
ദോഹ:കോംഗോ റിപ്പബ്ലിക്കിൽ (ഡി.ആർ.സി) വെടിനിർത്തൽ നിരീക്ഷണത്തിന്റെ ഭാഗമായുള്ള ആദ്യ ഫീൽഡ് പരിശോധനാ ദൗത്യത്തെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. കിഴക്കൻ കോംഗോയിലെ മിനെംബ്‌വെ മേഖലയിലാണ് 'എൻലാർജ്ഡ് ജോയിന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസ്' (+EJVM) ദൗത്യം നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ ദോഹയിൽ വെച്ച് ഒപ്പുവെച്ച വെടിനിർത്തൽ നിരീക്ഷണ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്നതിലെ ആദ്യത്തെ പ്രായോഗിക ചുവടുവെപ്പാണിതെന്ന് ഖത്തർ വിശേഷിപ്പിച്ചു.
'ദോഹ പ്രക്രിയയുടെ' ഭാഗമായി തിങ്കളാഴ്ചയാണ് പരിശോധനാ ദൗത്യം പൂർത്തിയായത്. കഴിഞ്ഞ വർഷം ജൂലൈയിൽ ദോഹയിൽ ഒപ്പുവെച്ച തത്വങ്ങളുടെ പ്രഖ്യാപനവും നവംബറിലെ ഫ്രേംവർക്ക് കരാറും അനുസരിച്ച് ഇരുപക്ഷവും നൽകിയ ഉറപ്പുകളുടെ തെളിവാണ് ഈ ദൗത്യമെന്ന് ഖത്തർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൃത്യമായ ഇച്ഛാശക്തിയും സഹകരണവുമുണ്ടെങ്കിൽ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾക്ക് ഗ്രൗണ്ടിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും ഇത് തെളിയിക്കുന്നു.
പരിശോധനാ സംഘത്തിന് സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശനം ഒരുക്കാൻ പൂർണ്ണ സഹകരണം നൽകിയ കോംഗോ സർക്കാരിനും അലയൻസ് ഫ്ലൂവ് കോംഗോ - മാർച്ച് 23 മൂവ്മെന്റിനും (AFC/M23) ഖത്തർ കൃതജ്ഞത രേഖപ്പെടുത്തി.










