07:59am 06 May 2026
NEWS
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും
06/05/2026  06:32 AM IST
nila
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നഷ്ടമായതോടെ സിപിഎം വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്കാണ് നീങ്ങുന്നത്. ഒരുകാലത്ത് നിരവധി സംസ്ഥാനങ്ങളിൽ അധികാരം കൈവശംവെച്ചിരുന്ന പാർട്ടി, ഇപ്പോൾ രാജ്യത്ത് എവിടെയും ഭരണത്തിലില്ലാത്ത സാഹചര്യത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി ചോദ്യം ചെയ്യപ്പെടുമെന്ന ചർച്ചകളും ശക്തമാണ്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ദേശീയ പാർട്ടി പദവി നിലനിർത്താൻ വിവിധ വഴികളുണ്ട്. അവയിൽ പ്രധാനമായത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി നേടുക എന്നതാണ്. സിപിഎം ഇപ്പോൾ അതുവഴിയാണ് ദേശീയ പദവി സംരക്ഷിച്ചിരിക്കുന്നത്.

സംസ്ഥാന പാർട്ടി ആകാനുള്ള മാനദണ്ഡങ്ങൾ

അഞ്ച് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ മാത്രമേ ഒരു രജിസ്റ്റർ ചെയ്ത പാർട്ടിക്ക് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കൂ:

  1. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത സാധുവായ വോട്ടുകളുടെ കുറഞ്ഞത് ആറ് ശതമാനം നേടുകയും ആ സംസ്ഥാന നിയമസഭയിൽ കുറഞ്ഞത് രണ്ട് സീറ്റുകൾ നേടുകയും വേണം.
  2. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത സാധുവായ വോട്ടുകളുടെ കുറഞ്ഞത് ആറ് ശതമാനം നേടുകയും ലോക്‌സഭയിൽ കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുകയും വേണം.
  3. ഒരു പാർട്ടി ആ സംസ്ഥാനത്തിന് അനുവദിച്ച മൊത്തം സീറ്റുകളുടെ മൂന്ന് ശതമാനമോ അതിൽ നിന്നുള്ള ഏതെങ്കിലും ഭാഗമോ നേടണം.
  4. ലോക്‌സഭയിൽ സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ഓരോ 25 അംഗങ്ങൾക്കും അല്ലെങ്കിൽ ഏതെങ്കിലും ഭിന്നസംഖ്യയ്ക്കും കുറഞ്ഞത് ഒരു എംപി.
  5. ഉദാരവൽക്കരിച്ച മാനദണ്ഡങ്ങൾ പ്രകാരം, സംസ്ഥാനത്ത് പോൾ ചെയ്ത ആകെ സാധുവായ വോട്ടുകളുടെ എട്ട് ശതമാനമോ അതിൽ കൂടുതലോ നേടിയാൽ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കുന്നതിന് അർഹതയുണ്ടാകുമെന്ന മറ്റൊരു വ്യവസ്ഥ കൂടിയുണ്ട്.

കേരളത്തിൽ ഭരണം നഷ്ടമായെങ്കിലും പാർട്ടിയുടെ വോട്ട് വിഹിതവും നിയമസഭയിലെ സാന്നിധ്യവും ഇപ്പോഴും ശക്തമാണ്. അതേസമയം പശ്ചിമ ബംഗാളിലും ത്രിപുരയിലും പഴയ ആധിപത്യം കുറഞ്ഞെങ്കിലും സംസ്ഥാന പാർട്ടി പദവിക്കാവശ്യമായ അടിസ്ഥാന വോട്ട് വിഹിതം പാർട്ടിക്ക് ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായുള്ള മത്സരത്തിലൂടെ ആവശ്യമായ പിന്തുണ നിലനിർത്താനായി.  ഈ നാല് സംസ്ഥാനങ്ങളിലെ സാന്നിധ്യമാണ് രാജ്യത്തുടനീളം ‘അരിവാൾ ചുറ്റിക നക്ഷത്രം’ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം സിപിഎമ്മിന് തുടരാൻ സഹായിച്ചത്.

എന്നാൽ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ രണ്ടു സീറ്റുകളിലും പശ്ചിമ ബം​ഗാളിൽ ഒരു സീറ്റിലുമാണ് സിപിഎമ്മിന് വിജയിക്കാനായത്. പശ്ചിമ ബം​ഗാളിൽ 4.45 ശതമാനം വോട്ടുവിഹിതം മാത്രമാണ് സിപിഎമ്മിന് സമാഹരിക്കാനായത്. തമിഴ്നാട്ടിലാകട്ടെ, രണ്ട് സീറ്റുകൾ നേടിയിട്ടും 0.60 ശതമാനമാണ് വോട്ടുവിഹിതം. ഇതോടെ, ഈ രണ്ട് സംസ്ഥാനത്തും സംസ്ഥാന പാർട്ടി പദവി സിപിഎമ്മിന് നഷ്ടമാകും. ഇതോടെ സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകും. 

ദേശീയ പാർട്ടി പദവി നിലനിൽക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് നിർണായകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥിരമായ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാനാകുന്നതിന് പുറമെ, ഡൽഹിയിൽ പാർട്ടി ഓഫീസ് സ്ഥാപിക്കാൻ സർക്കാർ ഭൂമി ലഭിക്കുക, ദൂരദർശൻ-ആകാശവാണി വഴി സൗജന്യ പ്രചാരണ സമയം നേടുക തുടങ്ങിയ ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img