
ഈ വർഷത്തെ വിഷുഫലം പൊതുവിൽ എല്ലാ കൂറുകാർക്കും വളരെ ഗുണകരമാണ്. ജൂൺ മാസത്തോടെ വ്യാഴം ഉച്ചനായി മാറുന്നതോടെ കഴിഞ്ഞ കുറേക്കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാർ ദൈവാനുഗ്രഹത്താൽ ശുഭപ്രതീക്ഷകൾക്ക് അവസരം വരുന്നു. വ്യാഴം അനിഷ്ടസ്ഥാനത്ത് വരുന്നവർക്ക് കൂടി ഉച്ചനാകയാൽ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യുകയില്ല എന്നതാണ് ആശ്വാസം.
വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
കടബാധ്യതകൾ കുറയും. കുടുംബസ്വത്ത് കൈവരാം. മാതൃഗുണം. പരിശ്രമശാലികൾക്ക് പരീക്ഷാവിജയം. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർക്ക് വേണ്ടപോലെ പ്രവർത്തിച്ച് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. അപഖ്യാതിക്ക് ഇടവരുമെങ്കിലും ദൈവകൃപയാൽ ദോഷമില്ല. ഉദ്യോഗത്തിൽ ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നാളെ ഫലം തരും. കുടുംബപ്രശ്‌നങ്ങളെ നയപരമായി പരിഹരിക്കണം. സാമൂഹ്യപ്രവർത്തകർ കൂടെനിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം. ദൈവികപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കണം. പഠനത്തിൽ കഠിനാദ്ധ്വാനം വേണം. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പലതരം പ്രശ്‌നങ്ങൾ വരാം. അർഹതപ്പെട്ട ധനം കിട്ടാതെ വരാം. ബന്ധുവിരോധം, ശിക്ഷണനടപടികൾ, അപവാദം മുതലായ ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയാൻ ദൈവാധീനം വർദ്ധിപ്പിക്കുക.
പരിഹാരാർത്ഥം ശനി, വ്യാഴപ്രീതികർമ്മങ്ങൾ, കാക്കയ്ക്ക് ഭക്ഷണം, ഹനുമാൻ ചാലിസ പാരായണം.
ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ജൂൺ മുതൽ ധന ഇടപാടുകളിൽ ജാഗ്രത. സന്താനങ്ങളെ നിരീക്ഷിക്കുക. തറവാട്ടുസ്വത്തിൽ തർക്കം വരാം. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് പഴിവാങ്ങരുത്. ആരോഗ്യപരമായി നല്ല കാലം. കലാകാരന്മാർക്കും സാമൂഹ്യപ്രവർത്തകർക്കും വ്യക്തിപരമായി ചില നേട്ടങ്ങൾ. കുടുംബ അഭിവൃദ്ധി. ഒപ്പം ദമ്പതികൾക്കിടയിൽ അകൽച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂല സമയം. കായികം, നിയമം, സൈന്യം, പോലീസ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകാലം. ഭരണരംഗത്ത് വർത്തിക്കുന്നവർക്ക് അഭിപ്രായ ഭിന്നത, ടെൻഷൻ. വിദേശത്തുള്ളവർക്ക് അഭിവൃദ്ധികൊണ്ട് അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങൾ. ധനകാര്യം സമ്പന്നമായിരിക്കും. വിദേശവിഷയത്തിൽ വളരെ പെട്ടെന്നുള്ള സാധ്യതകൾ കാണുന്നു. ഇതരതൊഴിൽരംഗത്തും അഭിമാനാർഹമായ അഭിവൃദ്ധി നേടും. പ്രണയത്തിൽ ആദ്യപകുതിക്കുശേഷം സ്വൽപ്പം അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ അനുഭവപ്പെടും. ഈശ്വരാധീനത്താൽ കുടുംബപ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും.
