
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് അപകടം വരുത്തുവാൻ ഇടയാക്കിയ കൊച്ചിൻ കോർപ്പറേഷനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച (07-01-25) രാവിലെ 10 മണിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഡിസിസി ഓഫീസിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗമാണ് തീരുമാനമെടുത്തത്. 25000ത്തോളം ആളുകൾ പങ്കെടുത്ത പരിപാടി കോർപ്പറേഷൻ അറിഞ്ഞില്ലെന്ന മേയറുടെ ആദ്യ പ്രതികരണം തന്നെ തെറ്റായിരുന്നു എന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നു. അനുമതിക്കുവേണ്ടി കോർപ്പറേഷനെ സമീപിച്ചപ്പോൾ ആരോഗ്യവിഭാഗം അനുമതി നൽകേണ്ടെന്ന് പറഞ്ഞ പരിപാടിക്ക് യാതൊരു മാനദണ്ഡങ്ങളും നോക്കാതെ കോർപ്പറേഷൻ മൗനാനുവാദം നൽകുകയായിരുന്നു. പരിപാടി കാണാൻ എത്തിയവരിൽ നിന്നും ഭീമമായ തുക ടിക്കറ്റ് ഇനത്തിൽ വാങ്ങിയത് കോർപ്പറേഷൻ റവന്യൂ വിഭാഗം അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്. നഗരത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ നടക്കുമ്പോൾ ഇതൊന്നും കോർപ്പറേഷൻ അറിയുന്നില്ലെന്ന് പറയുന്നത് തന്നെ അലംഭാവമാണ്. കോർപ്പറേഷന്റെ അനാസ്ഥ തന്നെയാണ് ഉമ തോമസിന് അപകടം സംഭവിച്ചതിന്റെ അടിസ്ഥാന കാരണം. മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. പ്രതിഷേധ മാർച്ചിനെ ജില്ലയിലെ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും അഭിസംബോധന ചെയ്തു സംസാരിക്കും. ജിസിഡിഎക്കും പോലീസിനും എതിരെയും വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. എഐസിസി സെക്രട്ടറി പി വി മോഹനൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ, നേതാക്കളായ എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, കെ പി ധനപാലൻ, കെ എം സലിം, ഐ കെ രാജു, പി ജെ ജോയ്, സുബ്രഹ്മണ്യൻ, ലൂഡി ലൂയിസ്, എൻ എ ചന്ദ്രശേഖരൻ, കെ പി ബേബി, കെ ആർ പ്രദീപ്കുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
പടം: ഡിസിസി ഓഫീസ് നടന്ന കോൺഗ്രസ് നേതൃയോഗം എഐസിസി സെക്രട്ടറി പി വി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.










