
കൊളംബോ: ദീത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടുന്നു. രാജ്യമൊട്ടാകെ പെയ്ത കനത്ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും മൂലം 56 പേർ കൊല്ലപ്പെടുകയും, 21 പേരെ കാണാതാകുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. 12,000-ത്തിലധികം കുടുംബങ്ങൾ പ്രളയദുരിതത്തിലാണ്. സൈന്യവും രക്ഷാസേനകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും
വീടുകൾ തകർന്നു. പാലങ്ങളും റോഡുകളും ഒലിച്ചുപോയത് കാരണം ഗതാഗത സംവിധാനങ്ങളും താറുമാറായി.
ശ്രീലങ്കയിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറായി കനത്ത മഴ തുടരുകയാണ്. അപകടസാധ്യത ഉയർന്ന പ്രദേശങ്ങൾ ഒഴിപ്പിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചു വിടുകയും സ്കൂളുകളും സർക്കാർ ഓഫിസുകളും അടച്ചിടുകയും ചെയ്തു. വൈദ്യുതി–നെറ്റ്‌വർക്ക് സേവനങ്ങൾ പലയിടങ്ങളിലും തകരാറിലാണെന്ന് റിപ്പോർട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരയ്ക്കെത്തുന്നതിന് മുമ്പേ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്–ആന്ധ്ര തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരി ഉൾപ്പെടെ നിരവധി തീരപ്രദേശങ്ങളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങൾ വിന്യസിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു.
തമിഴ്നാട്ടിലെ നാല് ജില്ലകൾക്ക് റെഡ് അലർട്ടും ആറിടങ്ങൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്തനിവാരണ അതോറിറ്റിയിൽ യോഗം ചേർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് മാത്രമാണ് സാധ്യതയെന്ന് പ്രവചനം.