പരിഹാരാർത്ഥം വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് നിവേദ്യം, ഗുരുതുല്യർക്കും വൃദ്ധർക്കും അന്നം നൽകണം. ദേവിക്ക് കടുംപായസം.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
മാറ്റത്തിന്റെ സുവർണ്ണകാലം. കഴിഞ്ഞ കാലദുഃഖദുരിതങ്ങൾ ശമിക്കുന്നു. കടബാധ്യത തീരാൻ വഴിതെളിയും. ഇന്നലെ തള്ളിപ്പറഞ്ഞവർ തേടിവരും. സൗഹൃദങ്ങളിൽ അതീവജാഗ്രത വേണം. ജോലിയിൽ അനുഭവിച്ചുവരുന്ന കഷ്ടത നീങ്ങും. ശത്രുദോഷങ്ങൾക്ക് ശമനം വരും. പുതിയജോലി തേടുന്നവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തൊഴിൽ, സാമ്പത്തികരംഗം ഇവ മെച്ചപ്പെട്ടുവരാം. വിവാഹം, സർക്കാർ ജോലി ഇവ പ്രതീക്ഷിക്കുന്നവർക്ക് അവ ലഭിക്കുകയും പല പ്രകാരത്തിലുള്ള സാമ്പത്തിക ഉന്നതിക്കുവേണ്ടിയുള്ള ശ്രമം ഫലവത്തായിത്തീരുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഊർജ്ജസ്വലതയോടുകൂടി പ്രവർത്തിച്ച് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന സമയമാണ്. വിദേശയോഗം, ബിസിനസ്സിൽ ഗുണകരമായ മാറ്റങ്ങൾ. വീടുപണി തുടങ്ങാൻ കഴിയും. സാമൂഹ്യ- കലാ-സാഹിത്യരംഗത്തുള്ളവർക്ക് അപ്രതീക്ഷിത സ്ഥാനലബ്ധി, പുതിയ അവസരങ്ങൾ.
പരിഹാരാർത്ഥം ശാസ്താവിന് എള്ളുപായസം, ദേവിക്ക് കുങ്കുമാർച്ചന. ശിവന് ജലധാര, പിൻവിളക്ക്.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഭാവിയിലേക്ക് വേണ്ടുന്ന പദ്ധതികൾ തുടങ്ങിവയ്ക്കാം. മംഗല്യഭാഗ്യം. വിദേശഗുണം. ആരോഗ്യപ്രശ്‌നങ്ങൾ മാറും. മനഃക്ലേശങ്ങൾക്ക് പോംവഴി കണ്ടെത്തും. കടബാധ്യതകൾ കുറയും. പുതിയ ജോലി സാധ്യത. ജോലിയിൽ ഗുണകരമായ മാറ്റം. വിദ്യാർത്ഥികൾ കാര്യങ്ങളോട് വിമുഖത കാണിക്കും. അൽപ്പം മടിയും ഉണ്ടാകാം. പ്രാർത്ഥനകൾ ഫലിക്കും. സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും കലാകാരന്മാർക്കും സംയമനത്തോടെ കഴിഞ്ഞാൽ കാര്യങ്ങൾ ഏകദേശം ഗുണകരമായി മാറും. പുതിയ അവസരങ്ങൾക്ക് വഴിതെളിയും. കുടുംബത്തിൽ ക്ഷമ ശീലിക്കുക. സഹായികളുടെ വിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ കഴിയും. ബിസിനസ്സിൽ വളർച്ചയ്ക്ക് ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചുചെയ്യുക. മോശം കൂട്ടുകെട്ടുകളിൽ ജാഗ്രത. സന്താനങ്ങളെ നന്നായി ശ്രദ്ധിക്കുക. വാക്കുകളിൽ നിയന്ത്രണം വേണം. എല്ലാരുമായും രമ്യതയിൽ കഴിയണം.
