
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (HIA) പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാർക്ക് കൺഫേംഡ് ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണെന്ന് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് യാത്രക്കാർക്കായി എയർപോർട്ട് അധികൃതർ പുതിയ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കുന്നതിനും (Drop-off) സ്വീകരിക്കുന്നതിനും (Pick-up) നിലവിൽവാഹനങ്ങൾക്ക് തടസ്സങ്ങളില്ല. എങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും സാധ്യമാകുന്ന സാഹചര്യങ്ങളിലെല്ലാം പൊതുഗതാഗത സംവിധാനങ്ങളെയോ റൈഡ്-ഹെയ്ലിംഗ് സർവീസുകളെയോ ആശ്രയിക്കുന്നതാകും ഉചിതമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.വിമാന സർവീസുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ വഴി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുക. വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ എത്തിച്ചേരണം.സ്വയം നിയന്ത്രിത ലഗേജ് ചെക്ക്-ഇൻ മെഷീനുകൾ (Self-service baggage drop) പരമാവധി ഉപയോഗപ്പെടുത്തുക. എയർലൈനുകൾ അനുവദിച്ചിട്ടുള്ള നിശ്ചിത അളവിലും തൂക്കത്തിലുമുള്ള ലഗേജുകൾ മാത്രമേ കൈവശം വെക്കാവൂ. അർഹതയുള്ള യാത്രക്കാർ ഇലക്ട്രോണിക് ഗേറ്റുകൾ (E-gates) വഴി യാത്ര വേഗത്തിലാക്കണമെന്നും എയർപോർട്ട് അതോറിറ്റി അഭ്യർത്ഥിച്ചു.











