
ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ സർവീസ്, യൂണിഫൈഡ് കോൾ സെന്റർ വിഭാഗങ്ങൾ വഴി 2025-ൽ ലഭ്യമാക്കിയത് പത്തുലക്ഷത്തിനടുത്ത് (9,84,787) സേവനങ്ങൾ. സേവനങ്ങളുടെ ഗുണനിലവാരത്തിൽ പൊതുജനങ്ങൾ വലിയ സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. യൂണിഫൈഡ് കോൾ സെന്റർ വഴി സേവനം തേടിയവരിൽ 85 ശതമാനവും കസ്റ്റമർ സർവീസ് ഓഫീസുകളെ സമീപിച്ചവരിൽ 87 ശതമാനവും സംതൃപ്തരാണ്.
ഡിജിറ്റൽ സേവനങ്ങൾക്കാണ് കഴിഞ്ഞ വർഷം കൂടുതൽ സ്വീകാര്യത ലഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി 5,42,987 അപേക്ഷകൾ പ്രോസസ്സ് ചെയ്തു. 'ഔൺ' (Oun) ആപ്പ് വഴി 2.4 ലക്ഷത്തിലധികം അപേക്ഷകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി 2.45 ലക്ഷത്തിലധികം ഇടപെടലുകളും രേഖപ്പെടുത്തി. നേരിട്ടുള്ള ഇടപാടുകൾക്കായി കസ്റ്റമർ സർവീസ് ഓഫീസുകളെ സമീപിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമാണ്.
വാട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴിയും മന്ത്രാലയം സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിൽ മന്ത്രാലയം കൈവരിച്ച പുരോഗതിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.











