
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാമെന്ന ഉറപ്പിൽ യുഡിഎഫ്. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെടുന്ന നൂറിലധികം സീറ്റുകൾ എന്ന കണക്കിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം എത്തുന്നില്ല. എൺപതിലേറെ സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് കോൺഗ്രസിന്റെ ജില്ലാതല കണക്കുകൾ സൂചിപ്പിക്കുന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി. രാജേഷ് എന്നിവർ പരാജയപ്പെടുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് അട്ടിമറി ജയങ്ങൾ നേടുമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ അനുകൂല തരംഗമുണ്ടായാൽ സീറ്റുകളിൽ വലിയ വർധനവുണ്ടാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടന്നു.
തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് സീറ്റായ കോവളം ഉൾപ്പെടെ പല മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കാട്ടാക്കടയിൽ കടുത്ത ത്രികോണ പോരാട്ടത്തിനിടെ ചെറിയ ഭൂരിപക്ഷത്തിൽ വിജയം പ്രതീക്ഷിക്കുന്നു. ബിജെപി സ്വാധീനമുള്ള നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലും നേട്ടസാധ്യത കണക്കാക്കുന്നു.
കൊല്ലത്ത് നിലവിലുള്ള ശക്തി നിലനിർത്തുന്നതിനൊപ്പം കൊല്ലം മണ്ഡലം പിടിച്ചെടുക്കാമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിൽ അമ്പലപ്പുഴയിൽ ഇടതു വിമതനായ ജി. സുധാകരൻ അട്ടിമറി ജയം നേടാമെന്ന വിലയിരുത്തലും ഉയരുന്നു.
കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം ഉറപ്പാണെന്നാണ് കണക്കുകൂട്ടൽ. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെടുമെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വിലയിരുത്തൽ.
പത്തനംതിട്ടയിൽ കോന്നി ഒഴികെ മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ആറന്മുളയിൽ മന്ത്രി വീണാ ജോർജ് തോൽക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
എറണാകുളം ജില്ലയിൽ ഭൂരിഭാഗം സീറ്റുകളിലും വ്യക്തമായ മുൻതൂക്കം കണക്കാക്കുമ്പോൾ, തൃശൂരിൽ അനുകൂല തരംഗം ഉണ്ടെങ്കിൽ കൂടുതൽ സീറ്റുകൾ പിടിക്കാമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങൾ നിലനിർത്തുമെന്നാണ് പ്രതീക്ഷ. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് തോൽക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
മലപ്പുറത്ത് യുഡിഎഫ് ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുമ്പോൾ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മത്സരം കാഴ്ച്ചവെക്കാനായെന്നാണ് കോൺഗ്രസ് പറയുന്നത്. വയനാട്ടിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കാമെന്ന ആത്മവിശ്വാസവും കോൺഗ്രസ് പങ്കുവയ്ക്കുന്നു. കാസർകോട് ജില്ലയിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെക്കും എന്നതാണ് പാർട്ടി വിലയിരുത്തൽ.











