
ശശി തരൂർ യു.എന്നിൽ അണ്ടർ സെക്രട്ടറിയായിരുന്നപ്പോൾ തന്നെ ഇൻഡ്യയ്ക്കു നേരെ കണ്ണുവെച്ചിരുന്നു. യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്കുള്ള മത്സരം ഇൻഡ്യക്ക് നേരെയുള്ള കണ്ണേറിന്റെ തുടക്കമായിരുന്നു.
ദൽഹിയിൽ ഇൻഡ്യയിലെ ഭരണകക്ഷിയായി വാണിരുന്ന കോൺഗ്രസ്സിനെ നയിച്ചിരുന്ന സോണിയാഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം ശശി തരൂരിന് അടുക്കാൻ വളരെ എളുപ്പമായി. അന്നുതന്നെ സോണിയാഗാന്ധിയും കോൺഗ്രസ്സും ശശി തരൂരിൽ ഒരു വിശ്വപൗരനെ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. ഇടനാഴികളിലൂടെ കടന്നുവന്ന പഞ്ചാബിലെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ഇൻഡ്യയുടെ പ്രധാനമന്ത്രി വരെ രണ്ടുതവണ എത്തിയ മൻമോഹനും, രണ്ടുതവണ ദൽഹി മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച നെഹ്‌റു കുടുംബവുമായി ബന്ധമുള്ള ഷീലാദീക്ഷിത്ത് വരെയുള്ളവരെ അഴിമതിയുടെ ചെളിക്കുണ്ടിൽ വലിച്ചെറിഞ്ഞത് രാഹുൽഗാന്ധിക്ക് വഴിയൊരുക്കാനായിരുന്നു. ലോകസാമ്പത്തിക വിനിമയത്തിലൂടെ ആഗോള നിലവാരത്തിൽ ഇൻഡ്യയെ ഉയർത്തിയ മൻമോഹൻസിംഗ് അവതരിപ്പിച്ച ബില്ല് പാർലമെന്റിൽ പ്രധാനമന്ത്രിയുടെ നെഞ്ചിന് നേരെ വലിച്ചെറിഞ്ഞ രാഹുൽഗാന്ധിയുടെ ധൈര്യം സോണിയാഗാന്ധി എന്ന സ്വന്തം അമ്മ മാത്രമാണ്.
25 കോടി രൂപയുടെ പേമെന്റ് ആ തിരുവനന്തപുരം സീറ്റിനുവേണ്ടി ശശി തരൂർ മുടക്കിയെന്നാണ് അന്ന് ഹൈക്കമാൻഡ് അന്തഃപുരങ്ങളിൽ നിറഞ്ഞ രഹസ്യവർത്തമാനം. കേരളത്തിൽ ഉമ്മൻചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്. വി.എസ്. ശിവകുമാറിനുവേണ്ടി സീറ്റിന് ശ്രമിച്ച എ.കെ. ആന്റണിയും പ്രൊഫ. പി.ജെ. കുര്യനും മൗനികളായി. എൻ.എസ്.എസ് ആവശ്യപ്പെട്ട പ്രകാരം വി.എസ് ശിവകുമാറിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് എ.കെ. ആന്റണിക്ക് കൈമാറുകയായിരുന്നു. പ്രൊഫ. പി.ജെ. കുര്യന്റെ എൻ.എസ്.എസ് നേതൃത്വത്തിന്റെ മേലുള്ള അടുപ്പം ഉപയോഗിച്ചു സോണിയാഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന് എൻ.എസ്.എസ് നേതൃത്വത്തിന്റെ സന്ദേശം കൈമാറി. 2009 ൽ വീണ്ടും തിരുവനന്തപുരം സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. പാലക്കാട്, എറണാകുളം, തിരുവനന്തപുരം സീറ്റുകളുടെ സാധ്യത ആരായാനാണ് ഹൈക്കമാൻഡ് തരൂരിനോട് ആവശ്യപ്പെട്ടത്. ആദ്യം തന്നെ പാലക്കാട് ഡി.സി.സി തള്ളി. എറണാകുളത്ത് വി. വിശ്വനാഥമേനോനുശേഷം ലാറ്റിൻ ക്രിസ്ത്യാനിയല്ലാതെ നായർ ജയിച്ചിട്ടില്ലാത്ത എറണാകുളം ഡി.സി.സിയും വാദിച്ചു തരൂരിനെ തള്ളി. അവസാനം നായന്മാർക്ക് മൃഗീയ ഭൂരിപക്ഷമുള്ള തിരുവനന്തപുരം ഡി.സി.സി തരൂരിനെ ഏറ്റെടുത്തു.
