06:44pm 19 October 2026
NEWS
സതീശൻ സർക്കാരിന് ജനങ്ങളുടെ കയ്യടി; സി.പി.എം ശ്രമം വ്യക്തിഹത്യയിലൂടെ വിശ്വാസ്യത തകർക്കാൻ -അഡ്വ. ഫിൽസൺ മാത്യൂസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി)
16/10/2026  01:27 PM IST
ചെറുകര സണ്ണീലൂക്കോസ്
സതീശൻ സർക്കാരിന്  ജനങ്ങളുടെ കയ്യടി; സി.പി.എം ശ്രമം വ്യക്തിഹത്യയിലൂടെ വിശ്വാസ്യത തകർക്കാൻ -അഡ്വ. ഫിൽസൺ മാത്യൂസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി)

വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റിട്ട് ഒക്‌ടോബർ 18 ന് 5 മാസം തികയുകയാണ്. കേരളത്തിലെല്ലാവിഭാഗം ജനങ്ങൾക്കും പുതുയുഗം വാഗ്ദാനം ചെയ്ത സർക്കാരിന് ജനങ്ങളുടെ വലിയ പ്രതീക്ഷയ്‌ക്കൊത്ത് ഭരണത്തുടക്കം ഇടാൻ കഴിഞ്ഞോ? ഭരണത്തിലും നിലപാടുകളിലും എന്താണ് ഈ സർക്കാരിന്റെ നയം? ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആത്മവിശ്വാസം ഉണ്ടോ? മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയും വിശ്വാസ്യതയും ഇടിക്കാനുള്ള പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും തീവ്രശ്രമത്തിൽ സർക്കാരിന് ഇടർച്ച സംഭവിക്കുന്നുണ്ടോ? ഇവയെക്കുറിച്ചെല്ലാം മുഖ്യമന്ത്രിയുടെ വിശ്വസ്തനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ഫിൽസൺ മാത്യൂസ് 'കേരളശബ്ദം' സീനിയർ പൊളിറ്റിക്കൽ കറസ്‌പോൺന്റ് ചെറുകര സണ്ണീലൂക്കോസുമായി സംസാരിക്കുന്നു.

? 2026 ലെ തിരഞ്ഞെടുപ്പിൽ കേരളജനത, മാറ്റത്തിനുവേണ്ടിമാത്രമല്ല നാടിന്റെ വളർച്ചയും വികസനവും യുവാക്കൾക്ക് സ്വന്തം നാട്ടിൽ തൊഴിൽ അവസരവും യാഥാർത്ഥ്യമാക്കുന്നതിനും കൂടിയാണ് വോട്ടുരേഖപ്പെടുത്തിയത്. ഇക്കാര്യങ്ങളിൽ പ്രതീക്ഷയ്ക്ക് വകനൽകുന്ന തുടക്കം ഇടാൻ 5 മാസം കൊണ്ട് വി.ഡി. സതീശൻ സർക്കാരിന് സാധിച്ചോ?

തീർച്ചയായും. തൊട്ടുമുൻപുള്ള സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കേവലം 5 മാസം കൊണ്ട് ഇത്രമേൽ മാറ്റം പ്രകടമാകുന്ന ഭരണത്തുടക്കം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നു മുൻവിധികളില്ലാതെ വിലയിരുത്തുന്ന എല്ലാവരും ഒരേപോലെ പറയുന്നുണ്ട്.

? എന്തൊക്കെയാണ് എടുത്തുപറയാവുന്ന കാര്യങ്ങൾ.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി പരാതികൾക്ക് ഇടനൽകാതെ ഫലപ്രദമായി നടപ്പാക്കിയത് സർക്കാരിന് മികച്ച ടേക്ക് ഓഫ് നൽകി. ലഹരിക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ പൊതുജനസ്വീകാര്യത നേടി എന്നുപറഞ്ഞാൽ പോര, രാഷ്ട്രീയഭേദമെന്യേ വീട്ടകങ്ങളിലും വീട്ടമ്മമാരിലും സർക്കാരിലുള്ള വിശ്വാസവും മതിപ്പും വർദ്ധിപ്പിച്ചു.

