
ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വീണ്ടും ഉയരുന്നതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വൈ.എസ്.ആർ കഡപ്പ ജില്ലയിലാണ് നിലവിൽ രോഗബാധിതരിൽ കൂടുതലുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ജില്ലയിൽ എട്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനൊപ്പം രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ രാജംപേട്ട സ്വദേശിയായ 52-കാരനാണ് മരിച്ചത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് മുമ്പ് കഡപ്പ സ്വദേശിയായ 43-കാരനും കോവിഡ് സ്ഥിരീകരിച്ച് സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു. കഡപ്പ മെഡിക്കൽ കോളേജിലെ 25-കാരനായ വിദ്യാർഥി നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
രോഗബാധയ്ക്ക് കാരണമായ വൈറസിന്റെ വകഭേദം കണ്ടെത്താനും രോഗവ്യാപനത്തിന്റെ സ്വഭാവം പഠിക്കാനുമായി രോഗികളുടെ സാമ്പിളുകൾ പുണെയിലെ പ്രത്യേക ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സാഹചര്യം വിലയിരുത്തിയ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി, രോഗവ്യാപനം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാനും പൊതുജന ബോധവൽക്കരണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ആശുപത്രികൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശോധനയും ഐസൊലേഷനും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ, കിടക്കകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തിശുചിത്വം പാലിക്കുകയും തിരക്കേറിയ ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ സാഹചര്യം കണക്കിലെടുത്ത് അയൽ സംസ്ഥാനമായ ഒഡീഷയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഗഞ്ജാം ജില്ലയിൽ നിരീക്ഷണവും മുൻകരുതലുകളും കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.










