03:56am 17 September 2026
NEWS
ആക്രിക്കടയിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന ചെമ്പ് കമ്പികൾ മോഷണം പോയി
16/09/2026  08:37 PM IST
nila
ആക്രിക്കടയിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന ചെമ്പ് കമ്പികൾ മോഷണം പോയി

ചെങ്ങന്നൂർ: ആഞ്ഞലിമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന ചെമ്പ് കമ്പികൾ മോഷണം പോയി. ആങ്ങാടിക്കൽ സൗത്ത് ആഞ്ഞലിമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ്‌നാട് തെങ്കാശി മരുത്താം കുളം അമ്മൻകോവിൽ തെരുവിൽ എം. ഈശ്വരന്റെ സ്ഥാപനത്തിലാണ് കവർച്ച നടന്നത്.
​ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഈശ്വരനും കുടുംബവും താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. രാവിലെ ഉണർന്നപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, ഈശ്വരൻ കെട്ടിട ഉടമയായ ദിബു തോമസിനെ വിവരമറിയിച്ചു. ദിബു സ്ഥലത്തെത്തി പൂട്ട് തുറന്ന ശേഷമാണ് കുടുംബത്തിന് പുറത്തിറങ്ങാനായത്.
​തുടർന്ന് നടത്തിയ പരിശോധനയിൽ ചെമ്പ് കമ്പികൾ സൂക്ഷിച്ചിരുന്ന തൊട്ടടുത്ത മുറിയുടെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുടെ ചെമ്പ് കമ്പികളാണ് നഷ്ടപ്പെട്ടത്.
​സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഒരാൾ സ്ഥാപനത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയും മൂന്നോ നാലോ തവണയായി സാധനങ്ങൾ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഈശ്വരൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img