ആശാവർക്കർമാരുടെ വേതനം ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ 3000 രൂപ വർദ്ധിപ്പിച്ച് വാക്ക് പാലിച്ചു. അംഗനവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് വേതനം 1000 രൂപാവീതം വർദ്ധിപ്പിച്ചു. കിടപ്പുരോഗികൾക്കും കാൻസർ ഓട്ടിസം രോഗികൾക്കും നൽകുന്ന ആശ്വാസകിരണം 600 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. പിണറായി സർക്കാർ വർഷങ്ങൾ കുടിശ്ശിക വരുത്തിയ പിന്നോക്കവിഭാഗം വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് 310 കോടി രൂപ കൊടുത്തുതീർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ വിതരണം പലപ്പോഴും മുടങ്ങിയെങ്കിലും ഈ സർക്കാർ വന്നശേഷം മുടങ്ങാതെ കൃത്യമായി കൊടുത്തുവരുന്നു. കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി സ്‌നേഹസാന്ത്വനം പദ്ധതിക്കായി നൽകി.

ഓണക്കാലത്ത് വിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനും സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. സപ്ലൈകോ- കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിൽ 13 സബ്‌സിഡി സാധനങ്ങളും വില കൂടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഓണത്തിന് രണ്ടുമാസത്തെ സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യം ഒരുക്കി. 2025 വരെയുള്ള 5 വർഷവും സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ റാക്കുകൾ ആയിരുന്നു എന്നതുമറക്കരുത്.

മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഓണക്കാലത്ത് അർഹരായ എല്ലാ വിഭാഗം ആളുകൾക്കും ബോണസും ഉത്സവബത്തയും ലഭ്യമാകുന്നതിനു നടപടിയെടുത്തു. ഓണം പ്രമാണിച്ച് അധ്യപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ വിതരണം ചെയ്തു. കെ.ടി.ഡി.സി,കെ.എസ്.ആർ.ടി.സി- സഹകരണ മേഖല എന്നിവയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും ഉത്സവബത്തയും സാലറി അഡ്വാൻസും ഉറപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികൾക്കും 2000 രൂപയും സഹകാരികൾക്ക് 1000 രൂപയും ചരിത്രത്തിലാദ്യമായി ഓണം ഉത്സവബത്ത ലഭ്യമാക്കി. 

ഹരിതകർമ്മസേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയാക്കി ഉയർത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് മാറ്റിയതിനെത്തുടർന്ന് കുടിശ്ശികയായ പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിന് 32 കോടി അനുവദിച്ചു.

സ്‌പോട്‌സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക തീർക്കാൻ 1.50 കോടി രൂപാ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകാൻ 45 കോടി രൂപ അനുവദിച്ചു. കാരുണ്യ, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകൾ തീർക്കാൻ 200 കോടി രൂപ നൽകി. മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപാ അധികസഹായം നൽകി. പൂട്ടിക്കിടന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയ്ക്കും ഓണക്കിറ്റിനുമായി 20.87 ലക്ഷം രൂപയും നൽകി. ലോട്ടറി ഏജന്റ്മാരുടെയും വിൽപ്പനക്കാരുടെയും ബോണസിൽ 1000  രൂപയുടെ വർദ്ധന വരുത്തി.

സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക തീർക്കാൻ 150 കോടി രൂപ അനുവദിച്ചു. കൺസോർഷ്യം ബാങ്കുകൾ മുഖേന പി.ആർ.എസ് വായ്പയായി നൽകുന്ന രീതിയിൽ ഭൂരിഭാഗം കർഷകർക്കും ഓണത്തിന് മുൻപു തുക ലഭിക്കില്ലെന്നു വിലയിരുത്തി 13,057 കർഷകരുടെ അക്കൗണ്ടിലേക്ക് 96 കോടി രൂപയാണ് ഒറ്റദിവസം സപ്ലൈകോ നേരിട്ടുനൽകിയത്. നെയ്ത്തുകാർക്ക് ഓണസമ്മാനമായി 30 കോടി രൂപയുടെ അടിയന്തിര ധനസഹായം നൽകി. ലൈഫ് മിഷൻ ഭവനപദ്ധതിക്ക് 544 കോടി രൂപ അനുവദിച്ചു. റബ്ബറിന്റെ താങ്ങുവില പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്ക് പാലിച്ച് 200 രൂപയിൽ നിന്ന് 250 ആയി ഉയർത്തി.

വി.ഡി. സതീശൻ സർക്കാരിന്റെ മുൻഗണനാ വിഭാഗം ആരാണെന്ന് ഞാനിവിടെ നിരത്തിയ കണക്കുകളിൽ നിന്ന് വ്യക്തമാണല്ലോ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ഐസക്കിനോ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെ.എൻ. ബാലഗോപാലിനോ ഒരു വർഷം പോലും ഓണക്കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇത്ര ആശ്വാസം നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല. അവർക്കിതൊന്നും സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയുടെ കാലാവധി ഒക്‌ടോബർ 8 ന് പൂർത്തിയായപ്പോൾ 50 വകുപ്പുകൾ പ്രഖ്യാപിച്ച 598 പദ്ധതികളിൽ 565 എണ്ണം പൂർത്തിയാക്കുകയോ വേഗത്തിലാക്കുകയോ ചെയ്തുവെന്നത് ഭരണനിർവ്വഹണത്തിലെ കാര്യക്ഷമതയ്ക്ക് തെളിവാണ്. ഇനി ഫയൽ തീർപ്പാക്കൽ യജ്ഞമാണ്. 

ഞാനിവിടെ പറഞ്ഞ സർക്കാർ ചെയ്ത ഏതെങ്കിലും കാര്യത്തെക്കുറിച്ച് പി.ആർ. പ്രചാരണം നടത്തിയതായി നിങ്ങൾ കാണുകയുണ്ടായോ? ജനങ്ങൾക്ക് നേരിട്ട് അനുഭവം ഉള്ള ഒരു കാര്യത്തിനും പി.ആർ. വർക്കിന്റെ ആവശ്യമില്ല. നേരേമറിച്ച് പിണറായി സർക്കാരിന്റെ കാലത്താണ് ഇതിന്റെ പകുതിയെങ്കിലും ആനുകൂല്യങ്ങൾ വിതരണം ചെയ്തിരുന്നെങ്കിൽ എന്തായിരുന്നേനെ പി.ആർ പ്രചരണം.

? പ്രതിപക്ഷത്തിരുന്നപ്പോൾ വിമർശിച്ച പല കാര്യങ്ങളിലും ഭരണത്തിലെത്തിയപ്പോൾ നടപടിയുണ്ടാകുന്നില്ലെന്ന വിമർശനം ഉണ്ടല്ലോ.

എന്നാരുപറഞ്ഞു? ഏറെ ജനകീയപ്രതിഷേധം ഉയർത്തിയ സിൽവർ ലൈൻ പദ്ധതി(കെ.റെയിൽ) ഉപേക്ഷിക്കുകയും ഇതിനായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമസ്ഥർക്ക് കരുക്കഴിച്ച് നൽകുകയും ചെയ്തത് ആദ്യമന്ത്രിസഭാ യോഗത്തിലല്ലേ? നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിലും മകൾക്ക് ജോലി നൽകുന്നതിലും എന്തെങ്കിലും അമാന്തം ഉണ്ടായോ? ആലപ്പുഴ രക്ഷാപ്രവർത്തനം കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ഈ കേസ് അട്ടിമറിക്കുന്നതിന് ഇടപെട്ടുവെന്ന എസ്.ഐ.ടി കണ്ടെത്തലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറനിനെ സസ്‌പെൻഡ് ചെയ്തു. ഈ വിവാദ ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കാൻ പോകുന്നേ എന്നെല്ലാം പറഞ്ഞ് എന്തെല്ലാം വിവാദങ്ങളും ചാനൽ ചർച്ചകളും നടന്നു എന്ന് കണ്ടതാണ്.

