10:44am 13 November 2026
NEWS
കുസാറ്റും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും ചേർന്ന് സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവെച്ചു
29/08/2025  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും ചേർന്ന് സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവെച്ചു
HIGHLIGHTS

കൊച്ചിൻ ഷിപ്യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായരും കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയും ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) ചേർന്ന് സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം (Center of Excellence - CoE) സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവു കേന്ദ്രത്തിനു ലഭിക്കും.

കപ്പൽ നിർമ്മാണ വ്യവസായത്തിനുതങ്ങുന്ന ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക, അക്കാദമിക-വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് - കുസാറ്റ് സഹകരണത്തോടെ രൂപീകരിക്കുന്ന ഈ മികവുകേന്ദ്രം സോഫ്റ്റ്‌വെയർ വികസനം, സ്കിൽ ഡെവലപ്മെന്റ്, അപ്പ്സ്‌കില്ലിങ്, ഡിജിറ്റലൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നേവൽ ആർക്കിടെക്ച്ചർ, സിഎഫ്ഡി, എഫ്ഇഎ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കായി ഉയർന്ന നിലവാരമുള്ള കമ്പ്യൂട്ടിങ് സൗകര്യങ്ങളും, മറൈൻ സോഫ്റ്റ് വെയറുകളും ഒരുക്കി, കപ്പൽ രൂപകല്പന, കപ്പൽ നിർമ്മാണം, അത്യാധുനിക കപ്പൽ വിശകലനം എന്നിവയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചിൻ ഷിപ്പ്യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ.എം ജുനൈദ് ബുഷിരി  ധാരണാപത്രം കൈമാറി. സിഎസ്എൽന്റെ സിഎസ്ആർ ഫണ്ടിന്റെ മാനേജ്മെന്റിനും നടപ്പാക്കലിനുമായി കുസാറ്റ് വൈസ് ചാൻസലർ ഡോ.എം ജുനൈദ് ബുഷിരി, ഷിപ്പ് ടെക്‌നോളജി വകുപ്പ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. സതീഷ് ബാബു പി കെ യെ കോർഡിനേറ്ററായും, ഷിപ്പ് ടെക്‌നോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മനോജ് ടി ഐസകിനെയും ഡോ. രാജേഷ് പി നായരേയും അസിസ്റ്റന്റ് കോർഡിനേറ്റർമാരായി നാമനിർദേശം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

കൊച്ചിൻ ഷിപ്പ്യാർഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) അഞ്ജന കെ ആർ, ജനറൽ മാനേജർ (എച്ച്ആർ & എൽഡി) സുഭാഷ് എ കെ, ഡെപ്യൂട്ടി ജനറൽ മാനേജർ ജതേഷ് ചന്ദ്ര, അസിസ്റ്റന്റ് മാനേജർ (ഡിസൈൻ) മുഹമ്മദ് ശഹീദ്, സീനിയർ മാനേജർ (ഡിസൈൻ) ഹരികൃഷ്ണൻ യു ആർ, സിഎസ്ആർ (അഡ്വൈസർ) സമ്പത് കുമാർ, സിഎസ്ആർ മാനേജർ യൂസഫ് എ കെ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പറും യൂത്ത് വെൽഫയർ ഡയറക്ടറുമായ ഡോ. പി കെ ബേബി, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ ഡോ. ശശിഗോപാലൻ, ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ പി ജി, കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img