ഡി.സി.സി പ്രസിഡന്റായിരുന്ന നെയ്യാറ്റിൻകര സനൽ വി.എസ്. ശിവകുമാറിന്റെ ശത്രുവായിരുന്നു. തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനുകളും നെയ്യാറ്റിൻകര യൂണിയനും ഒന്നടങ്കം തരൂരിനെ പ്രചാരണത്തിലൂടെ ദൽഹി നായരാക്കി. എന്നിട്ടും ഒരുലക്ഷം മേൽവോട്ടിന് തരൂർ ജയിച്ചു. പക്ഷേ കോൺഗ്രസ്സിന്റെ മുഖ്യ എതിരാളി ആയി ബി.ജെ.പി മാറിത്തുടങ്ങിയത് തരൂർ വന്നുതുടങ്ങിയശേഷം. തരൂരിന്റെ ഭൂരിപക്ഷം 16000 ആയി ചുരുങ്ങിയത് 2024 ൽ മുഖ്യ എതിരാളിയായി ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ വന്നതിനുശേഷമാണ്.
ശശി തരൂർ പൊതുപ്രചരണം കേരളത്തിൽ തുടങ്ങിയപ്പോൾ വിവിധ കോൺഗ്രസ്സ് സംഘടനകൾ ചെലവുകാശ് ഇനത്തിൽ ലക്ഷങ്ങൾ ആണ് വാങ്ങിയത്. ഐ.എൻ.റ്റി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരൻ തരൂരിന് വേണ്ടി എറണാകുളത്ത് പന്തൽ കെട്ടിയ കൊച്ചിൻ ഡെക്കറേഷൻസ് ഉടമയ്ക്ക് ബാക്കി കൊടുക്കാനുള്ള തുകയ്ക്ക് കണക്കുകളില്ല.അതിനുശേഷമാണ് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ എൻ.എസ്.എസ് കരയോഗങ്ങളിൽ ബി.ജെ.പി ആധിപത്യം തുടങ്ങിയത്.
2004 ൽ ഏറ്റവും കൂടുതൽ പേയ്‌മെന്റ് സീറ്റ് ആരോപണം കോൺഗ്രസ്സിൽ
2004 ൽ കേരളത്തിൽ മരുന്നിനുപോലും ഒരു കോൺഗ്രസ്സുകാരൻ ലോക്‌സഭയിലേക്ക് ജയിച്ചില്ല. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നു. എസ്.എൻ.ഡി.പി ശതാബ്ദി സമ്മേളനം ഉൽഘാടനം ചെയ്യാൻ വന്ന സോണിയാഗാന്ധി മടങ്ങിപ്പോകുമ്പോൾ തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ വച്ച് ആന്റണിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. പിന്നീട് ഒഴിവുവന്ന രാജ്യസഭാസീറ്റ് വഴി ആന്റണി കേന്ദ്രമന്ത്രിയായി. 2014 ൽ നരേന്ദ്രമോദി ഭരണം തുടങ്ങിയശേഷമാണ് എ.കെ. ആന്റണി കേരളത്തിലേക്ക് വിശ്രമജീവിതവുമായി മടങ്ങിയത്.
