
ദോഹ: ഖത്തറിലെ വേനൽക്കാലത്തിന്റെ വരവറിയിച്ച് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കുന്നു. ദോഹ കോർണിഷിലെ വരിവരിയായി നിൽക്കുന്ന ഈന്തപ്പനകളും മരങ്ങളും കാറ്റിൽ ആടിയുലയുന്നത് മനോഹരകാഴ്ചയാണെങ്കിലും കാൽ നടയാത്രക്കാരുടെ ആരോഗ്യത്തിന് പ്രതികൂലമാണ്.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഖത്തറിൽ പതിവുള്ള ഈ ശക്തമായ കാറ്റ്, രാജ്യത്ത് കടുത്ത വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.ഗൾഫ് ടൈം സിനുവേണ്ടി
ഫോട്ടോഗ്രാഫർ ഷാജി കായംകുളം പകർത്തിയ ചിത്രങ്ങളിലാണ് കോർണിഷിലെ ഈ കാറ്റിന്റെ ദൃശ്യഭംഗി തുളുമ്പിനിൽക്കുന്നത്.
പൊടിക്കാറ്റും ശക്തമായ കാറ്റും നഗരത്തെ തഴുകിപ്പോകുമ്പോൾ, അതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയും വരും ദിവസങ്ങളിൽ ഗണ്യമായി ഉയരുമെന്നാണ് കാലാവസ്ഥാ സൂചനകൾ. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ ചൂട് വർദ്ധിക്കുകയും വേനൽക്കാലം അതിന്റെ പൂർണ്ണരൂപത്തിലേക്ക് മാറുകയും ചെയ്യും. വരും ആഴ്ചകളിൽ ചൂടും ഈർപ്പവും ഏറാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവരും കഠിനമായ ജോലികളിൽ ഏർപ്പെടുന്നവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.











