09:34pm 29 May 2026
NEWS

പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ

29/05/2026  06:30 AM IST
nila
  പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ

ലണ്ടൻ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറ്റപ്പെടുത്തി. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രതിഷേധപ്രസ്താവന പുറത്തുവിട്ടത്. ഇഡിയുടെ ഡൽഹി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയേയും പാർട്ടി അപലപിച്ചു.

വലതുപക്ഷ ഭരണകൂടങ്ങൾ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധങ്ങളാക്കി മാറ്റുന്ന സാഹചര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുകയാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്കൊപ്പം ചെക്ക് റിപ്പബ്ലിക്, ജോർദാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളെയും ഉദാഹരണമായി പരാമർശിച്ചു.

സംഘടനാ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരായ ഇത്തരം നടപടികളെ ചെറുക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും സിപിഎമ്മിനോടും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ വലിയ ത്യാഗങ്ങൾ സഹിച്ചിരുന്നുവെന്നും, ഇപ്പോൾ നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും നടത്തുന്ന സമരങ്ങൾക്ക് സിപിഎം ഒപ്പമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img