
കോഴിക്കോട്: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുടമകൾ ഇന്ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്നും, ഹോട്ടൽ മേഖലയെ അവശ്യസേവന വിഭാഗമായി അംഗീകരിക്കാമെന്നും അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
നിലവിലെ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് നൽകുന്ന സിലിണ്ടറുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തും.
പൈപ്പ്ലൈൻ കണക്ഷൻ: സിറ്റി ഗ്യാസ് പദ്ധതി നിലവിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ദ്രുതഗതിയിൽ പൈപ്പ്ലൈൻ കണക്ഷനുകൾ നൽകാൻ നടപടി സ്വീകരിക്കും.
ഏകോപനം: സിലിണ്ടർ വിതരണം കാര്യക്ഷമമാക്കാൻ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെയും കെ.എച്ച്.ആർ.എ (KHRA) പ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രത്യേക ഏകോപന സമിതി രൂപീകരിക്കും.
ഓയിൽ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഹോട്ടൽ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായതോടെയാണ് സമരം പിൻവലിക്കുന്നതെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാക്കും അറിയിച്ചു.