? വി.ഡി. സതീശൻ സർക്കാർ ശരാശരി പ്രതിമാസം 3000 കോടി രൂപയുടെ മുകളിലാണ് കടമെടുക്കുന്നത് എന്നും കടമെടുപ്പ് പരിധി വിടുകയാണെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും കുറ്റപ്പെടുത്തുന്നത്.

അവർ തന്നെയത് പറയണം. ഇവരുടെ കാലത്ത് ധനമാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയ്ക്ക് കേരളത്തിന്റെ ധനസ്ഥിതി ഇത്രയധികം വഷളായ ഒരു കാലയളവും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എൽ.ഡി.എഫ് സർക്കാർ കടം എടുത്തതും സതീശൻ സർക്കാർ കടം എടുക്കുന്നതും തമ്മിലുള്ള വ്യത്യാസം അധികം വൈകാതെ തന്നെ എല്ലാവർക്കും മനസ്സിലാവും. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളിലും പണം എത്തിക്കാനായപ്പോൾ സർക്കാരിന്റെ നികുതിവരുമാനം വർദ്ധിച്ചു. 2025 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.എസ്.ടി വരവിൽ 18.8 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായത്. കഴിഞ്ഞവർഷം ഇതേ കാലയളവിലുണ്ടായിരുന്ന 16482 കോടിയിൽ നിന്ന് ഈ വർഷം 19583 കോടിയായി ഉയർന്നു.

'നിക്ഷേപിക്കാൻ കടം വാങ്ങുക, അതിൽ നിന്നുള്ള സാമ്പത്തികവളർച്ചയിലൂടെ തിരിച്ചടയ്ക്കുക' എന്ന അടിസ്ഥാന സാമ്പത്തിക തത്വം തോമസ് ഐസക്കിന്റെയോ ബാലഗോപാലിന്റോയോ കാലത്ത് കേരളത്തിൽ പാലിക്കപ്പെട്ടേയില്ല. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ വളർച്ചാശേഷി ദുർബലപ്പെട്ടത്.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള സംസ്ഥാനത്തിന്റെ ധനസ്ഥിതി(2026 ജൂണിലെ കണക്ക്) മൊത്തം റവന്യു വരുമാനത്തിന്റെ 77% നിർബന്ധിത ചെലവുകളും 20.9 % പലിശ അടവുകളും എന്നായിരുന്നു. ആകെ കടബാധ്യതകളാകട്ടെ 5.07 ലക്ഷം കോടി രൂപയുമായിരുന്നു. സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ(ജി.എസ്.ഡി.പി) 1.3% മാത്രമായിരുന്നു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ്.

നികുതി നികുതിയേതര വരുമാനങ്ങളും കേന്ദ്രവിഹിതവും ഉൾപ്പെടുന്ന വരവ്, സംസ്ഥാനത്തിന്റെ ചെലവിനേക്കാൾ കുറവാകുമ്പോൾ, ട്രഷറി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന റിസർവ്വ് ബാങ്കിൽ നിന്ന് സംസ്ഥാനത്തിന് കടം വാങ്ങേണ്ടി വരും. ഓരോ വർഷവും എടുക്കുന്ന പൊതുവിപണി വായ്പകളേക്കാൾ കൂടുതലാണ് നിർബന്ധിത ചെലവുകൾ എന്നതാണ് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചത്. നിർബന്ധിത ചെലവുകളിൽ അനാവശ്യമായവ കുറച്ചുകൊണ്ടുവരിക, സംസ്ഥാനത്തിന്റെ തനതുനികുതിവരുമാനത്തിന്റെ പ്രധാന ഘടകമായ ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കുക. ഈ രണ്ട് കാര്യങ്ങളിലാണ് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി ഫലപ്രദമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

