04:52am 14 August 2026
NEWS
​ശൈഖ് ഹമദിന്റെ നിര്യാണം: ഖത്തറിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇന്ത്യൻ പാർലമെന്റ്
21/07/2026  10:46 AM IST
nila
​ശൈഖ് ഹമദിന്റെ നിര്യാണം: ഖത്തറിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇന്ത്യൻ പാർലമെന്റ്

 

 

​ദോഹ / ന്യൂഡൽഹി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭ അനുശോചനം രേഖപ്പെടുത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച സഭാ നടപടികൾ ആരംഭിച്ച ഉടൻ സ്പീക്കർ ഓം ബിർളയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
​പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി സഭയിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങളും എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു.
​"1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണസാരഥ്യം വഹിച്ച ശൈഖ് ഹമദ്, രാജ്യത്തിന്റെ ആധുനികവൽക്കരണത്തിനും അഭിവൃദ്ധിക്കും നിർണായകമായ പങ്കാണ് വഹിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര-സൗഹൃദ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. ഖത്തറിലെ ജനങ്ങളുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ ഇന്ത്യ ഒപ്പം ചേരുന്നുവെന്ന് 
ലോക്‌സഭാ സ്പീക്കർ
ഓം ബിർള പറഞ്ഞു.​ശൈഖ് ഹമദിന്റെ വേർപാടിൽ ആദരമർപ്പിച്ച് ജൂലൈ 13-ന് ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെക്കുകയും ചെയ്തു.
​ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം നേരിട്ടറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ദോഹ സന്ദർശിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ടെലിഫോണിൽ വിളിച്ച് അനുശോചനം പങ്കുവെക്കുകയും ചെയ്തു.
​ഖത്തറിന്റെ വികസന ശില്പിയായ പിതാവ് അമീറിനോടുള്ള കൃതജ്ഞതയും പ്രാർത്ഥനകളും രേഖപ്പെടുത്താൻ ദോഹയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും വലിയ ജനപ്രവാഹമാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img