
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ മരണസംഖ്യ 70,000 പിന്നിട്ടു. യുദ്ധം ആരംഭിച്ച ഒക്ടോബർ 7 മുതൽ ഇതുവരെയുള്ള കണക്കുകളാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. വെടിനിർത്തലിനുശേഷവും 350 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ട്. തെക്കൻ ഗാസയിലെ ബാനി സുഹെയ്ലയിൽ ശനിയാഴ്ച രാവിലെ നടന്ന ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ നിലവിലുള്ളതിനിടെയും ആക്രമണം തുടരുമ്പോൾ, തടവുകാരുടെ കൈമാറ്റവും പുരോഗമിക്കുകയാണ്. ഇതിനകം 20 ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. കൂടാതെ, 28 പേരുടെ മൃതദേഹങ്ങളും ഇസ്രയേലിന് കൈമാറി. മറുവശത്ത്, ഏകദേശം 2,000 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കുകയും നൂറുകണക്കിന് പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം കുറഞ്ഞതിന്റെ സൂചനകൾ ഇപ്പോഴും കാണാനാകാത്ത അവസ്ഥ തുടരുകയാണ്.