നിയമപരമായി നൽകേണ്ടതും എന്നാൽ പണമില്ലാത്തതിനാൽ കഴിഞ്ഞ സർക്കാർ കൊടുത്തുതീർന്നിട്ടില്ലാത്തതുമായ 48,733 കോടി രൂപയുടെ ബാധ്യതയാണ് ഭരണമേൽക്കുമ്പോൾ മുൻധനകാര്യവകുപ്പ് ഈ സർക്കാരിന്റെ തലയിലേക്ക് വച്ചത്. ഇത് കേരളം ഒരു വർഷം എടുക്കുന്ന മൊത്തം വായ്പാത്തുകയ്ക്ക് തുല്യമാണ്. ഇത് ധനകാര്യവകുപ്പിന്റെ കണക്കാണ്. അതുമാത്രമല്ല ഈ സർക്കാർ ധനകാര്യരംഗത്ത് അനുഭവിക്കുന്ന സമ്മർദ്ദം. മുൻപ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായിരുന്നെങ്കിൽ നിലവിൽ കേന്ദ്രമത് 3 ശതമാനമായി വെട്ടിക്കുറച്ചു. 

ഊർജ്ജമേഖലയ്ക്ക് അധികമായി അനുവദിച്ചിരുന്ന 0.5 ശതമാനം കടമെടുപ്പ് ആനുകൂല്യവും ഇപ്പോൾ ലഭിക്കുന്നില്ല. മുൻധനമന്ത്രി ബാലഗോപാൽ ഈ വർഷം ആദ്യം അവതരിപ്പിച്ച ബജറ്റ് തയ്യാറാകുമ്പോൾ 15-ാം ധനകാര്യകമ്മീഷൻ വഴി ലഭിച്ചിരുന്ന 55,000 കോടി രൂപയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടർന്നും ലഭിക്കുമെന്നുള്ള ധാരണയിലാണ് ബജറ്റ് തയ്യാറാക്കിയത്. എന്നാൽ ഈ വർഷം വന്ന 16-ാം ധനകാര്യ കമ്മീഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിക്കാതിരുന്നത് വലിയ തിരിച്ചടിയായി. മാത്രമല്ല നികുതി വിഹിതത്തിലുണ്ടായ കുറവിലൂടെ കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട തുകയിലും ഏകദേശം 20,000 കോടി രൂപയുടെ ഇടിവുണ്ടായി. ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള 38,000 കോടി രൂപയുടെ ബാധ്യതയും തീർക്കാനുണ്ട്. അങ്ങനെ വരുമാനത്തിലും കടമെടുപ്പ് പരിധിയിലും വലിയ കുറവുണ്ടായിട്ടും പരിധിക്കുള്ളിൽ നിന്നുതന്നെയാണ് സതീശൻ സർക്കാർ പ്രവർത്തിക്കുന്നത്.

? കിഫ്ബിയുടെ പ്രവർത്തനങ്ങൾ അനിശ്ചിതത്തിലാകുന്നത് വികസനപ്രവർത്തനങ്ങളെ ബാധിക്കില്ലേ.

ഈ സർക്കാർ അധികാരം ഏറ്റപ്പോൾ കിഫ്ബീക്ക് ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്. ഇതിന്റെ തിരിച്ചടവ് ഭാരം സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. ഏകദേശം 35,000 കോടി രൂപ ചെലവുവരുന്ന പദ്ധതികൾക്ക് ഇനിയും ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. സത്യത്തിൽ കിഫ്ബി ചെയ്യുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക് എടുക്കുകയും മറുവശത്ത് വലിയ ബാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് കിഫ്ബിക്ക് തനതായ വരുമാന സ്രോതസ്സുകളില്ലെന്നും, കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കുമെന്നുമാണ് സി.എ.ജിയുടെ നിലപാട്. മാത്രമല്ല കിഫ്ബി ഫണ്ട് സമാഹരിക്കുന്നതിന്റെ ചെലവ് സർക്കാർ നേരിട്ട് വായ്പയെടുക്കുന്നതിനേക്കാൾ 1 മുതൽ 1.5 ശതമാനം പോയിന്റ് വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി ഒരു സമാന്തര സർക്കാർ പോലെയാണ് പ്രവർത്തിച്ചിരുന്നത്. കിഫ്ബി പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിരുന്നത് രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും കണ്ടെത്തിയിരുന്നു.

