10:45am 12 November 2026
NEWS
ഡിജിറ്റൽ തെളിവുകളുടെ നൂതന ഫിംഗർപ്രിന്റ് സിസ്റ്റത്തിന് കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്
20/12/2025  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിജിറ്റൽ തെളിവുകളുടെ നൂതന ഫിംഗർപ്രിന്റ് സിസ്റ്റത്തിന് കുസാറ്റ് ഗവേഷകർക്ക് പേറ്റന്റ്
HIGHLIGHTS

1. Dr. K V Pramod

2. Sukrith B

3. Dr. M B Santosh Kumar

4. Vijith T K Thekke Koodathil

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ വികസിപ്പിച്ച “System and Method for Generating Digital Fingerprint of a Digital Evidence” എന്ന നൂതന സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചു. ക്രിമിനൽ അന്വേഷണങ്ങളിലും ഡിജിറ്റൽ ഫോറൻസിക് രംഗത്തും ഉപയോഗിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതാണ് ഈ സിസ്റ്റത്തിന്റെ ലക്ഷ്യം.

കുസാറ്റിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിലെ സൈബർ ഇന്റലിജൻസ് റിസർച്ച് ലാബോറട്ടറിയിലെ സീനിയർ റിസർച്ച് ഫെലോ വിജിത് ടി കെ തെക്കേ കൂടത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. എം ബി സന്തോഷ് കുമാർ, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് വിഭാഗത്തിലെ എമിറിറ്റസ് പ്രൊഫസർ ഡോ. കെ വി പ്രമോദ്, സൈബർ ഇന്റലിജൻസ് റിസർച്ച് ലാബിലെ റിസർച്ച് സ്കോളർ സുകൃത് ബി എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്.

നിലവിലുള്ള ഡിജിറ്റൽ എവിഡൻസ് ഹാഷിംഗ് രീതികളെ കൂടുതൽ ശക്തമാക്കുന്ന രീതിയിൽ അധിക സുരക്ഷാ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. ക്രിപ്റ്റോഗ്രാഫിക് ഹാഷ് മൂല്യങ്ങൾ, ഹാർഡ്‌വെയർ തിരിച്ചറിയൽ വിവരങ്ങൾ, ഫിംഗർപ്രിന്റിംഗ് നടന്ന കൃത്യമായ സ്ഥലം രേഖപ്പെടുത്തുന്ന ജിയോലൊക്കേഷൻ ഡാറ്റ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഡിജിറ്റൽ ഫിംഗർപ്രിന്റ് സൃഷ്ടിക്കുന്നത്. യഥാർത്ഥ ഡിജിറ്റൽ തെളിവിൽ മാറ്റം വരാതിരിക്കാനായി ബിൽഡ്-ഇൻ-റൈറ്റ്-ബ്ലോക്ക് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിയമപ്രവർത്തകരും ഫീൽഡ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യ സ്ഥലങ്ങളിൽ സിസ്റ്റം പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഫോറൻസിക് മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ചെയിൻ-ഓഫ്-കസ്റ്റഡി രേഖപ്പെടുത്തൽ ശക്തിപ്പെടുത്തുന്നതിനും, കോടതികളിലെ ഡിജിറ്റൽ രേഖകളുടെ മൂല്യം വർധിപ്പിക്കുന്നതിനും ഈ പേറ്റന്റ് നേടിയ സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ വിവരങ്ങൾക്ക് ഡോ. എം ബി സന്തോഷ് കുമാർ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി, കുസാറ്റ് ഫോൺ: 9746622326

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img