12:03pm 20 May 2026
NEWS
ലീഗിൽ പൊതുമരാമത്ത് തർക്കം; എക്സൈസ് വേണ്ടെന്ന് ലിജു; വി.ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനം പ്രതിസന്ധിയിൽ
20/05/2026  09:16 AM IST
സുരേഷ് വണ്ടന്നൂർ
ലീഗിൽ പൊതുമരാമത്ത് തർക്കം; എക്സൈസ് വേണ്ടെന്ന് ലിജു; വി.ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനം പ്രതിസന്ധിയിൽ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു. പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികൾക്കിടയിലെയും കോൺഗ്രസിലെ ഗ്രൂപ്പുകൾക്കിടയിലെയും വടംവലി കാരണം ഗസറ്റ് വിജ്ഞാപനം നീളുകയാണ്. എങ്കിലും തർക്കങ്ങൾ അടിയന്തരമായി പരിഹരിച്ച് ഇന്ന് തന്നെ വിജ്ഞാപനമിറക്കാനാണ് മുന്നണി നേതൃത്വത്തിന്റെ ശ്രമം.
​ലീഗിൽ പൊതുമരാമത്തിനായി വടംവലി
പൊതുമരാമത്ത് വകുപ്പിനെച്ചൊല്ലി മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമാണ്. പി.കെ. ബഷീറും അബ്ദുൾ ഗഫൂറുമാണ് ഈ വകുപ്പിനായി അവകാശവാദമുന്നയിച്ചിരിക്കുന്നത്. മുൻ യു.ഡി.എഫ് സർക്കാരിൽ ഗഫൂറിന്റെ പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. എന്നാൽ, ഇത്രയും വലിയൊരു പ്രധാന വകുപ്പ് സഭയിലെ ഒരു കന്നിക്കാരന് (പുതുമുഖത്തിന്) നൽകുന്നത് ഉചിതമല്ലെന്നാണ് ബഷീർ പക്ഷത്തിന്റെ ശക്തമായ വാദം.
​എക്സൈസിനോട് ലിജുവിന് താത്പര്യമില്ല
അതിനിടെ, തനിക്ക് അനുവദിച്ച എക്സൈസ് വകുപ്പിനോടുള്ള താത്പര്യക്കുറവ് എം. ലിജു പരസ്യമാക്കി കഴിഞ്ഞു. താരതമ്യേന ഭേദപ്പെട്ട സഹകരണമോ, സാംസ്‌കാരികമോ ആയ വകുപ്പുകൾ കിട്ടിയാൽ കൊള്ളാമെന്നാണ് ലിജുവിന്റെ നിലപാട്.
​ഫിഷറീസിലും ഉന്നത വിദ്യാഭ്യാസത്തിലും സങ്കീർണ്ണത
മുസ്ലീം ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പകരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ, ഉന്നത വിദ്യാഭ്യാസം ലീഗിന് വിട്ടുനൽകുന്നതിനോട് കോൺഗ്രസിനും ലത്തീൻ സഭയ്ക്കും യോജിപ്പില്ല. ഈ വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ ശക്തം.
​അനിൽകുമാറിനെയും മുരളീധരനെയും തൃപ്തിപ്പെടുത്താൻ നീക്കം
നേരത്തെ എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകിയതിനെ കെ. മുരളീധരൻ എതിർത്തിരുന്നു. ഇതോടെ ആരോഗ്യം മുരളീധരന് നൽകി, പകരം വൈദ്യുതി അനിൽകുമാറിന് നിശ്ചയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ കെ.സി. വേണുഗോപാൽ പക്ഷം കടുത്ത സമ്മർദ്ദവുമായി രംഗത്തെത്തി. നിലവിൽ മുരളീധരന് നിശ്ചയിച്ച ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിന് നൽകി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പകരം യുവജനക്ഷേമവും കായികവും മുരളീധരന് നൽകാനും ആലോചിക്കുന്നുണ്ട്.
​ഷിബു ബേബിജോണിന് വനം; സണ്ണി ജോസഫ് റവന്യൂവിൽ ഉറച്ചുനിൽക്കും
തൊഴിൽ വകുപ്പ് നിരസിച്ച ഷിബു ബേബിജോണിന് വനം വകുപ്പ് നൽകിയാണ് തത്കാലം തൃപ്തിപ്പെടുത്തിയത്. എന്നാൽ ഫിഷറീസ് കൂടി ഷിബുവിന് നൽകി വനം തിരികെ വാങ്ങാനും അണിയറയിൽ ആലോചനയുണ്ട്. എന്നാൽ രണ്ട് വകുപ്പുകളും ഒരുമിച്ച് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
​അതിനിടെ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ച റവന്യു വകുപ്പ് എ.പി. അനിൽകുമാറിന് നൽകാൻ കെ.സി പക്ഷം ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഒരുമിച്ച് എതിർത്തതോടെ ആ നീക്കം പാളി. സണ്ണി ജോസഫ് തന്നെ റവന്യൂ മന്ത്രിയായി തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img