ധനവകുപ്പിനെപ്പോലും അറിയിക്കാതെ പ്രത്യേക സാമ്രാജ്യമായി ഇതുവരെ പ്രവർത്തിച്ചപോലെ പ്രവർത്തിക്കാൻ എന്തായാലും കിഫ്ബിയെ അനുവദിക്കില്ല. സർക്കാർ വിശദമായ പഠിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതിന്റെ ഭാവി സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണല്ലോ കിഫ്ബി സ്ഥാപിച്ചത്. എന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിനായി 240 കോടി രൂപ ചെലവഴിച്ചെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 2025 ഏപ്രിൽ-മെയ്മാസങ്ങളിൽ ജില്ലകളിൽ നടത്തിയ എന്റെ കേരളം പദ്ധതിക്കായി 96.44 ലക്ഷം കോടി രൂപയും 'സി.എം വിത്ത് മി' പദ്ധതിക്കായി 6.14 കോടി രൂപയും ചെലവഴിച്ചെന്ന് സൂരി ആൻഡ് കമ്പനി നടത്തിയ ഓഡിറ്റിംഗിൽ പരാമർശമുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്‌സ് ആപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ട് മാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണ് നൽകിയത്. സർക്കാർ അനുകൂല മാധ്യമ വാർത്തകൾ ഓൺലൈൻ വായനക്കാരിൽ മുൻഗണനയായി എത്തിക്കുന്നതിന് 4.41 കോടിയും ചെലവിട്ടു. ദേശീയ പാതയോരങ്ങളിൽ വലിയ ഹോർഡിംഗുകൾ സ്ഥാപിച്ചതിന് 4.27 കോടിയും കിഫ്ബി നൽകിയിട്ടുണ്ട്. ഇങ്ങനെ ഒരു രാഷ്ട്രീയ പ്രചാരണ സംവിധാനമാക്കാനാണോ കിഫ്ബിയുടെ സ്ഥാപനോദ്ദേശം എന്ന് പിണറായിയും ബാലഗോപാലും എല്ലാം മറുപടി പറയണം. 9 വർഷത്തിനിടെ കിഫ്ബിയിൽ നടന്ന ബന്ധുനിയമനങ്ങളുടെ ലിസ്റ്റ് എടുത്താൽ കേരളം ഞെട്ടും.

? പുതിയ സർക്കാർ വന്ന് മാസങ്ങളായിട്ടും പഴയ സർക്കാരിന്റെ കുറ്റവും കുറവും പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിമർശനമുണ്ടല്ലോ.

ഇതാണ് നിങ്ങൾ മാധ്യമങ്ങളുടെ കുഴപ്പം. മുമ്പ് നടന്നിട്ടുള്ള ഗുരുതര വീഴ്ചകൾക്കെതിരെ നടപടിയെടുക്കാൻ വൈകിയാൽ രാഷ്ട്രീയ ഒതതുതീർപ്പാണ് പരസ്പര സഹായസഹകരണമാണ് എന്ന് ആരോപിക്കും. മുഖ്യമന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ട്, അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള എസ്.ഐ.റ്റിയുടെ അന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നടക്കുന്നതുകൊണ്ട് സർക്കാരിനിടപെടുന്നതിന് പരിമിതിയുണ്ട്.

