07:02pm 11 November 2026
NEWS
കോൺഗ്രസിൽ 'കോർ' കലഹം: കോർ കമ്മിറ്റി വന്നപ്പോൾ എന്തിന് 'പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി'?
01/11/2025  08:17 AM IST
ന്യൂസ് ബ്യൂറോ
കോൺഗ്രസിൽ കോർ കലഹം: കോർ കമ്മിറ്റി വന്നപ്പോൾ എന്തിന് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി?

തിരുവനന്തപുരം: വിമർശനങ്ങളുയർത്തി നേതാക്കൾ
​കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കെപിസിസിക്ക് വേണ്ടി 17 അംഗ കോർ കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ്. സണ്ണി ജോസഫ്, വി.ഡി. സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി.അനിൽ കുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരടങ്ങുന്ന ഈ സമിതിക്ക് പിന്നാലെ പാർട്ടിയിൽ അമർഷവും ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്.

​'നോംസ്' മറികടന്നതാര്?

​പുതിയ കോർ കമ്മിറ്റി രൂപീകരിച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രധാനമായും ഉയർന്ന ചോദ്യങ്ങളിലൊന്ന് അതിന്റെ അനിവാര്യതയെക്കുറിച്ചാണ്. നിലവിൽ പാർട്ടിയുടെ മാർഗ്ഗനിർദ്ദേശത്തിനായി പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി നിലനിൽക്കെ, വീണ്ടും മറ്റൊരു 'കോർ' സംവിധാനം എന്തിനെന്ന ചോദ്യമാണ് ചില നേതാക്കൾ ശക്തമായി ഉന്നയിക്കുന്നത്. ഇതോടെ 'പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി'യുടെ പ്രസക്തി തന്നെ ഇല്ലാതായോ എന്ന സംശയമാണ് പ്രധാനമായും നേതാക്കൾ പങ്കുവെക്കുന്നത്.
​അംഗങ്ങളെ തിരഞ്ഞെടുത്ത മാനദണ്ഡങ്ങളെക്കുറിച്ചും (നോംസ്) വിമർശനങ്ങളുണ്ട്. കെപിസിസി പ്രസിഡന്റുമാർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, യുഡിഎഫ് കൺവീനർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവിയിലിരുന്നവരെയാണ് പ്രധാനമായും പരിഗണിച്ചത്. എന്നാൽ, ഈ മാനദണ്ഡങ്ങളിൽ ഒട്ടും പെടാത്ത ഷാനിമോൾ ഉസ്മാൻ ആരുടെ നോമിനിയായാണ്  കോർ കമ്മിറ്റിയിലെത്തിയത് എന്ന ചോദ്യവും നേതാക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

​ഗ്രൂപ്പ് നേതാക്കൾ പുറത്ത്:

അമർഷം പുകയുന്നു
​അതേസമയം, കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്ത ചില മുതിർന്ന നേതാക്കളുടെ പേരുകൾ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ അമർഷത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ യുഡിഎഫ് കൺവീനറും പ്രമുഖ എ ഗ്രൂപ്പ് നേതാവുമായ ബെന്നി ബെഹന്നാൻ,എ ഗ്രൂപ്പിന്റെ സ്ട്രാറ്റജിസ്റ്റും മുതിർന്ന നേതാവുമായ കെ.സി.ജോസഫ് എന്നിവരെ തഴഞ്ഞതിലുള്ള പ്രതിഷേധം ശക്തമാണ്. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമിതിയിൽ നിന്നും തങ്ങളെ ഒഴിവാക്കിയത് ഗ്രൂപ്പുകൾക്കിടയിൽ അമർഷം വളർത്താനും നേതാക്കളെ ഒറ്റപ്പെടുത്താനും കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.

​നൂറോളം ഭാരവാഹികൾ, എങ്കിലും പ്രതിസന്ധി!

​കോർ കമ്മിറ്റിയുടെ പ്രഖ്യാപനത്തിനൊപ്പം തന്നെ പാർട്ടിക്കുള്ളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നത് ഭാരവാഹികളുടെ എണ്ണമാണ്. നിലവിൽ 59 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരടക്കം 90-ൽ അധികം ഭാരവാഹികൾ ഉള്ള കെപിസിസിയിൽ വീണ്ടും മരിയാപുരം ശ്രീകുമാർ, ഒ.അബ്ദുള്ള, സൂരജ് രവി തുടങ്ങിയ 5 ജനറൽ സെക്രട്ടറിമാരെക്കൂടി നിയമിക്കാൻ ഒരുങ്ങുന്നത് എന്തിനാണെന്ന ചോദ്യവുമുണ്ട്.
​സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ട്. നൂറോളം സെക്രട്ടറിമാരുടെ പട്ടിക ചർച്ചചെയ്ത് എഐസിസിക്ക് നൽകിയെങ്കിലും, അത് 80 ആയി ചുരുക്കാൻ കെപിസിസിക്ക് നിർദ്ദേശം ലഭിച്ചതായാണ് വിവരം. എണ്ണം കുറയ്ക്കുന്നതിലൂടെ പല പേരുകളും വെട്ടിമാറ്റപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ വീണ്ടും മുതിർന്ന നേതാക്കളുടെ നോമിനികളെ ഒഴിവാക്കുന്നത് കൂടുതൽ ഗ്രൂപ്പിസത്തിലേക്കും ഭാരവാഹികളെ നിയമിക്കുന്നതിലെ കാലതാമസം പുനഃസംഘടനയെ തന്നെ അട്ടിമറിക്കുമോ എന്ന ആശങ്കയിലേക്കുമാണ് വഴിതെളിയിക്കുന്നത്.
​പുതിയ കോർ കമ്മിറ്റി പ്രഖ്യാപനത്തിലെ മാനദണ്ഡലംഘനങ്ങളും മുതിർന്ന ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയതും ഭാരവാഹികളെ കുറയ്ക്കുന്നതിലെ തർക്കങ്ങളും കോൺഗ്രസിനുള്ളിൽ വലിയ അലോസരമാണ് സൃഷ്ടിക്കുന്നത്. "പാർട്ടി പുനഃസംഘടന പല വഴിക്കാവുമ്പോൾ നേതാക്കൾ പല വഴിക്കാകാൻ പോവുകയാണ്" എന്ന സംശയമാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇപ്പോൾ പ്രധാനമായും ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img