
ദോഹ / ന്യൂഡൽഹി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭ അനുശോചനം രേഖപ്പെടുത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച സഭാ നടപടികൾ ആരംഭിച്ച ഉടൻ സ്പീക്കർ ഓം ബിർളയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങി സഭയിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങളും എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു.
"1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണസാരഥ്യം വഹിച്ച ശൈഖ് ഹമദ്, രാജ്യത്തിന്റെ ആധുനികവൽക്കരണത്തിനും അഭിവൃദ്ധിക്കും നിർണായകമായ പങ്കാണ് വഹിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര-സൗഹൃദ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. ഖത്തറിലെ ജനങ്ങളുടെയും രാജകുടുംബത്തിന്റെയും ദുഃഖത്തിൽ ഇന്ത്യ ഒപ്പം ചേരുന്നുവെന്ന്
ലോക്‌സഭാ സ്പീക്കർ
ഓം ബിർള പറഞ്ഞു.ശൈഖ് ഹമദിന്റെ വേർപാടിൽ ആദരമർപ്പിച്ച് ജൂലൈ 13-ന് ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെക്കുകയും ചെയ്തു.
ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം നേരിട്ടറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു ദോഹ സന്ദർശിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ടെലിഫോണിൽ വിളിച്ച് അനുശോചനം പങ്കുവെക്കുകയും ചെയ്തു.
ഖത്തറിന്റെ വികസന ശില്പിയായ പിതാവ് അമീറിനോടുള്ള കൃതജ്ഞതയും പ്രാർത്ഥനകളും രേഖപ്പെടുത്താൻ ദോഹയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും വലിയ ജനപ്രവാഹമാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.