അഭ്യസ്തവിദ്യരായ യുവതലമുറയുടെ ഏകപ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത് നിയമനങ്ങളിൽ സ്വന്തക്കാർക്കായി ക്രമക്കേടു നടത്തിയതിനെതിരെ കർശനനടപടിയുണ്ടാവുക തന്നെ ചെയ്യും. മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്‌ബോൾ ടീമിനെ കൊച്ചിയിൽ കൊണ്ടുവരാമെന്നു പറഞ്ഞ് നഗ്നമായ തട്ടിപ്പ് നടത്തിയവർ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. ഒരു ചാനലിനെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താൽ പേടിച്ചുപോകുന്നയാളല്ല വി.ഡി. സതീശൻ.

ഭൂമിയും വീടുമില്ലാത്തവർക്കായി ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഗുണഭോക്താക്കൾക്ക് ജീവിക്കാൻ കഴിയാത്തവിധം പരിതാപകരമായ അവസ്ഥയിലാണെന്ന് സംസ്ഥാനത്ത് എല്ലായിടത്തുനിന്നും പരാതികൾ വരുന്നു. നിർമ്മാണത്തിൽ കരാർ നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ട്. കരാറുകാർക്കും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടാവേണ്ടേ?

2018 ൽ പിണറായി സർക്കാർ കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ.ഡിസ്‌ക്) എന്ന ഒരു സ്ഥാപനത്തിനു രൂപം നൽകി. പല തസ്തികകളിലായി 250 ൽ ഏറെപ്പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. എല്ലാം രാഷ്ട്രീയ നിയമനങ്ങൾ. 17 കോടി രൂപയാണ് ശമ്പളത്തിന് മാത്രം ഓരോ വർഷവും ചെലവ്. ഇവിടെ വിജ്ഞാനകേരളം പദ്ധതിയുടെ മുഖ്യചുമതലക്കാരനായിരുന്നു ഡോ. തോമസ് ഐസക്ക്. ഇവിടെ സ്ട്രാറ്റജിക് അഡൈ്വസറായി കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി. സരിനേയും കഴിഞ്ഞവർഷം നിയമിച്ചിരുന്നു. 16.62 ലക്ഷം രൂപയാണ് സരിനായി ചെലവഴിച്ചെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. നാടിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഈ സ്ഥാപനം പുനഃസംഘടിപ്പിക്കണ്ടേ?

വിവരാവകാശ നിയമപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കുറച്ചുനാൾ മുമ്പ് നൽകിയ 
ഒരു മറുപടി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. പത്തുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീൽഫീസായി പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത് 245.62 കോടി രൂപ. സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യമുള്ള കേസുകൾ നടത്താൻ സർക്കാർ ശമ്പളം നൽകുന്ന സർക്കാർ വക്കീലന്മാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഈ  തുക ചെലവഴിച്ചത് സർക്കാരിന് രാഷ്ട്രീയ താൽപ്പര്യമുള്ള കേസുകൾ നടത്താൻ പുറത്തുനിന്നു ഏർപ്പെടുത്തുന്ന സീനിയർ അഭിഭാഷകർക്ക് പ്രതിഫലം നൽകാനാണ്. കേരള മെഡിക്കൽ സർവ്വീസിൽ കോർപ്പറേഷൻ ലിമിറ്റഡ് മരുന്നുകളും സാധനങ്ങളും വാങ്ങിയതിന് നടന്ന അഴിമതിയുടെ വ്യാപ്തി ഭീമമാണ്. അങ്ങനെ കഴിഞ്ഞ സർക്കാരിന്റെ അഴിമതിയും ധൂർത്തും പറഞ്ഞാൽ തീരില്ല. അതിനെക്കുറിച്ചൊന്നും മിണ്ടരുതെന്ന് പറഞ്ഞാൽ നടക്കില്ല.

? ഭരണത്തിൽ ഗുണപരമായ മാറ്റവും കാര്യക്ഷമതയും ഉണ്ടാക്കാതെ നാടിനെങ്ങനെ പുരോഗമിക്കാനാവും.

