
ദോഹ: അന്തരിച്ച മുൻ അമീർ 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനെത്തിയ വിശിഷ്ടാതിഥികളെയും ജനങ്ങളെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നേരിട്ട് സ്വീകരിച്ചു. ലുസൈൽ കൊട്ടാരത്തിൽ വെച്ചായിരുന്നു ഔദ്യോഗിക അനുശോചന ചടങ്ങുകൾ നടന്നത്.
രാജ്യത്തിന്റെ പ്രിയ നേതാവിന്റെ വേർപാടിൽ അനുശോചനവും ആഴമേറിയ ദുഃഖവും രേഖപ്പെടുത്താൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകളാണ് കൊട്ടാരത്തിലേക്ക് എത്തിയത്. പരേതനായ നേതാവിന്റെ ആത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് പ്രമുഖർ മടങ്ങിയത്.രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഖത്തറിലെ സ്വദേശി പ്രമുഖർ, സാധാരണക്കാരായ സ്വദേശി പൗരന്മാർ എന്നിവരടക്കം വൻ ജനപ്രവാഹമാണ് ലുസൈൽ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയത്.
ഇവർക്ക് പുറമേ, ഖത്തറിലെ വിവിധ വിദേശ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും (Diplomatic Corps) കൊട്ടാരത്തിലെത്തി ഫാദർ അമീറിന് ആദരവർപ്പിക്കുകയും ഖത്തർ ഭരണകൂടത്തെയും ജനങ്ങളെയും തങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്തു. രാജ്യത്തിന് വലിയ വികസനക്കുതിപ്പ് സമ്മാനിച്ച ഒരു യുഗപുരുഷനാണ് ഫാദർ അമീറിന്റെ വിയോഗത്തോടെ വിടവാങ്ങിയതെന്ന് അനുശോചന സന്ദേശങ്ങളിൽ പ്രമുഖർ ഓർമ്മിപ്പിച്ചു.











