലഭ്യതയിൽ ഒരിക്കലും സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയില്ലെന്ന് ഇവിടുത്തെ യൂണിയനുകൾക്കും, ഉദ്യോഗസ്ഥർക്കും, ഭരണാധികാരികൾക്കും എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും നല്ലവണ്ണം അറിയാം. ഇവിടെ എക്കാലത്തും ദൗർലഭ്യം ഉണ്ടാക്കണമെന്നും പുറമേ നിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങണമെന്നും ഉള്ളത് അവരുടെയൊക്കെ ജീവിത അഭിലാഷവും നിലനിൽപ്പിന്റെ ആവശ്യകതയുമാണ്. ഇത് പരസ്പര സഹായസഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
ഇവിടെയാണ് സോളാർ വൈദ്യുതിയുടെ പ്രസക്തി. ഗാർഹിക ഉപഭോക്താക്കൾ വൻതോതിൽ ഇങ്ങനെ ഈ പദ്ധതിയിലേക്ക് തിരിയുന്നുണ്ടെങ്കിലും അവർ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ നിരക്ക് ബന്ധപ്പെട്ടവരെ സ്വാധീനിച്ച് കുറച്ചു കൊണ്ടുവന്ന് അവരെ പരാജയപ്പെടുത്താനുള്ള നീക്കം വ്യാപകമായി നടക്കുന്നുണ്ടെന്ന് കേൾക്കുന്നു. തെറ്റാണെങ്കിൽ ഖേദിക്കുക.
ഒരു കാര്യം സത്യം. ഇവിടെ ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതിനുവേണ്ടി വാദിക്കുന്നില്ല. ഏറ്റവും ചെറിയ പാർട്ടിയാണെങ്കിലും ഒരു ടെമ്പോ വാനിൽ കയറാനുള്ള അണികൾ എങ്കിലും ബോർഡിലെ ഉദ്യോഗസ്ഥന്മാരായി ഉണ്ടാവും. അവരെ പിണക്കാൻ നേതാക്കൾ തയ്യാറല്ല. നെടുമ്പാശ്ശേരിയിലെ പോലെ ഇത്രയും വിപുലമായ അതും വിജയവുമായ ഒരു പദ്ധതിയെ അനുകരിക്കാൻ സർക്കാരോ ബോർഡോ തയ്യാറാകാത്തത് മാത്രം മതി സോളാർ പദ്ധതിയോടുള്ള ഇവരുടെ ഒക്കെ വൈമുഖ്യം വ്യക്തമാക്കാൻ.
ഇതുപോലെ തന്നെയാണ് 2025 ലെ ആദ്യകാലത്ത് കേന്ദ്രസർക്കാരിന്റെ ഒരു ഉത്തരവ് വന്നത്. അതിൽ എല്ലാ കേന്ദ്ര - സംസ്ഥാന ഓഫീസുകളുടെയും റൂഫ്‌ടോപ്പിൽ സോളാർ പാനലുകൾ സ്ഥാപിക്കണമെന്നും അങ്ങനെ സർക്കാർ ഓഫീസുകൾ സ്വയം പര്യാപ്തമാകണമെന്നും ഇതിനുള്ള നിർദ്ദേശം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഈ ഉത്തരവ് ഇവിടെ നടപ്പിലാക്കിയിരുന്നെങ്കിൽ ഓരോ വർഷവും സ്ഥിരമായുള്ള 90 ദിവസത്തെ സർക്കാർ അവധി ദിവസങ്ങളിലെ ഉൽപാദനം മുഴുവൻ ഗ്രിഡിലേക്ക് എടുക്കാമായിരുന്നു. ഇവിടെ ബോർഡിലെ അണികളെ പേടിച്ചോ എന്തോ ഒരു നേതാവോ സാമൂഹിക പരിഷ്‌കർത്താക്കളോ ഒന്നും ഇതിനുവേണ്ടി വാദിച്ചില്ല.
ഭരണക്കാരുടെ മനോഗതിക്കനുസരിച്ച് ഉത്തരവിറക്കുന്നവരെന്നു തോന്നിപ്പിക്കുന്ന ഉന്നതരും എന്തെങ്കിലും തുടർനടപടി സ്വീകരിച്ചതായി അറിയില്ല.











