
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച 'മുരാസു' എന്ന പേരിലാകും ഇത് അറിയപ്പെടുക. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ കേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവിടങ്ങൾക്ക് മുകളിലായാണ് ശക്തികൂടിയ ന്യൂനമർദം നിലനിൽക്കുന്നത്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നവംബർ രണ്ടിന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴ ലഭിക്കാനിടയുണ്ട്.
നവംബർ ഒന്നു മുതൽ നാലുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ (നവംബർ ഒന്ന്) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.










