11:00am 08 October 2026
NEWS
ഡൽ​ഹി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ വിട്ടയച്ചു
07/10/2026  06:34 AM IST
nila
ഡൽ​ഹി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ വിട്ടയച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്നലെ രാത്രിയിൽ നേതാക്കളെ മോചിപ്പിച്ചത്. 

തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് തടഞ്ഞതോടെയാണ് പ്രതിഷേധം ആകാശവാണി ഭവൻ പരിസരത്തേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തി. സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്ന പൊലീസ് നിർദേശം പ്രതിഷേധക്കാർ അംഗീകരിക്കാതിരുന്നതോടെയാണ് രാത്രി പൊലീസ് നടപടി സ്വീകരിച്ചത്.

രാത്രി 7.45ഓടെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പ്രവർത്തകർ രാഹുലിന് ചുറ്റും വലയം തീർത്തെങ്കിലും പൊലീസ് അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെ കാണണമെന്ന ആവശ്യം

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നേരിട്ട് കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാർ കൂടിക്കാഴ്ചയ്ക്കായി ഔപചാരികമായി അപേക്ഷ നൽകിയിട്ടില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങളുടെ വിശദീകരണം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ആരോപണങ്ങളും പ്രതിഷേധത്തിന് പിന്നിലുണ്ട്.

പ്രതിഷേധത്തിനിടെ രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങളും രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img