ഈ സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ സിസ്റ്റത്തിൽ ഘടനാപരമായ മാറ്റങ്ങൾക്ക് നടപടി തുടങ്ങിക്കഴിഞ്ഞു. മിക്കവാറും മന്ത്രിസഭാ യോഗങ്ങളിൽ അതിനുള്ള തീരുമാനങ്ങൾ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന് ജൂലൈ 29 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ ഭരണപരിഷ്‌ക്കാരങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു.

പദ്ധതികൾ വൈകുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണ്ണമായും ഒഴിവാക്കുന്നതിന് അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, പ്ലാൻ സ്‌പേസ് 2.0 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പദ്ധതികൾ ഉൾപ്പെടുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

ഇതിൽ പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടലുകൾ ലളിതമാക്കാൻ പ്രോസസ് റീ- എഞ്ചിനീയറിംഗ് നടപ്പിലാക്കാനുള്ള തീരുമാനം ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യു, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങൾ പൂർണ്ണമായും ആധുനികവൽക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാ പദ്ധതികളുടെ നിർവ്വഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്.

കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്താനുള്ള ചർച്ചകളും സംവാദങ്ങളുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌കോഴിക്കോട് സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുമായി നടത്തിയ ദ്വിദിന ശിൽപ്പശാല ഭരണനിർവ്വഹണത്തിൽ വലിയ മുതൽക്കൂട്ടാവും എന്നതിന് സംശയമില്ല. ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസനപദ്ധതികൾ നടപ്പാക്കുന്നതിന് രൂപരേഖ തയ്യാറാക്കാൻ തിരുവനന്തപുരത്ത് നടന്ന 3 ദിവസത്തെ വട്ടമേശ സമ്മേളനവും സംസ്ഥാനം നേരിടുന്ന പുതുകാല വെല്ലുവിളികൾ നേരിടാൻ മന്ത്രിമാരെ പ്രാപ്തമാക്കുന്നതിനുവേണ്ടിയായിരുന്നു.

സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കാനും വേഗത്തിലാക്കാനുമായി 'സരൾ കേരളം'(സിംപ്ലിഫൈഡ് ആൻഡ് ആക്‌സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽ ആൻഡ് ലൈസൻസ്) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 19 നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനവും കേരളത്തിന്റെ വികസന സ്വപ്നങ്ങളിൽ വിപ്ലവകരമായ ഫലം സൃഷ്ടിക്കും. രാജ്യത്താദ്യമായി വയോജനങ്ങൾക്കായി വകുപ്പ് രൂപവൽക്കരിച്ച് നൂതനപദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുള്ളത് ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

? പക്ഷേ മുഖ്യമന്ത്രിക്കെതിരെ നിശിത വിമർശനമാണല്ലോ പ്രതിപക്ഷവും അവരുടെ സൈബർ ഹാൻഡിലുകളും ഉന്നയിക്കുന്നത്.

സത്യസന്ധമായ വിമർശനങ്ങളോ നയപരമായ വിമർശനങ്ങളോ ഉന്നയിക്കാൻ അവർക്ക് കഴിയുന്നില്ലല്ലോ. പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആക്ഷേപങ്ങൾ സി.പി.എംനെ വല്ലാത്ത പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അണികളെ ഒപ്പം നിർത്താൻ സി.പി.എം നട്ടാൽ കിളിർക്കാത്ത നുണകളുമായി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുകയാണ്. പക്ഷേ ഒന്നുപോലും ക്ലച്ച് പിടിക്കുന്നില്ല. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. 
അതുകൊണ്ടുതന്നെ ഓരോ ദിവസവും മുഖ്യമന്ത്രിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വർദ്ധിച്ചുവരികയാണ്.

? കോൺഗ്രസ് പാർട്ടിയുടെ സംഘടനാപരമായ പിന്തുണ മുഖ്യമന്ത്രിക്ക് ലഭ്യമാകുന്നുണ്ടോ.

സംഘടനാകാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ആ കാര്യങ്ങളിലെല്ലാം നടപടി സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img