ആദ്യത്തെ പേമെന്റ് സീറ്റ് ആരോപണം 2004 ൽ കൊല്ലത്ത് മത്സരിച്ച ഡോ. ശൂരനാട് രാജശേഖരനെതിരെ പരസ്യമായി ഉന്നയിച്ചത് പിന്നീട് രണ്ടുതവണ കാസർഗോഡ് എം.പിയായ രാജ്‌മോഹൻ ഉണ്ണിത്താനാണ്.
മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ തോൽപ്പിച്ചത് സി.പി.എമ്മിലായിരുന്ന എ.പി. അബ്ദുള്ളകുട്ടിയാണ്. മുസ്ലീംലീഗിൽ നിന്ന് ഇ. അഹമ്മദ് മാത്രമാണ് ജയിച്ചത്. കെ.പി.എ. മജീദിനെ തോൽപ്പിച്ച് മഞ്ചേരിയിൽ ജയിച്ചത് ടി.കെ. ഹംസയാണ്. വി. ബലറാം(കോഴിക്കോട്), എം.ടി. പത്മ(വടകര), കെ.എ. തുളസി(ഒറ്റപ്പാലം), എഡ്‌വേർഡ് ഇടേഴത്ത്(എറണാകുളം) എന്നിവരൊക്കെ ആരോപണം കേട്ടവരാണ്.
രമേശ് ചെന്നിത്തല(മാവേലിക്കര), കൊടിക്കുന്നിൽ സുരേഷ്(അടൂർ), വി.എം. സുധീരൻ(ആലപ്പുഴ), എം.ഐ. ഷാനവാസ്(ചിറയിൻകീഴ്) എന്നിവരാണ് അന്ന് തോറ്റ കോൺഗ്രസ് പ്രമുഖർ.
എം.പി. വീരേന്ദ്രകുമാർ, പി. കരുണാകരൻ, പി.കെ. വാസുദേവൻനായർ, സി.കെ. ചന്ദ്രപ്പൻ എന്നിവരാണ് ജയിച്ച പ്രമുഖർ.
2004 ലെ തോൽവി തിരിച്ചറിഞ്ഞാണ് 2009 ൽ ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോൺഗ്രസ്സ് സീറ്റ് നൽകിയത്.
ശിവകുമാർ തരൂരിനെതിരെ തിരിഞ്ഞു
ശശി തരൂരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോൺഗ്രസ്സിൽ ഒരു വിഭാഗം വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ രംഗത്തിറങ്ങി. മുഖ്യ എതിരാളി സി.പി.ഐയുടെ അഡ്വ.രാമചന്ദ്രൻനായരെ ഒരു ലക്ഷം വോട്ടിനാണ് തരൂർ തോൽപ്പിച്ചത്. അന്ന് ബി.ജെ.പി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന് 84000 വോട്ടായിരുന്നു. 2009 നുശേഷം 2014, 2019 ഉം കഴിഞ്ഞ് 2024 ആയപ്പോൾ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും, ശശി തരൂരിന്റെ ഭൂരിപക്ഷം 16000 ആയി കുറയുകയും ചെയ്തു.
അന്നത്തേതുമുതലുള്ള ബി.ജെ.പിയിലുള്ള മാറ്റം എൻ.എസ്.എസിലും പ്രതിഫലിച്ചു. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഈഴവസമുദായത്തിൽ നിന്ന് കോട്ടയം, ആലപ്പുഴ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് അനുകൂലമായുണ്ടായ മാറ്റം പ്രതിഫലിച്ചിരുന്നില്ലെങ്കിൽ ശശി തരൂർ പരാജയപ്പെട്ടേനെ.