പരിഹാരാർത്ഥം ദേവീപ്രീതി, ഗണപതിഹോമം, സുബ്രഹ്മണ്യന് പഞ്ചാമൃതം. വിഷ്ണു സഹസ്രനാമജപം.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ധനപരമായ ഇടപാടുകളിൽ ജാഗ്രത വേണം. പഴയകാല സുഹൃത്തുക്കളെ ആകസ്മികമായി കണ്ടുമുട്ടും. ലഭിക്കാവുന്ന സർക്കാർ സഹായങ്ങൾക്ക് തടസ്സം. ജോലിലഭ്യതയും വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടക്കാനും സാധിക്കും. കച്ചവടം തുടങ്ങാനുള്ള വഴിതെളിയും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. മധ്യസ്ഥത, ജാമ്യം, കടബാധ്യത ഇവയിൽ ചെന്നുപെടരുത്. ആരോഗ്യപരമായും തൊഴിൽ, കുടുംബം ഇവയെല്ലാം ഊർജ്ജസ്വലതയോടുകൂടി കാണപ്പെടും. കർമ്മരംഗം ഉന്നതിയെ പ്രാപിച്ച് പല ഇടപാടുകളും നടത്തപ്പെടും. ഭാവിയെ കരുതിയുള്ള ആശങ്ക വേണ്ട. രാഷ്ട്രീയ സാമൂഹ്യ- കലാരംഗത്തുള്ളവർ പേരുദോഷം വരാതെ ശ്രദ്ധിക്കുക. ഭാവിക്കുവേണ്ടി പ്രവർത്തിക്കും. കൃഷിയിൽ അഭിവൃദ്ധി ഉണ്ടാകും. ഊഹക്കച്ചവടം ചെയ്യുന്നവർക്കും ഉന്നതി ഉണ്ടാകും. ജൂണിനുശേഷം ധനവരവിൽ അൽപ്പം കുറവുവരും. ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നവർ വളരെ കരുതലോടെയിരിക്കണം.
പരിഹാരാർത്ഥം വിഷ്ണുവിന്റെ അവതാരമൂർത്തിക്ഷേത്രങ്ങളിൽ ഭാഗ്യസൂക്താർച്ചന. ഹനുമാൻസ്വാമിക്ക് വടമാല, ശാസ്താവിന് എള്ളുപായസം, കാക്കയ്ക്ക് ഭക്ഷണം നൽകുക. ചാമുണ്ഡി അല്ലെങ്കിൽ ഭദ്രകാളിക്ക് കടുംപായസം, ശിവന് ജലധാര, പിൻവിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ഗണപതിഹോമം.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
അപ്രതീക്ഷിത ധനലാഭം. ബിസിനസ്സിൽ ഗുണകരമായ മാറ്റങ്ങൾ. അപ്രതീക്ഷിത മനോവിഷമങ്ങൾ അലട്ടും. പ്രണയിനിയുമായി പിണങ്ങാതെ നോക്കണം. പുതിയ ജോലി, പഠനവിജയം, മംഗല്യഭാഗ്യം. നിലവിലുള്ള കർമ്മഗുണങ്ങൾ. ധനലഭ്യത കണ്ടുതുടങ്ങും. രാഷ്ട്രീയ സാമൂഹ്യ-കലാരംഗത്ത് ഉയർച്ചയും പല വിധേന സാമ്പത്തികവളർച്ച കൈവരിക്കും. കുടുംബവിഷയങ്ങൾ സാധൂകരിക്കപ്പെടുകയും ചെയ്യും. സന്താനങ്ങൾക്ക് ആഗ്രഹിച്ചിരുന്ന ജോലി. സർക്കാർ ഗുണലഭ്യതയും ഉണ്ടാകും. ഗൃഹനിർമ്മാണം സാധിക്കും.
പരിഹാരാർത്ഥം ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യന് പനിനീരഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന.
തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അപ്രതീക്ഷിത തിരിച്ചടികൾ കരുതിയിരിക്കുക. ധനഭാഗ്യാനുഭവങ്ങൾ വന്നുചേരും. ഉദ്യോഗം, വിദ്യ കർമ്മം, ബിസിനസ്സ് ഇവയിൽ പരീക്ഷണകാലം. വിദേശവാസത്തിന് യോഗം. ബന്ധങ്ങൾ വിപുലീകരിക്കാനും നേട്ടത്തിനും ഗുണകാലം. കരാറുകൾ, ഭൂമി ഇടപാടുകൾ ഇവയ്ക്കും അനുകൂലം. ജൂണിനുശേഷം എല്ലാ കാര്യങ്ങളിലും മന്ദത വരാം. കലാരംഗത്ത് വിചാരിക്കുന്നപോലെ അവസരം വരില്ല. ഭാഗ്യാവസരങ്ങൾ അടുത്തെത്തുമെങ്കിലും നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത പാടില്ല. അനാരോഗ്യ പ്രവണത, അനാവശ്യസൗഹൃദം ഒഴിവാക്കിക്കോളൂ. കർമ്മപുരോഗതിക്കായി കഠിനമായി ശ്രമിക്കണം. നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തുക.
