
മലപ്പുറം:സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ അസാധാരണമായ കലഹവും നാടകീയ നീക്കങ്ങളുമാണ് അരങ്ങേറുന്നത്. തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയ പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കി. രണ്ടത്താണിയുടെ ഈ നീരസം മുതലെടുത്ത് അദ്ദേഹത്തെ ഇടതുപാളയത്തിലെത്തിക്കാനും തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും സി.പി.എം തന്ത്രപരമായ നീക്കങ്ങൾ നടത്തിയിരുന്നു. സി.പി.ഐ സീറ്റായ തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാൻ പോലും സി.പി.എം ആലോചിച്ചെങ്കിലും, താൻ പാർട്ടി വിടാനില്ലെന്ന് രണ്ടത്താണി ഇന്നലെ രാത്രി വൈകി വ്യക്തമാക്കിയതോടെ ആ നീക്കം പാളി.
തങ്ങൾമാരെ കരുവാക്കി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ തിരൂരങ്ങാടിയിൽ കെട്ടിയിറക്കിയതാണെന്ന ഗുരുതരമായ ആരോപണമാണ് രണ്ടത്താണി ഉയർത്തിയത്. പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായം തേടാതെയും പാർട്ടി അണികൾക്ക് പരിചിതമല്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയതിലും വലിയ പ്രതിഷേധമുണ്ട്. ഇതിനിടെ വനിതാ ലീഗും സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പരസ്യമായ കലഹവുമായി രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയയെയും ജയന്തി രാജനെയും മത്സരിപ്പിക്കുന്നുണ്ടെങ്കിലും ഇരുവരും വനിതാ ലീഗ് പ്രതിനിധികളല്ലെന്നാണ് ഇവരുടെ വാദം. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാടിനെ പരിഗണിക്കാത്തതിലുള്ള അമർഷം പ്രകടമാണ്.
കെ.ടി. ജലീലിന് ശേഷം ലീഗിലെ മറ്റൊരു പ്രധാനിയെ കൂടി അടർത്തിയെടുക്കാമെന്ന സി.പി.എം സ്വപ്നം തൽക്കാലം പൊലിഞ്ഞെങ്കിലും മലപ്പുറത്തെ ചില സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിച്ച് മറ്റ് പാർട്ടികളിലെ അസംതൃപ്തർക്കായി സി.പി.എം വലവിരിച്ചിരിക്കുകയാണ്അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ഇടപെട്ട് രണ്ടത്താണിയെയും വനിതാ നേതാക്കളെയും അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. എല്ലാവരെയും ചേർത്തുപിടിച്ച് വിവാദങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ വനിതാ ലീഗിന് കൂടി പ്രാതിനിധ്യം നൽകി പ്രതിഷേധം തണുപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.











