12:05am 18 November 2026
NEWS
ലക്ഷ്മിനട ക്ഷേത്രത്തിന്റെ വടക്കേനട ക്ഷേത്രഭൂമിയെന്ന് കോടതി; വാഹനവഴി അവകാശവാദം തള്ളി
17/11/2026  11:40 AM IST
നിയമകാര്യ ലേഖകൻ
ലക്ഷ്മിനട ക്ഷേത്രത്തിന്റെ വടക്കേനട ക്ഷേത്രഭൂമിയെന്ന് കോടതി; വാഹനവഴി അവകാശവാദം തള്ളി

കൊല്ലം: ലക്ഷ്മിനട ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ വടക്കേനടയിലൂടെ വാഹനങ്ങളിൽ പോയിവരാൻ ദീർഘകാല ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വഴിയവകാശമുണ്ടെന്ന വാദം കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതി തള്ളി. കേസിൽ എച്ച് ഷെഡ്യൂളായി രേഖപ്പെടുത്തിയ സ്ഥലം ക്ഷേത്രഭൂമിയാണെന്ന് പ്രിൻസിപ്പൽ മുൻസിഫ് എസ്. രാഗി കണ്ടെത്തി. ഭൂമി സർക്കാർ പുറമ്പോക്കാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. വഴി തടയുന്നതിൽനിന്ന് ദേവസ്വം ബോർഡിനെയും മറ്റു പ്രതികളെയും വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് തള്ളിയ കോടതി, കേസ് ചെലവ് അതത് കക്ഷികൾ വഹിക്കണമെന്നും ഉത്തരവിട്ടു.

അന്നദാന വേദിയിൽനിന്ന് കോടതിയിലേക്ക്

കൊല്ലത്ത് കല്ലുപാലം കടന്നെത്തുന്ന ലക്ഷ്മിനടയിലെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് തർക്കഭൂമി. വർഷങ്ങളായി ക്ഷേത്രത്തിലെ അന്നദാനം നടന്നുവരുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുവശത്തും അഗ്രഹാരങ്ങളുണ്ടായിരുന്ന കാലത്ത് സമീപത്തെ വസ്തുക്കളിലേക്ക് പിന്നിലൂടെ ചെറിയ ഇടവഴികളുണ്ടായിരുന്നതായും പഴയ ആധാരങ്ങളിൽ അവ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വത്തിന് ആദ്യം പരാതി നൽകിയതായി പറയുന്ന പ്രദേശവാസി പറയുന്നു. കാലക്രമേണ ചില ഇടവഴികൾ അടച്ചുകെട്ടിയതോടെ ക്ഷേത്രഭൂമിയിലൂടെയുള്ള പ്രവേശനം തർക്കവിഷയമായെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കൊല്ലം വെസ്റ്റ് വില്ലേജിൽ എ മുതൽ ജി വരെ ഷെഡ്യൂളുകളായി രേഖപ്പെടുത്തിയ വസ്തുക്കളിലേക്കും കെട്ടിടങ്ങളിലേക്കും വടക്കുഭാഗത്തെ പൊതുറോഡിൽനിന്ന് വാഹനങ്ങളിൽ എത്താൻ തങ്ങളും മുൻഗാമികളും വടക്കേനട ഉപയോഗിച്ചുവന്നുവെന്നാണ് ഒന്നാം വാദി രാധാമണി അമ്മയും മറ്റുള്ളവരും കോടതിയിൽ ഉന്നയിച്ചത്. മിൽമ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾ ദിവസേന ഇതുവഴി കടന്നുപോയിരുന്നതായും അവർ ചൂണ്ടിക്കാട്ടി. 2013 ഫെബ്രുവരി 12-ന് ക്ഷേത്ര ഭരണസമിതിയും മറ്റുള്ളവരും ഗേറ്റ് സ്ഥാപിച്ച് വഴി തടയാൻ ശ്രമിച്ചെന്നാണ് വാദികളുടെ ആരോപണം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭാഗമാണ് തർക്കസ്ഥലമെന്ന് ബോർഡും മറ്റു പ്രതികളും കോടതിയിൽ വാദിച്ചു. ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമായി ഉപയോഗിച്ചുവരുന്ന ഈ സ്ഥലം പൊതുവഴിയായോ വാദികളുടെ സ്വകാര്യ വഴിയായോ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രതികളുടെ നിലപാട്.

ദേവസ്വം രജിസ്റ്റർ പരിഗണിച്ച് കോടതി

1950-ലെ തിരുവിതാംകൂർ–കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 27-ാം വകുപ്പ് പരിഗണിച്ച കോടതി, കേസിൽ ബി7 ആയി ഹാജരാക്കിയ ദേവസ്വം രജിസ്റ്ററിലെ രേഖയുടെ അടിസ്ഥാനത്തിൽ തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് കണ്ടെത്തി. ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നതും ഭക്തർക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരുന്നതുമായ സ്ഥലത്ത്, വാദികൾ അവകാശമെന്ന നിലയിൽ വഴി ഉപയോഗിച്ചുവന്നതായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വാദികളുടെ വസ്തുക്കളിലേക്ക് മറ്റു വഴികളുള്ളതായും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഗേറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളിൽനിന്ന് പ്രതികളെ സ്ഥിരമായി വിലക്കണമെന്ന ആവശ്യം കോടതി തള്ളിയത്.

കരയോഗത്തിന്റെ പ്രവേശനവും പാർക്കിങ്ങും ചർച്ചയിൽ

ക്ഷേത്രത്തോടു ചേർന്ന് പ്രവർത്തിക്കുന്ന എൻ.എസ്.എസ്. കരയോഗത്തിന്റെ പ്രവേശനത്തിനും വാഹന പാർക്കിങ്ങിനും ക്ഷേത്രഭൂമി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരനായ പ്രദേശവാസി പറയുന്നു. വഴിത്തർക്കത്തിൽ ക്ഷേത്രത്തിന്റെ നിലപാടിനെതിരെ കരയോഗം നിലപാടെടുത്തതായും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img