പരിഹാരാർത്ഥം സുബ്രഹ്മണ്യപ്രീതി, ശാസ്താവിന് നെയ് ദീപം, ഹനുമാൻ ചാലിസ ജപം, ദേവിക്ക് കടുംപായസം.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ജൂൺ മുതൽ ധനനേട്ടം, കടങ്ങൾ മാറിവരും. രാഷ്ട്രീയ സാമൂഹ്യ-കലാപ്രവർത്തകർ ചെറിയ സംഘർഷങ്ങളെ അഭിമുഖീകരിക്കും. ജോലിയിലും ബിസിനസ്സിലും സമ്മർദ്ദങ്ങളെ അതിജീവിക്കണം. വരവിനേക്കാൾ ചെലവ് നിയന്ത്രിക്കണം. ശത്രുക്കളെ സൂക്ഷിച്ചുവേണം നീങ്ങാൻ. വർഷപകുതിക്ക് ശേഷം പ്രായേണ കാര്യങ്ങൾ വരുതിക്കുള്ളിൽ വരും. വഞ്ചകരെ തിരിച്ചറിയാൻ സാധിക്കും. ലോൺ, സർക്കാർ കാര്യങ്ങൾ ഇവയിൽ സമയാനുകൂല്യാവസ്ഥ അനുഭവവേദ്യമാകുന്നതാണ്. പഠനമാന്ദ്യം അനുഭവപ്പെടും. നിയമനങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക് അവസരം ഉണ്ടാകാം. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നുചേരും. മംഗല്യ യോഗം, പ്രണയം പൂവണിയും, ജോലിയിൽ ഉയർച്ചയും ഗൃഹം സ്വന്തമാക്കാനും കഴിയും. തടസ്സപ്പെട്ട് കിടന്ന വിദേശയാത്ര സഫലീകൃതമാവും.
പരിഹാരാർത്ഥം ഗണപതി, ചാമുണ്ഡിപ്രീതി, നവാക്ഷരി മന്ത്രജപം.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
അപ്രതീക്ഷിത ധനനഷ്ട സാധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികൾ ഉടൻ വേണ്ട. കലാ-സാമൂഹ്യ-രാഷ്ട്രീയരംഗത്ത് ഗുണാധിക്യ സമയമാകുന്നു. ആഗ്രഹത്തിനൊത്ത് ഏകദേശം ചലിക്കാൻ സാധിക്കും. വിവാഹം, വാഹനം ഉപരിപഠനം ഇവയിൽ കാലതാമസം. ഭവനസ്വപ്നം സാധൂകരിക്കപ്പെടും. പ്രണയസാഫല്യം, തൊഴിൽരംഗത്ത് നല്ല രീതിയിൽ പുരോഗതിയുണ്ടാകുമെങ്കിലും പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാവാൻ സാധ്യത. സൗഹൃദങ്ങളിൽ അമിതമായ വിശ്വാസം വേണ്ട. ആഡംബര ഭ്രമം ഉപേക്ഷിക്കണം. ആത്മീയത വർദ്ധിപ്പിക്കുക. ബുദ്ധികൊണ്ട് ഈ സമയത്തെ അതിജീവിച്ചാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവാതെ വർത്തിക്കാൻ കഴിയും.
പരിഹാരാർത്ഥം വിഷ്ണുപ്രീതി. ഗുരുതുല്യർക്ക് ഇഷ്ടഭക്ഷണം. ദാനധർമ്മം. രാമായണം സുന്ദരകാണ്ഡപാരായണം.
മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
കിട്ടില്ലെന്ന് എഴുതിത്തള്ളിയ ധനഭാഗ്യം തേടിവരും. അപ്രതീക്ഷിത സ്ഥാനലബ്ധി. ജീവിതത്തിൽ ഏകദേശം അനുഗൃഹീതമായ അവസ്ഥകൾ സൃഷ്ടിക്കപ്പെടും. സ്വപ്നപദ്ധതികൾക്ക് വളരെ നല്ല സമയമായിരിക്കും. ഇന്നലെകളിൽ തനിക്ക് അബദ്ധമായി എന്നുതോന്നിയ കാര്യങ്ങളിൽ മാറി ചിന്തിക്കണം. വിദേശയാത്ര അനുകൂലം. പല ഗുണങ്ങളും സാമ്പത്തിക അഭിവൃദ്ധിയും കുടുംബ ഉന്നതിയും ആഗ്രഹാനുസരണമുള്ള വിവാഹം. വിദേശപഠനം, കൃഷിയിൽ ഉന്നതി, നടക്കാൻ സാധിക്കാത്ത കാര്യങ്ങളുടെ സാക്ഷാത്കാരം. അപ്രതീക്ഷിതമായ സുഹൃത്‌സമാഗമം. യാത്രയിൽ സാമ്പത്തികനേട്ടം. ജോലിമാറ്റത്തിലൂടെ ഉന്നതി.
പരിഹാരാർത്ഥം ഗണപതി, ദേവിപ്രീതി, ലളിതാസഹസ്ര നാമാർച്ചന, തിരുവല്ല വല്ലഭ ഭഗവാന് കേശാദിമാല. സുബ്രഹ്മണ്യന് പഞ്ചാമൃതം.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
മാറ്റത്തിന്റെ പെരുമഴക്കാലം. ധനനേട്ടത്തിന് അവസരമൊരുങ്ങും. സാമൂഹ്യ-കലാ-രാഷ്ട്രീയക്കാർക്ക് വളരെ ഗുണപ്രദമായിരിക്കും. തൊഴിൽ രംഗത്ത് പ്രതീക്ഷയ്‌ക്കൊത്ത് വളർച്ച നേടാൻ സാധിക്കും. പുതിയ ജോലി സാദ്ധ്യത തെളിയും. വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. പഠനകാര്യങ്ങളിൽ ജാഗ്രത വേണം. സൗഹൃദങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലരംഗത്തും വിജയപ്രതീക്ഷകൾ ഉണ്ടാകുമെങ്കിലും ശത്രുക്കളെ കരുതിയിരിക്കുക. വ്യക്തിപരമായ ഇടപാടുകളിൽ രഹസ്യം സൂക്ഷിക്കണം. സാമൂഹ്യപ്രവർത്തകർക്ക് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. പ്രശ്‌നങ്ങളെ നയപരമായി പരിഹരിക്കണം. ദൈവികപ്രീതികർമ്മങ്ങൾ അനുഷ്ഠിക്കണം.
പരിഹാരാർത്ഥം ഹനുമാൻസ്വാമിക്ക് അവൽ, ശാസ്താവിന് പാനകം, വിഷ്ണുവിന് സുദർശനാർച്ചന, ഗണപതിഹോമം, നവാക്ഷരി മന്ത്രജപം.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
കഷ്ടകാലം ഒഴിയുന്നു. കടബാധ്യതകൾ കുറയും. കുടുംബസ്വസ്ഥത കൈവരും. രാഷ്ട്രീയ സാമൂഹ്യ കലാകാരന്മാർ അനുഭവിച്ചുവരുന്ന വൈഷമ്യങ്ങൾ അകലും. ബിസിനസ്സിൽ മാറ്റങ്ങൾക്ക് ഏറ്റവും അനുകൂല സമയം. ഇടപാടുകളിൽ സംയമനം പാലിച്ചില്ലെങ്കിൽ ശത്രുക്കളെ സൃഷ്ടിക്കപ്പെടും. ഉചിതമായ വിവാഹലബ്ധി, പ്രണയസാഫല്യം, സൽസന്താനഭാഗ്യം, ഉപരിപഠനവിജയം, സന്താനങ്ങൾക്ക് ഉയർച്ച, ഗൃഹനിർമ്മാണം. ഭൂമി ഇടപാടിൽ ഗുണം. കുടുംബവസ്തുവകകൾ കൈവശം വന്നുചേരും. വിദേശയോഗത്താൽ എല്ലാവിധത്തിലുള്ള ഐശ്വര്യലബ്ധിയും ഉണ്ടാകുന്നതാണ്.
പരിഹാരാർത്ഥം ശാസ്താവ്, ഹനുമാൻസ്വാമി, നരസിംഹസ്വാമി, ദുർഗ്ഗാദേവീപ്രീതി വേണം. കാക്കയ്ക്ക് ഭക്ഷണംനൽകുക.