ശിവകുമാറിനെ എൻ.എസ്.എസ് മന്ത്രിയാക്കി; കെ. മുരളീധരനെ വെട്ടി
2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യവകുപ്പുമന്ത്രിയാക്കിക്കൊണ്ടാണ് ആദ്യഘട്ടത്തിൽ ഉമ്മൻചാണ്ടി എൻ.എസ്.എസ്സിനെ തൃപ്തിപ്പെടുത്തിയത്. പിന്നീട് അഞ്ചാം മന്ത്രി പ്രശ്‌നവുമായി മുസ്ലീംലീഗ് രംഗത്തുവന്നതോടെ എൻ.എസ്.എസിന്റെ എതിർപ്പും ശക്തമായി. എസ്.എൻ.ഡി.പിയുമായുള്ള ഐക്യം തത്വാധിഷ്ഠിതമല്ലാത്തതായപ്പോൾ ആ ഐക്യം പൊളിഞ്ഞു.
ശിവകുമാറിനെ മന്ത്രിയാക്കിയതിനുശേഷം സോണിയാഗാന്ധിയുടെ പ്രത്യേകദൂതനായി ചങ്ങനാശ്ശേരിയിൽ ചർച്ചയ്ക്ക് വന്ന കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് സ്വീകരിച്ച നിവേദനത്തിൽ ചില ഉറപ്പുകൾ നൽകിയിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഡപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും പോലുള്ള കീ സ്ഥാനങ്ങൾ നൽകാമെന്ന് സോണിയാഗാന്ധി ഉറപ്പുനൽകിയതാണ.് മുന്നോക്ക കമ്മീഷൻ സംബന്ധിച്ചു കോൺഗ്രസ് സർക്കാർ നിയോഗിച്ച സിൻഹ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാമെന്ന് സോണിയാഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻസിംഗും എൻ.എസ്.എസ് നേതൃത്വത്തിന് ഉറപ്പു നൽകിയതാണ്.
സോണിയാഗാന്ധി നേരിട്ട് ഇടപെട്ട് നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുൻപ് ഈ ഉറപ്പുകൾ പാലിക്കണമെന്ന് ഉമ്മൻചാണ്ടിയോടാവശ്യപ്പെട്ടു. മന്നം ജയന്തിയുടെ തലേദിവസം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തികസംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1000 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നൽകിയ നിർദ്ദേശം ധനകാര്യമന്ത്രിയായ ചിദംബരത്തെ കൊണ്ട് വകുപ്പ് മാറ്റി 2018 ൽ ഭരണഘടന ഭേദഗതിയിലൂടെ നടപ്പിലാക്കിയത് 2014 ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാരാണ്.
സാമ്പത്തികസംവരണരേഖയെക്കാൾ വലുത് യുവാക്കളുടെ തൊഴിലില്ലായ്മയാണെന്നാണ് രാഹുൽഗാന്ധിയുടെ അഭിപ്രായം. അത് നടപ്പാക്കാനാണ് രാഹുൽഗാന്ധി മന്ത്രിയായിരുന്ന ചിദംബരത്തോട് നിർദ്ദേശിച്ചതും, ചിദംബരം നടപ്പാക്കിയതും.
സത്യം ശശി തരൂർ വെളിപ്പെടുത്തണം; ആർജ്ജവത്തോടെ എം.പി സ്ഥാനം രാജിവയ്ക്കണം
ഒരിക്കലും കോൺഗ്രസ്സ് ഹൈക്കമാന്റോ സോണിയാഗാന്ധിയോ കെ.പി.സി.സിയോ ഡി.സി.സിയോ ഈ സത്യം വെളിപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമംപ്രകാരം പേമെന്റ്‌സീറ്റ് ഒരു വലിയ കുറ്റം തന്നെയാണ്. ഈ യാഥാർത്ഥ്യം വിശ്വപൗരനെന്ന് അവകാശപ്പെടുന്ന ശശി തരൂരിനെപ്പോലെയുള്ള ഒരു വ്യക്തിക്ക് താങ്ങാവുന്നതല്ല.











